അധികാരം മോഹിച്ച അരാജകവാദി; ഇടതുപക്ഷത്തിൽ നിന്ന് അകന്ന ഹൃദയപക്ഷക്കാരൻ
.jpg?w=1120&h=583)
Mail This Article
അരനൂറ്റാണ്ട് ദീർഘിച്ച എഴുത്തുജീവിതത്തിൽ ഇരട്ട ആക്രമണം നയിച്ച രാഷ്ടീയക്കാരൻ. സംഭവബഹുലമായ യോസയുടെ എഴുത്തിന് മതിയാകുന്നില്ല വിശേഷണം. പത്രപ്രവർത്തകൻ എന്ന നിലയിൽ സൂക്ഷ്മ രാഷ്ട്രീയ നിരീക്ഷകനായിരുന്നു അദ്ദേഹം. സമകാലിക സംഭവങ്ങളെ ആഴത്തിൽ വിശകലനം ചെയ്ത് സുചിന്തിമായ അഭിപ്രായങ്ങൾ സധൈര്യം പറഞ്ഞു. നോവലിൽ വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ വഴി. വ്യക്തിജീവിതം തന്നെയാണ് പ്രമേയമാക്കിയത്. മിലിറ്ററി അക്കാദമിയിലെ പരിശീലനം, പത്തൊൻപതാം വയസ്സിൽ ഇരുപത്തൊൻപതുകാരിക്കൊപ്പമുള്ള ഒളിച്ചോട്ടം, പരാജയപ്പെട്ട രാഷ്ട്രീയ പരീക്ഷണങ്ങൾ... സ്വകാര്യ, പൊതു ജീവിതങ്ങൾ മാറി മാറി ഉപയോഗിച്ച് ലാറ്റിനമേരിക്കയുടെ പൊതു ചിന്താഗതിയെ നിരന്തരം ആക്രമിച്ചു.
പെറുവിലെ ലിമയിൽ വീട് വച്ചതുപോലെ തന്നെ ലണ്ടനിലും പാരീസിലും ബാഴ്‌സലോനയിലും വസതികൾ സ്വന്തമാക്കി. 50 വർഷം ദീർഘിച്ച വിവാഹത്തിൽനിന്ന് വാർധക്യത്തിൽ പ്രണയത്തിലേക്ക് മാറിനടന്നു. അത്രയെളുപ്പം പിടികിട്ടുന്നതല്ല യോസ എന്ന വ്യക്തിയും എഴുത്തുകാരനും. പരസ്പരവിരുദ്ധ വഴികളിൽ സഞ്ചരിച്ചിട്ടും കണ്ടുമുട്ടിയ സുഹൃത്തുക്കളെപ്പോലെ യോസ വായനാസമൂഹത്തിന് ഒരേസമയം പ്രിയപ്പെട്ട എഴുത്തുകാരനും അപ്രാപ്യ ചിന്തകനുമായി വിരാജിച്ചു.
കാസ്ട്രോയിൽ നിന്നകന്ന്
ലാറ്റിനമേരിക്കയുടെ ഹൃദയപക്ഷം ഇടതുപക്ഷമാണ്. വിപ്ലവം ജീവശ്വാസമാണ്. വിപ്ലവകാരി നിത്യകാമുകനും. ചെഗുവേരയുടെ പൈതൃകം പേറുന്നവർക്ക് മറ്റൊരു വിധിയില്ല. യോസയും വഴിമാറിയില്ല. കാസ്ട്രോയെ ആരാധിച്ചു. ക്യൂബൻ വിപ്ലവത്തെ പുകഴ്ത്തി. എന്നാൽ അൽപായുസ്സായിരുന്നു ആ ചുവപ്പുകാലം. സ്വാതന്ത്ര്യത്തിന്റെ കഴുത്തിൽ ക്യൂബ പിടിമുറുക്കിയപ്പോൾ തന്നെ യോസ ആക്രമണം തുടങ്ങി. കമ്മ്യൂണിസത്തിന്റെ നിശിത വിമർശകനായി. സ്വേഛാധിപത്യത്തെ ഓരോ വാക്കിലും ആക്രമിച്ചു. സ്വതന്ത്രചിന്തയെ ദൈവമായി ആരാധിച്ചു. അവിടെയും നിന്നില്ല. ബാങ്കുകളുടെ ദേശസാൽക്കരണത്തെ എതിർത്തു തുടങ്ങിയ രാഷ്ട്രീയ ജീവിതത്തിൽ സ്വതന്ത്ര വ്യക്തിക്കു വേണ്ടിയും തുറന്ന വിപണിക്കും വേണ്ടി നിരന്തരം പറയുകയും എഴുതുകയും ചെയ്തു.
മാർഗരറ്റ് താച്ചർ അധികാരം വിട്ടപ്പോൾ യോസ നന്ദി പറഞ്ഞുകൊണ്ടെഴുതി. നിങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് വിശേഷിപ്പിക്കാൻ എന്റെ നിഘണ്ടുവിൽ അധികം വാക്കുകളില്ലെന്ന് ! താച്ചർ പോലും അദ്ഭുതപ്പെട്ടിരിക്കണം. അത്രയധികമായിരുന്നു വ്യക്തികളെ ബഹുമാനിക്കാത്ത, ഓരോരുത്തരേയും അവരുടെ ഇഷ്ടപ്രകാരം ജീവിക്കാൻ അനുവദിക്കാത്ത വ്യവസ്ഥിതിക്കെതിരായ രോഷം.

