യൂറോപ്പിൽ മുഴുവൻ ആരാധകർ; സഹോദരന്മാരുടെ സംരംഭം; തൊടുപുഴയിൽനിന്നു പറന്ന് സ്പെഷൽ ചോക്ലേറ്റുകൾ

Mail This Article
വിദേശത്തുനിന്നുള്ള പ്രീമിയം ചോക്ലേറ്റുകൾക്കായി ഒട്ടേറെ കുട്ടികൾ കേരളത്തില്‍ കാത്തിരിക്കുന്നുണ്ട്. അതേസമയം കേരളത്തിലെ രണ്ട് ആൺകുട്ടികളുണ്ടാക്കുന്ന ചോക്ലേറ്റിനായി പ്രീമിയം ചോക്ലേറ്റിന്റെ നാടായ ബെൽജിയത്തിലും കാഡ്ബറിയുടെ സ്വന്തം നാടായ ഇംഗ്ലണ്ടിലും ആരാധകര്‍ കാത്തിരിക്കുന്നു. തൊടുപുഴ എഴുമുട്ടം അടപ്പൂർ വീട്ടിലെ കുര്യച്ചനും ഔസേപ്പച്ചനുമാണ് നാട്ടിലെ കൊക്കോക്കുരു ചോക്ലേറ്റാക്കി യൂറോപ്പിൽ വിൽക്കുന്നത്. ഇന്ത്യയിലെ മഹാനഗരങ്ങളിലും കേരളത്തിലുമൊക്കെ ഇവർക്ക് സ്വന്തം കസ്റ്റമേഴ്സുണ്ട്.
പച്ചക്കുരുവായും ഉണക്കിയും കൊക്കോ വിൽക്കാമെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, ചോക്ലേറ്റായി വിറ്റാലോ?– ചോക്ലേറ്റ് ബട്ടർ, ചോക്ലേറ്റ് പൗഡർ എന്നിങ്ങനെ. വമ്പൻ കമ്പനികൾ മേയുന്ന ഈ മേഖലയിൽ കൃഷിക്കാരനെന്തു ചെയ്യാനാകുമെന്ന സംശയമുള്ളവർ ഇവരെ കാണണം. 4 വർഷം മുൻപ് ആരംഭിച്ച സംരംഭം ഇന്ന് മാസംതോറും സംസ്കരിക്കുന്നത് മൂന്നു ടൺ കൊക്കോക്കുരു. 40% കൊക്കോ അടങ്ങിയ മിൽക്ക് ചോക്ലേറ്റ് മുതൽ 100% ഡാർക് ചോക്ലേറ്റ് വരെ ഇവിടെ ഉൽപാദിപ്പിക്കുന്നു. ബേക്കിങ്ങിനുള്ള ക്യുവച്ചർ അഥവാ പ്യുവർ ചോക്ലേറ്റ്, കൊക്കോ ബട്ടര്‍, കൊക്കോ പൗഡർ എന്നിവയും ഇവരുടെ വീടിനോടു ചേർന്നുള്ള റാക്കൗഡെല്ല ചോക്ലേറ്റ് ഫാക്ടറിയിൽനിന്നു വിപണിയിലെത്തുന്നു. എറണാകുളം പനമ്പള്ളി നഗറിലെ റാക്കൗഡെല്ല ഷോപ്പിൽ ബേക്ക് ചെയ്ത വിവിധ ചോക്ലേറ്റ് ഉൽപന്നങ്ങൾ വില്‍പനയ്ക്കുണ്ട്.

