മൂന്നാർ യാത്ര, ജീപ്പ് ബുക്ക് ചെയ്യാതിരുന്ന ഞങ്ങൾ തേഞ്ഞൊട്ടി! കൊളുക്കുമലയിലെ സൂര്യോദയം... സ്വാഹ

Mail This Article
സമുദ്രനിരപ്പിൽ നിന്നും 8,000 അടി ഉയരത്തിൽ കൊളുക്കു മലയുടെ നെറുകയിലെ മേഘക്കീറുകൾക്കിടയിൽ നിന്നും ഒരു സൂര്യോദയം കാണൽ..... അതായിരുന്നു ഞങ്ങളുടെ മൂന്നാർ യാത്രയുടെ ഉദ്ദേശ്യം. അതിർത്തിക്കപ്പുറത്ത് തേനി ജില്ലയിൽപ്പെട്ട ചെങ്കുത്തായ സിങ്കപ്പാറ എന്ന സഹ്യവിസ്മയത്തിൽ ഉദയസൂര്യൻ വൈരം പതിപ്പിക്കുന്നത് വിറയ്ക്കുന്ന തണുപ്പിന്റെ അകമ്പടിയോടെ കാണണം. പടുകൂറ്റൻ പാറയിൽ പ്രകൃതിയൊരുക്കിയ ഒരു സിംഹത്തലയാണ് സിങ്കപ്പാറ! വായതുറന്ന സിംഹത്തിന്റെ ദംഷ്ട്രകൾക്കിടയിൽ ഉദയ സൂര്യൻ ഞെരിഞ്ഞ് അമരുന്ന കാഴ്ച.... പുലർച്ചെ മൂന്നരമണിക്ക് സൂര്യനെല്ലിയിലെത്തി 13 കി. മീറ്റർ ഓഫ് റോഡ് റെെഡിന് ജീപ്പ് പിടിക്കണം. പക്ഷേ, നിർഭാഗ്യമെന്നു പറയട്ടെ, രണ്ടാം ശനിയും ഞായറും കുറച്ചൊന്നുമല്ല സഞ്ചാരികളെ അവിടെക്കൊണ്ടു മറിച്ചത്, നേരത്തെ ജീപ്പ് ബുക്ക് ചെയ്യാതിരുന്ന ഞങ്ങൾ തേഞ്ഞൊട്ടി! സാമാന്യം ഭേദപ്പെട്ട നിലയിൽ തമിഴ് - മലയാളി ഡ്രൈവർമാരുടെ കാലുപിടിച്ച് നോക്കിയെങ്കിലും ഈ അവധി ദിവസങ്ങളിൽ ബുക്ക് ചെയ്യാതെ വന്നതിൽ അവർ ഞങ്ങളോട് സഹതപിക്കുക മാത്രം ചെയ്തു! സിംഹത്തിന്റെ വായിലൂടെയുള്ള സൂര്യോദയം കാണൽ അങ്ങനെ സ്വാഹ!
ആ പുലർച്ചെത്തന്നെ സൂര്യനെല്ലിയിൽ നിന്നും മറയൂരിലെ ഹോം സ്റ്റേയിലേയ്ക്കായി പിന്നത്തെ യാത്ര. കാഴ്ചകളുടെ പുലർച്ചയിലേയ്ക്ക് കണ്ണുകൾ തുറന്നതോടെ ഉറക്കമില്ലാത്ത നീണ്ട യാത്രയുടെ ആലസ്യമൊക്കെ എങ്ങോ പോയി. ആകാശം തൊടാൻ മത്സരിക്കുന്ന മലനിരകൾക്കു മീതേ പഞ്ഞിക്കെട്ടുകൾ കണക്കെ മഞ്ഞിന്റെ തലപ്പാവ്. ഒഴുകിപ്പരക്കുന്ന സൂര്യകിരണങ്ങൾ തേയിലത്തോട്ടങ്ങളെ സൗവർണ്ണമാക്കിയിരുന്നു. പരന്ന തേയിലത്തോട്ടങ്ങളിൽ കൊളുന്തുനുള്ളുന്ന തൊഴിലാളികൾ. (ഇന്ന് നുള്ളലല്ല, കത്രികയിലുള്ള വെട്ടലാണ്!) ദൂരെ മലനിരകളിൽ അവിടവിടെ ഊർന്നു വീഴുന്ന വെള്ളിയരഞ്ഞാണങ്ങൾ പോലെ നീർച്ചാലുകൾ. വെയിൽവെട്ടം പരന്നുവീണപ്പോഴും അരിച്ചിറങ്ങുന്ന തണുപ്പിൽ താടി കിടുകിടുക്കുകയാണ്.