ഗബ്രിയേൽ ഗാർസിയ മാർക്കേസിനോടുള്ള വിരോധത്തിന്റെ കാരണങ്ങളിലൊന്ന് കാസ്ട്രോയോടുള്ള സൗഹൃദം പോലുമായിരുന്നു. മാജിക്കൽ റിയലിസം യാഥാർഥ്യത്തിൽ നിന്നു രക്ഷപ്പെടാനുള്ള എളുപ്പവഴിയാണെന്ന് യോസ പുശ്ഛിച്ചു. ആവശം കൊള്ളിക്കുന്ന രാഷ്ട്രീയ നോവലുകളെഴുതി സമകാലിക സമൂഹത്തെ പ്രചോദിപ്പിച്ചു. വ്യവസ്ഥിതിക്കെതിരെ പോരാടാൻ നിരന്തരം ആഹ്വാനം ചെയ്തു. ഒരു വിട്ടുവീഴ്ചയും കാണിച്ചില്ല. പരാജയത്തിലും തലയുയർത്തി നിന്ന് യോസ അരാജകവാദത്തെ പ്രത്യയശാസ്ത്രത്തിന്റെ തലത്തിലേക്ക് ഉയർത്തി.
പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രചാരണ ചിത്രങ്ങളിൽ വ്യക്തമാണ് യോസയുടെ ചിത്രം. അണികൾക്ക് ആവേശം പകരുന്ന രാഷ്ട്രീയ നേതാവായി മാറാൻ അദ്ദേഹം ഒട്ടും സമയമെടുത്തില്ല. ചുരുട്ടിയ മുഷ്ടി ഉയർത്തിപ്പിടിച്ച് പരമാവധി ശബ്ദത്തിൽ തനിക്കൊപ്പം നിൽക്കാനാണ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞത്; അവരത് കേട്ടില്ലെങ്കിൽപ്പോലും.
ഇരുട്ടിൽ തിളങ്ങിയ അക്ഷരങ്ങൾ
കൗമാരത്തിൽ പത്രപ്രവർത്തനം തുടങ്ങിയപ്പോൾ നൈറ്റ് റിപ്പോർട്ടറായിരുന്നു യോസ. രാത്രികളിലെ പെറുവിലെ ജീവിതം അന്നാണ് അടുത്തറിഞ്ഞത്. പുലരും വരെ തുറന്നിരിക്കുന്ന മദ്യശാലകൾ. നിരന്തര സംഘട്ടനങ്ങൾ. മാംസം വിറ്റു ജീവിക്കാൻ ശ്രമിച്ച സ്ത്രീകൾ. അടുത്തറിഞ്ഞ ആ ജീവിതമാണ് കോൺവർസേഷൻ ഇൻ ദ് കത്തീഡ്രൽ എന്ന നോവലിന് നിമിത്തമായത്. യോസയുടെ മാസ്റ്റർപീസാണത് എന്നു കരുതുന്നവരുടെ എണ്ണം കുറവല്ല.
ഓണ്ട് ജൂലിയ ആൻഡ് ദ് സ്‌ക്രിപ്റ്റ് റൈറ്റർ എന്ന നോവലിൽ പേര് പോലും മാറ്റാതെ സ്വന്തം ഒളിച്ചോട്ടം അദ്ദേഹം ചിത്രീകരിച്ചു. എല്ലാം യോസ വെളിപ്പെടുത്തിയില്ല എന്ന പരാതി മാത്രമേ ജൂലിയയ്ക്ക് ഉണ്ടായിരുന്നുള്ളൂ. യോസ പറയാതിരുന്നത് എന്ന പേരിൽ അവരത് പറഞ്ഞിട്ടുമുണ്ട്.
പ്രശ്നങ്ങളുണ്ട്; അവ പരിഹരിക്കണം
പതിനാലാം വയസ്സിലാണ് മിലിറ്ററി അക്കാദമിയിൽ പ്രവേശിക്കുന്നത്. രണ്ടു വർഷം മാത്രം നീണ്ട ആ ജീവിതമാണ് ദ് ടൈം ഓഫ് ദ് ഹീറോ എന്ന നോവലിന് പ്രമേയമായത്. ഉന്നത സൈനികോദ്യോഗസ്ഥർ തന്നെ തള്ളിപ്പറഞ്ഞതോടെ നോവൽ ഹിറ്റായി. പിന്നീടിങ്ങോട്ട്, രാഷ്ട്രീയവും സാഹിത്യവും സമന്വയിപ്പിച്ച് യോസ സ്വന്തം കാലത്തെ മറ്റാർക്കും കഴിയാത്ത രീതിയിൽ വ്യാഖ്യാനിച്ചു, നിർവചിച്ചു, തള്ളിപ്പറഞ്ഞ അതേ ജീവിതം ആസ്വദിച്ചു.

പൊടിമഴയും മഞ്ഞും. ലിമ ഏറ്റവും ശോകമൂകമായ നഗരമാണെന്ന് അദ്ദേഹം പറഞ്ഞു. പെട്ടെന്ന് ചിരിച്ചുകൊണ്ട് അദ്ദേഹത്തിലെ രാഷ്ട്രീയക്കാരൻ തിരുത്തി. ലിമയുടെ പ്രശ്നങ്ങൾ മഴയും മഞ്ഞും മാത്രമല്ല. പിന്നെയെന്തൊക്കെയെന്നാണ് അദ്ദേഹത്തിന്റെ കൃതികൾ ലോകത്തെ പഠിപ്പിച്ചത്. അത് ലിമയ്ക്കു മാത്രമല്ല ലോകത്തിനു മൊത്തം ബാധകമാണു താനും.