ഇടുക്കിയിലെ കർഷകരിൽനിന്നു കൊക്കോക്കുരു വാങ്ങി സംസ്കരിക്കുന്ന ലൂക്ക എന്ന ഇറ്റലിക്കാരനാണ് സംരംഭത്തിനു പ്രചോദനം. യൂറോപ്പിലേക്കും അമേരിക്കയിലേക്കും വിദൂരത്തുള്ള ഐസ്‌ലൻഡിലേക്കുമൊക്കെ ഇടുക്കിയിലെ കൊക്കോക്കുരു കയറ്റി അയയ്ക്കുന്നുണ്ടായിരുന്നു ലൂക്ക. അയൽവാസിയായ ലൂക്കായുടെ പ്രവർത്തനങ്ങൾ ചെറുപ്രായം മുതൽ കണ്ടുവളർന്ന സഹോദരന്മാർക്ക് കോളജിലെത്തിയപ്പോൾ ചോക്ലേറ്റ് ഉണ്ടാക്കാൻ മോഹമുദിച്ചു. ലൂക്കായുടെ ഗോ ഗ്രൗണ്ട് കമ്പനി കയറ്റുമതി ചെയ്യുന്ന കൊക്കോക്കുരുവാണ് യൂറോപ്പിലെ പ്രീമിയം ചോക്ലേറ്റ് നിർമാതാക്കൾ ഉപയോഗിക്കുന്നതെന്നു കണ്ടപ്പോഴാണ് അത്തരമൊരു സംരംഭമാകാമെന്നു തോന്നിയത്. 80 ഗ്രാമിന് ശരാശരി 8 യൂറോ വിലയുള്ള പ്രീമിയം ചോക്ലേറ്റുകളായിരുന്നു അവ. അത്തരം ഉൽപന്നങ്ങൾ ഇവിടെയുണ്ടാക്കുന്നതിനെക്കുറിച്ച് ലൂക്കയോടുതന്നെ ഉപദേശം തേടി. കടുപ്പമാണ്, കൈ പൊള്ളുമെന്നു ലൂക്ക പറഞ്ഞു. നന്നായി ഫെർമെന്റ് ചെയ്തുണങ്ങിയ കുരുകൊണ്ടു മാത്രമേ അത്തരം പ്രീമിയം ചോക്ലേറ്റ് ഉണ്ടാക്കാനാവുകയുള്ളൂ. ഉയർന്ന വില മൂലം ഇന്ത്യയിൽ വിൽക്കാൻ പ്രയാസമാകും– ലൂക്ക പറഞ്ഞു. എന്നാൽ മുന്തിയ ചോക്ലേറ്റ് ബ്രാൻഡ് എന്ന ആശയം തലയ്ക്കു പിടിച്ച കുര്യാച്ചനും ഔസേപ്പച്ചനും അതു ചെവിക്കൊണ്ടില്ല. ലൂക്കായില്‍നിന്നു മികച്ച കൊക്കോക്കുരു വാങ്ങി അവര്‍ ചോക്ലേറ്റ് ഉണ്ടാക്കിത്തുടങ്ങി.

തുടക്കം ലൂക്ക പറഞ്ഞതുപോലെ തന്നെ. മറ്റു സംസ്ഥാനങ്ങളിൽ മുൻപരിചയമില്ലാത്തതിനാൽ കേരളത്തിലാണ് വിൽക്കാൻ ശ്രമിച്ചത്. പരിചിതമല്ലാത്ത ബ്രാൻഡിന്റെ വില കൂടിയ ചോക്ലേറ്റിന് ആവശ്യക്കാരുണ്ടായില്ല. ഒരു മാസം 20 കിലോ പോലും വിൽക്കാനാവാതെ വലഞ്ഞു. എന്നാൽ, അന്നും ഗുണനിലവാരം തിരിച്ചറിഞ്ഞു ചോക്ലേറ്റ് വാങ്ങിയ സിജിഎച്ച്, അവന്യൂ ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളെ ഇരുവരും നന്ദിയോടെ ഓര്‍മിക്കുന്നു. വാങ്ങിയ യന്ത്രോപകരണങ്ങൾ ഏറെ സമയവും പ്രവർത്തനരഹിതമായി കിടന്നു. ചെറിയ തോതിലുണ്ടാക്കിയ ചോക്ലേറ്റിന്റെ 90 ശതമാനവും കെട്ടിക്കിടന്നു. കുട്ടിക്കളി തീക്കളിയായ അനുഭവം. ഒരു വർഷം ഇങ്ങനെ പോയി.