പ്രഭാത ഭക്ഷണത്തിനുള്ള സമയമായപ്പോൾ പാചകത്തിനുള്ള സകല സാമഗ്രികളും ഉണ്ടായിരുന്ന ഞങ്ങൾ തേയിലക്കാടിനിടയിലൂടെ ഒഴുകി വരുന്ന ഒരു തോടിന്റെ കരയിൽ അടുപ്പ് ഒരുക്കി. നിമിഷങ്ങൾ കൊണ്ട് കപ്പ പുഴുങ്ങി, മുമ്പ് തയാറാക്കിയിരുന്ന ചിക്കൻ കറിയെ ഒന്നുകൂടി ഒന്ന് പരുവപ്പെടുത്തി... പ്രഭാത ഭക്ഷണം റെഡി. "ഇതുവരെ കഴിച്ചതിൽ ഏറ്റവും നല്ല ചിക്കൻ കറി!" ഒരു ചങ്ങാതിയുടെ പ്രഖ്യാപനം... പരീക്ഷിച്ചറിയാൻ ചാടിയൊരുമ്പെട്ട് മറ്റൊരു ചങ്ങാതി. തൊട്ടുനക്കി കറി രുചിച്ച ചങ്ങാതി തവി തിരികെയിട്ടതും പോക്കറ്റിന്ന് മൊബൈൽ തിളച്ച കറിയിലേയ്ക്ക് പ്ലിംഗ്!! ഏലൊ, ഏലോ... ഏലക്കന്റേലോ.......

∙ ആരാടാ ആ സ്വിച്ച് അവിടെ വച്ചേ??
വെയിൽ നട്ടുച്ചിയിലെങ്കിലും തണുപ്പ് വിട്ടൊഴിയുന്നില്ല. രണ്ടു നിലകളിലായുള്ള ഒരു വീട്ടിലായിരുന്നു താമസം. 20 പേർക്ക് വരെ സുഖമായി താമസിക്കാവുന്ന ആ ഹോം സ്റ്റേയിൽ ഞങ്ങൾ 9 പേർക്ക് ലാവിഷായി കഴിയാം. അടുക്കളയിൽ പാചകത്തിനുള്ള സകല സെറ്റപ്പും റെഡി. വാചകവും പാചകവുമായുള്ള രണ്ട് ദിവസം.... പാചകത്തിന് ചുക്കാൻ പിടിച്ച അനീഷിനെ സമ്മതിച്ചേ പറ്റു.

രാവിലെ മുഖ്യ പ്രഭാതകൃത്യത്തിനായി ഒരു ചങ്ങാതി ബാത്ത് റൂമിൽ കയറി. പിറകെ ഇതറിയാതെ മറ്റൊരു ചങ്ങാതി കുളിയ്ക്കാൻ ചൂടുവെള്ളം കിട്ടണമല്ലോന്നു കരുതി ബാത്ത് റൂമിന്റെ പുറത്തുള്ള ഹീറ്ററിന്റെ സ്വിച്ച് ഓണാക്കിയിട്ടു. വിസ്തരിച്ചുള്ള കൃത്യം പൂർത്തിയാക്കിയ ചങ്ങാതി ബക്കറ്റിൽ പിടിച്ച വെള്ളവുമായി ആ 'കൃത്യ'ത്തിന്റെ അവസാന നടപടയിലേയ്ക്ക് കടന്നു. ടാപ്പിൽ ചൂടുവെള്ളമാണ് വന്നതെന്നറിയാഞ്ഞ പാവം ചങ്ങാതി കോപ്പയിൽ കോരിയൊഴിച്ച വെള്ളം മൂന്നാറിന്റെ തണുപ്പിനെ നിർദ്ദയം ഭേദിച്ചു....... ഏലൊ, ഏലോ...... ഏലക്കെൻ്റേലോ......
