പുച്ഛിക്കരുത്! ഭർത്താക്കന്മാരേക്കാൾ ഇരട്ടി ആസ്തിയുള്ള ബോളിവുഡ് താരങ്ങളാണിവർ

Mail This Article
തൊഴിലിടങ്ങളിൽ പുരുഷന്മാരേക്കാൾ കുറവ് വേതനം സ്ത്രീകൾക്കാണെന്ന പരാതി മിക്കപ്പോഴും ഉയർന്നു കേൾക്കാറുണ്ട്. പക്ഷേ കരിയറിലും ബിസിനസ്സിലും പുരുഷന്മാരേക്കാൾ കൂടുതൽ പ്രതിഫലം പറ്റുന്ന സ്ത്രീകൾ അങ്ങ് ബോളിവുഡിലുണ്ട്. പ്രശസ്ത താരങ്ങളായ അവർ സ്വന്തം വ്യക്തിത്വം കൊണ്ടും കഴിവുകൾ കൊണ്ടുമാണ് സാമ്പത്തികമായി ഉയർന്ന നേട്ടങ്ങൾ സ്വന്തമാക്കിയത്.ബോളിവുഡിലെ താരസുന്ദരി മാരിൽ പലരും ഭർത്താക്കന്മാരുടെ നിഴൽ പോലെ ജീവിക്കുന്നവരല്ല. വ്യക്തമായ കരിയർ പ്ലാനുകളും ബിസിനസ് പ്ലാനുകളും ഉള്ള കരുത്തുറ്റ വനിതകളാണ്. ബി ടൗണിലെ താരദമ്പതികളുടെ കാര്യമെടുക്കുകയാണെങ്കിൽ പല അഭിനേത്രികളും അവരുടെ ഭർത്താക്കന്മാരെക്കാൾ സമ്പന്നരാണ്.
മുൻ ലോകസുന്ദരി ഐശ്വര്യ റായിയുടെ ആസ്തി ഭർത്താവ് അഭിഷേക് ബച്ചനേക്കാൾ ഇരട്ടിയാണ് . റിപ്പോർട്ടുകൾ പ്രകാരം ഐശ്വര്യയുടെ ആസ്തി 862 കോടി രൂപയാണ്. ഐശ്വര്യ റായിയുടെ ഭർത്താവും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചന്റെ ആസ്തി 280 കോടിയാണ്. 2007 ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. 2011 മകൾ ആരാധ്യ ജനിച്ചതോടെ ഐശ്വര്യ ചലച്ചിത്ര മേഖലയിൽ അത്ര സജീവമല്ല. ഫാഷൻ റാംപുകളിലും ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളിലും അപൂർവമായി മാത്രം ബിഗ് ബജറ്റ് ചിത്രങ്ങളിലുമാണ് അതിനുശേഷം ഐശ്വര്യ അഭിനയിച്ചിട്ടുള്ളത്.
ബോളിവുഡിലെ മറ്റൊരു താര ദമ്പതിമാരായ ദീപിക പദുക്കോണിന്റെയും ഭർത്താവ് രൺവീർ സിങ്ങിന്‍റെയും ആസ്തി പരിശോധിച്ചാലും ഈ വ്യത്യാസം പ്രകടമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മുൻനിര നടിമാരിൽ ഒരാളാണ് ദീപിക പദുക്കോൺ. 2018 ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരിൽ ഒരാളായി ദീപിക തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലഭ്യമായ റിപ്പോർട്ടുകളനുസരിച്ച് ദീപികയുടെ ആസ്തി 500 കോടിയാണെന്നാണ് പറയപ്പെടുന്നത്. അതേസമയം ദീപികയുടെ ഭർത്താവ് രൺവീർ സിങ്ങിന്റെ ആസ്തി 245 കോടി രൂപയാണ്.
ആലിയ ഭട്ട് - രൺബിർ കപൂർ ജോഡികളുടെ കാര്യം എടുത്താലും ഭർത്താവിനെക്കാൾ ആസ്തിയുടെ കാര്യത്തിൽ ഏറെ മുൻപിൽ ആണ് ആലിയ. 550 കോടി രൂപയോളം ആസ്തി ആലിയയ്ക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം റൺബിർ കപൂറിന്റെ ആസ്തി 345 കോടി രൂപയാണ്. ബോളിവുഡിലെ ഏറ്റവും തിരക്കേറിയ യുവനടിമാരിൽ ഒരാളാണ് ആലിയ ഭട്ട്. ഒരു ചിത്രത്തിൽ അഭിനയിക്കാൻ 15 കോടി വരെ ആലിയ പ്രതിഫലം വാങ്ങുന്നുവെന്നാണ് പറയപ്പെടുന്നത്.
2021ൽ വിവാഹിതരായ ബോളിവുഡ് താരങ്ങളാണ് കത്രീന കൈഫും വിക്കി കൗശലും. ഇതിൽ കത്രീനയുടെ ആസ്തി 224 കോടി രൂപയാണ്.വിക്കി കൗശലിന്റെത് ഏകദേശം 41 കോടി രൂപയും. അഭിനയത്തിന് പുറമെ ബിസിനസിലും കത്രീന മികവു തെളിയിച്ചിട്ടുണ്ട്. കെ ബ്യൂട്ടി എന്ന കോസ്മെറ്റിക് ബ്രാൻഡ് കത്രീനയുടെ സ്വന്തമാണ്. അഭിനയത്തിൽ നിന്നു മാത്രമല്ല ബിസിനസ്സിൽ നിന്നും കത്രീന നല്ലൊരു വരുമാനം സ്വന്തമാക്കുന്നുണ്ട്.
2024ലെ റിപ്പോർട്ടുകൾ അനുസരിച്ച് നടി പ്രീതി സിന്റയുടെ ആസ്തി ഏകദേശം 183 കോടി രൂപയാണ്. ക്രിക്കറ്റ് ടീം ഉടമസ്ഥാവകാശം, നിർമാണ സംരംഭങ്ങൾ എന്നിവയിൽ പ്രീതി സിന്റയ്ക്ക് നിക്ഷേപങ്ങൾ ഉണ്ട്. അതേ സമയം പ്രീതിയുടെ ഭർത്താവ് ജീൻസ് ഗുഡ് ഇനഫിന് 25 കോടി രൂപയുടെ ആസ്തിയാണുള്ളത്.