ഗത്യന്തരമില്ലാതെ അടുത്ത വർഷം കേരളത്തിനു പുറത്തേക്കു പോകാൻ തീരുമാനിച്ചു. മഹാനഗരങ്ങളിൽ ചോക്ലേറ്റ് വാങ്ങാൻ സാധ്യതയുള്ളവരുടെ ഇ–മെയിൽ വിലാസം നെറ്റിൽ നിന്നെടുത്ത് കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ചു. സമ്മതിച്ചവരെ നേരിട്ടു കണ്ട് സാംപിൾ കൊടുത്തു. പ്രധാനമായും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബേക്കറികളിലാണു പോയത്. അവരെല്ലാം തന്നെ യൂറോപ്പിലോ അമേരിക്കയിലോ ബേക്കിങ് പഠിച്ചവര്‍. നല്ല ചോക്ലേറ്റ് എന്താണെന്ന് അറിയാവുന്നര്‍. ശ്രമം വിജയിച്ചു. അവരില്‍ 70 ശതമാനവും റാക്കൗഡെല്ല ചോക്ലേറ്റ് വാങ്ങി. റാക്കൗഡെല്ലയെന്ന ഫിന്നിഷ് വാക്കിന് ഇംഗ്ലിഷില്‍ അര്‍ഥം ‘വിത്ത് ലവ്’. മുംബൈയിലും ബെംഗളൂരുവിലും ചെന്നൈയിലുമൊക്കെ ആരാധകരെ നേടിയ റാക്കൗഡെല്ല, വൈകാതെ യൂറോപ്പിന്റെയും മനം കവർന്നു. അങ്ങനെ എഴുമുട്ടത്തെ വീട്ടുവളപ്പിൽനിന്ന് മൂന്നു യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചോക്ലേറ്റ് കയറിപ്പോയി!

കുര്യാച്ചനും ഔസേപ്പച്ചനും പ്രചോദനവും മാതൃകയുമായതു പിതാവ് ജോൺസൺ. മുപ്പതോളം എരുമകളെ വളർത്തി അവയുടെ പാൽ ഐസ്ക്രീമാക്കി വിൽക്കുന്ന ‘മിൽക്കി വൈറ്റ്’ എന്ന സംരംഭത്തിന്റെ സാരഥികളിലൊരാളാണ് അദ്ദേഹം. കൃഷിയിടത്തിലുള്ളതെന്തും പരമാവധി മൂല്യത്തോടെ വില്‍ക്കണമെന്നതി ല്‍ കുടുംബം ഒറ്റക്കെട്ടാണ്. വീടിനോടു ചേർന്ന് നാലേക്കറിൽ കൊക്കോത്തോട്ടമുണ്ടാക്കുകയാണിവർ ഇപ്പോൾ. ചോക്ലേറ്റിനുള്ള കൊക്കോ വിളയിക്കുന്നതിനൊപ്പം ഫാം ടൂറിസവും ലക്ഷ്യം.
നല്ല നിലവാരമുള്ള കൊക്കോക്കുരുവിനായി ഇന്നും ഇവര്‍ ലൂക്കയെയാണ് ആശ്രയിക്കുന്നത്. മാസം തോറും ഒരു ടൺ കൊക്കോക്കുരു ലൂക്കയുടെ പക്കൽനിന്ന് കിലോയ്ക്ക് 1000 രൂപ നല്‍കി വാങ്ങുന്നു. നാട്ടില്‍ നന്നായി സംസ്കരണം നടത്തുന്ന കർഷകരിൽനിന്നു രണ്ടു ടൺ കൊക്കോക്കുരുവും വാങ്ങാറുണ്ട്. കിലോയ്ക്ക് വിപണിവിലയേക്കാൾ 50 രൂപ കൂടുതൽ അവര്‍ക്കു നൽകും. നാട്ടില്‍നിന്നു കൂടുതല്‍ കൊക്കോക്കുരു വാങ്ങാന്‍ തയാറാണ് ഈ സംരംഭകര്‍. പക്ഷേ, ഗുണമേന്മ നിര്‍ബന്ധം. വരും വർഷങ്ങളിൽ പ്രതിമാസം 10 ടൺ ഉൽപാദനമാണു ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ഉയർന്ന നിലവാരത്തിൽ കൊക്കോ സംസ്കരിച്ച് ഉണങ്ങുന്നവരില്‍നിന്നു കൊക്കോക്കുരു നല്ല വിലയ്ക്കു വാങ്ങാമെന്ന് ഇവർ വാഗ്ദാനം ചെയ്യുന്നു.
ഫോൺ: 8921385817