∙ ഉരുളൻ കല്ലുകൾക്കു മീതേ ഒരു ജീപ്പ് റൈഡ്
അടിനാഭി കലങ്ങുക..... കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു, അതനുഭവിച്ചു! അത്യാവശ്യം കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളിലേയ്ക്കുള്ള റൈഡായിരുന്നു അത്. ആദ്യം തന്നെ മറയൂരിന്റെ ഉച്ചിയിലുള്ള പാറയ്ക്കു മുകളിലേയ്ക്കായിരുന്നു പോക്ക്. പാറയുടെ അടുത്ത് റോഡ് തീർന്നിടത്ത് ഡ്രൈവർ ജീപ്പ് സ്ലോ ചെയ്തപ്പോൾ, ഞങ്ങളെ ഇറക്കി നടത്താനാവുമെന്നാണ് കരുതിയത്. നിമിഷങ്ങൾ കൊണ്ടറിഞ്ഞു, ആ പഹയൻ ജീപ്പ് സ്ലോ ചെയ്തത് ഹനുമാൻ ഗീയർ ഇടാനായിരുന്നു! ഹീശ്വരാ..... അവിടുന്നൊരു കുതിയ്ക്കലായിരുന്നു ജീപ്പ് ... ഒരു തരി മണ്ണില്ലാത്ത, പാറപ്പുറത്ത്, കൂറ്റൻ ഉരുളൻ കരിങ്കല്ലുകൾക്കു മുകളിലൂടെ...... മദം പൊട്ടിയ കാട്ടുപോത്തിനെപ്പോലെ ഇടയ്ക്ക് മുക്ര ഇടുന്നുണ്ട് ജീപ്പ്. കുതിരപ്പുറത്തായിരുന്നോ... ട്രപ്പീസിലായിരുന്നോ, ഒന്നും തിട്ടമില്ലായിരുന്നു കുടലു പറിയുന്ന ആ യാത്രയിൽ. മുകളിലേക്ക് കയറുന്തോറും കാണാം, ഒരു വശത്തെ നെടും കൊല്ലി!! ഒരു കൂസലുമില്ലാത്ത ഡ്രൈവർ, ആ പഹയൻ കൊല്ലാനാണോ ഈ കൊണ്ടുപോകുന്നത്.... അടിനാഭിയിൽ നിന്നുയർന്ന ഒരാന്തൽ തലച്ചോറിൽ വന്നു ചിതറി!

∙ മറയൂരിലെ മുനിയറകൾ
കയറിച്ചെന്ന ഹെക്ടറുകളോളം പരന്ന പാറയ്ക്കു മുകളിൽ അവിടവിടെ ചില കല്ലടുക്കുകൾ, ചിലത് കമ്പിവേലിയിട്ട് സംരക്ഷിച്ചിട്ടുമുണ്ട്. മഹാശിലായുഗ സംസ്കാരത്തിന്റെ തിരുശേഷിപ്പുകളായ മുനിയറകളായിരുന്നു അവ. കാലം തെറ്റിച്ച അടുക്കുകൾക്കിടയിലൂടെ കാണുന്ന ആ അറകൾ. ഒട്ടൊന്നുമല്ല ഞങ്ങളെ അദ്ഭുതപ്പെടുത്തിയത്. മൗനത്തിന്റെ വാത്മീകം ഉറഞ്ഞ മുനിയറകളിൽ ചരിത്രം തർക്കിച്ചു തീർന്നിട്ടില്ല, മുനിമാരുടെ തപസിടങ്ങളായിരുന്നുവെന്ന് ഒരു പക്ഷം, അല്ല... മുനിമാരെ അടക്കം ചെയ്തിരുന്നിടം എന്ന് മറുപക്ഷം! ഒരാൾക്ക് മാത്രം നിൽക്കാനും കിടക്കാനും കഴിയുന്ന കല്ലറകൾക്കിടയിൽ മഹാമന്ത്രങ്ങളുടെ മൗനമോ നിർജ്ജീവതയുടെ നിശ്ചേഷ്ടതയോ അടക്കം കൊള്ളുന്നതെന്നറിയാതെ അമ്പരന്നു ഞങ്ങളും.
ആ പാറയുടെ നെറുകന്തലയിൽ നിന്നും അങ്ങ് താഴെയ്ക്കു നോക്കിയാൽ വരളാനൊരുങ്ങുന്ന പാമ്പാറും കോവിൽകടവും തെങ്കാശിനാഥൻ കോവിലും കാണാം. വന്ന വഴിയിലേക്കു നോക്കിയാലോ...... അള്ളിപ്പിടിച്ച് കയറി വരുന്ന ഏതോ കാട്ടുജീവികളെപ്പോലെ സഞ്ചാരികളെ കുത്തി നിറച്ച് മദിച്ച്തുള്ളി വരുന്ന ജീപ്പിൻകൂട്ടങ്ങളെ കാണാം. ഒടുവിൽ മലയിറക്കമോ മുമ്പത്തേതിന്റെ ബാക്കി..... ഏലൊ, ഏലോ...... ഏലക്കെന്റേലോ......
പിന്നീട് ചന്ദനക്കാടിനു നടുവിലൂടെ ചന്ദന ഗന്ധവും പേറിയൊരു പ്രദക്ഷിണം. മെയിൻ റോഡിലൂടെ വരുമ്പോൾ നിരനിരയായി നിൽക്കുന്നത് കണ്ടറിയാം എന്നാണെങ്കിൽ ഈ യാത്ര ഇടതൂർന്ന ചന്ദനമരങ്ങളെ തൊട്ടറിഞ്ഞായിരുന്നു. സ്ട്രോബെറി തോട്ടങ്ങളും മറയൂർ ശർക്കരയുടെ ഉത്പാദനവും കണ്ട് ഒരു വെള്ളച്ചാട്ടത്തിനടുത്താണ് റൈഡ് എത്തി നിന്നത്. വഴി എന്ന് പറയാനാവുമോ എന്നു പോലും അറിയാത്ത കാട്ടിടങ്ങളിലൂടെ അവിടെ എത്തിയ സാഹസികത ഓർക്കുമ്പോൾ തലപെരുക്കുന്നു. പാറയ്ക്കു മുകളിൽ നിന്നും ചിതറി വീഴുന്ന, ഐസു തോൽക്കുന്ന ആ തണുത്ത വെള്ളത്തിൽ അർമാദിച്ചൊരു മുങ്ങിക്കുളി.... ആ കുളിക്ക് ക്യാപ്റ്റൻ സുരേഷണ്ണനായിരുന്നു ലീഡ്!
പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ ഒളിക്കാൻ നോക്കിയിരിക്കുകയായിരുന്നു കോടമഞ്ഞ് കുന്നിറങ്ങാൻ. മഞ്ഞിൻ കമ്പളം വലിച്ചുമാറ്റിയാണ് 'ഭ്രമരം' ഷൂട്ടിങ് ലൊക്കേഷനിലേക്കു പോകാനായത്. മരത്തിനു മുകളിലെ ഏറുമാടങ്ങളും വരച്ചിട്ട ചിത്രം കണക്കെയുള്ള പ്രകൃതി ഭംഗിയുമായിരുന്നു പ്രധാന ആകർഷണീയത. കണ്ടുമടുക്കാത്ത കാഴ്ചകളിലേക്കു വീണിറങ്ങിയ ഇരുളിനെ ശപിച്ച് ഞങ്ങൾ ആ ഓട്ടപ്രദക്ഷിണം മതിയാക്കുമ്പോൾ ഊറിച്ചിരിച്ചുള്ള കണ്ണുപൊത്തിക്കളി തുടങ്ങിയിരുന്നു മുകളിൽ നിലാവ്.
രാവേറെച്ചെന്നിട്ടും ഉറക്കമില്ലാത്ത വിശേഷം പറച്ചിലുകളുടേതായിരുന്നു ആ അത്താഴകാലം. മീനും ചിക്കനും മുട്ടയുമൊക്കെ പടുപടാന്നായിരുന്നു പൊരിച്ചു തട്ടിയത്. മരം കോച്ചുന്ന തണുപ്പിനേയും വെല്ലാൻ പോന്ന ചൂടൻ ഐറ്റങ്ങൾ ഒന്നൊന്നായി നിറഞ്ഞൊഴിഞ്ഞപ്പോഴേയ്ക്കും തണുപ്പൊക്കെ പമ്പകടന്നു! ഒന്നു നടന്നിട്ടു വരാം - ക്യാപ്റ്റന്റെ നിർദ്ദേശം കേൾക്കേണ്ട താമസം - "വാ പോയേക്കാം" അണികൾക്കുണ്ടോ ആവേശത്തിനു കുറവ്! 2 ഡിഗ്രിയിലെത്തിയ തണുപ്പോ പതിനൊന്നര എന്ന സമയമോ, ആർക്ക് എന്ത് ബുദ്ധിമുട്ടാകാൻ! ആ നട്ടപ്പാതിരായ്ക്ക് പൊഴിയുന്ന മഞ്ഞിലൂടെ 3 കിലോ മീറ്ററിനപ്പുറത്തെ മറയൂർ ടൗണിലേയ്ക്ക് കാൽ നടയായങ്ങ് വച്ചുപിടിച്ചു.
6 മണിക്ക് എണീറ്റ് റെഡിയായി ഏഴരയ്ക്ക് യാത്ര തുടരണമെന്ന തീരുമാനവുമായാണ് പാതിരാക്കോഴി കൂവുന്നതും കേട്ട് ഞങ്ങൾ കിടന്നത്. എന്തായാലും തീരുമാമൊക്കെ അവിടെക്കിടന്നു, എല്ലാവരും പൊങ്ങിയത് അതിരാവിലെ 9 മണിക്കാണ്!! വീണ്ടും വാചകത്തിന്റെ അകമ്പടിയിൽ പാചകം.... ചുട്ടിടുന്ന ചപ്പാത്തികളും പുഴുങ്ങി വെച്ച മുട്ടകളും എതുവഴി പോകുന്നുവെന്ന് അറിഞ്ഞില്ല, സാമ്പാറിൽ ശേഷിച്ചത് കറിവേപ്പില മാത്രമായിരുന്നു!
മടക്കയാത്ര മൂന്നാർ ടൗണിൽ എത്തുമ്പോൾ സഞ്ചാരികൾ കയ്യടക്കിക്കഴിഞ്ഞ പാതകളും ഷോപ്പുകളും ആണ് കാണാനായത്. തിരക്കുകളിൽ അലിഞ്ഞു നീങ്ങുന്ന അൽപ വസ്ത്രധാരികളായ ഓസ്ട്രിയൻ, ബ്രിട്ടീഷ്, സ്പാനിഷ്.... സൗന്ദര്യങ്ങൾ, കിടപിടിയ്ക്കാൻ പോന്ന നോർത്തിന്ത്യൻ താരുണ്യങ്ങൾ.... കാഴ്ചകളിങ്ങനെ നിരന്നു നീങ്ങുമ്പോൾ കണ്ണെടുക്കാനാവാതെ നിന്നുപോയതെത്ര നേരം! പല പല ഗ്രൂപ്പുകളിലായി സഞ്ചാരികളിങ്ങനെ ഒഴുകി നീങ്ങുമ്പോൾ പ്രകൃതിക്കു മാത്രമല്ല അവിടെ ഭംഗിയുള്ളതെന്നും ഞങ്ങൾ തിരിച്ചറിഞ്ഞു.
∙ പ്രണയ ഗീതങ്ങളെക്കൂട്ടി മടക്കം
ആട്ടവും പാട്ടും ഏറെക്കുറെ തളർത്തിക്കഴിഞ്ഞപ്പോഴാണ് അത് തോന്നിയത് - ഇനി പ്രണയഗാനങ്ങൾ മതി! ഗ്യാപ്പ് റോഡിലെ കാഴ്ചകളേയും കടന്ന് തണുപ്പിന് കനമേറാൻ തുടങ്ങുന്ന രാത്രിയിൽ പ്രിജിയുടേതായിരുന്നു ഐഡിയ. ചങ്ങാതിയുടെ ശേഖരങ്ങൾ ഒന്നൊന്നായി വാഹനത്തിലെ മ്യൂസിക് സിസ്റ്റം കേൾപ്പിക്കാൻ തുടങ്ങിയതോടെ മടക്കയാത്ര അക്ഷരാർഥത്തിൽ ആർദ്ര ഭൂതകാലത്തിന്റെ തൊടിയിലേയ്ക്കായി. "ഞാനെഴുതിയ വരികൾക്കൊക്കെ നീയെന്തിനീണം നൽകി..." ഓർമകളിൽ പ്രണയത്തിന്റെ മയിൽപ്പീലിത്തുണ്ടുകൾ പെറ്റുപെരുകി. "മുടിപ്പൂക്കൾ വാടിയാലെന്തോമനേ നിന്റെ ചിരിപ്പൂക്കൾ വാടരുതെന്നോമനേ..." കേൾവികളിൽ സംഗീതം, ഓർമകളിൽ സൗരഭ്യം... "അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ, ഒരു മാത്ര വെറുതെ നിനച്ചുപോയി..." അടച്ച കണ്ണുകളിൽ മറന്ന കാഴ്ചകൾ തിരക്കു കൂട്ടുന്നു...... പുറത്ത് ചില്ലുജാലകത്തിൽ തണുപ്പ് നനവണിഞ്ഞ് തുള്ളിപ്പെട്ട് ഒഴുകാൻ തുടങ്ങുമ്പോൾ അകത്ത് എങ്ങോ മറന്ന ഭൂതകാലത്തിന്റെ പിൻവിളി. ചഷകങ്ങൾ പിന്നെയും നിറഞ്ഞു, വിരലുകൾ ഉപദംശങ്ങൾക്കായി പരതി...

തുടരുകയാണ് യാത്ര...... സൗഹൃദത്തിന്റെ കണ്ണി കോർത്ത്, പിന്നെയും...