പുറത്തിരിക്കുന്നവർക്ക് എന്തും പറയാം, തീരുമാനം ക്യാപ്റ്റന്റേത്: ക്രെഡിറ്റ് പാണ്ഡ്യയ്ക്കെന്ന് മഞ്ജരേക്കർ; രോഹിത്തിന്റെ ബുദ്ധിയെന്ന് ബംഗാർ

Mail This Article
മുംബൈ∙ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വിജയം സമ്മാനിച്ച നിർണായക നീക്കത്തിന് ഡഗ്ഔട്ടിലിരുന്ന് നിർദ്ദേശം നൽകിയ രോഹിത് ശർമയ്ക്ക് ആരാധകർ കയ്യടിക്കുന്നതിനിടെ, ആ വിക്കറ്റിന്റെ ക്രെഡിറ്റ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കാണെന്ന അവകാശവാദവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. അതേസമയം, ആ വിക്കറ്റ് രോഹിത്തിന്റെ ബുദ്ധിയാണെന്നും അദ്ദേഹത്തിനാണ് കയ്യടിക്കേണ്ടതെന്നും മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറും അഭിപ്രായപ്പെട്ടു. ടെലിവിഷനിലെ ലൈവ് ചർച്ചയിലാണ് ഇരുവരും വിരുദ്ധ നിലപാട് കൈക്കൊണ്ടത്.
ജയസാധ്യതകൾ മാറിമറിഞ്ഞ ഐപിഎൽ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിന് സീസണിലെ ആദ്യ തോൽവി സമ്മാനിച്ച് മുംബൈ ഇന്ത്യൻസ് ജയിച്ചുകയറിയതിനു പിന്നാലെ മുംബൈ വിജയത്തിൽ രോഹിത് ശർമയുടെ ഇടപെടൽ തെളിയിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയാണെങ്കിലും, ഡഗ്ഔട്ടിലിരുന്ന് രോഹിത് നൽകിയ നിർണായക നിർദ്ദേശം ടീമിന്റെ വിജയത്തിലേക്ക് വഴിതുറന്നത് സമൂഹമാധ്യമങ്ങളിലും പ്രധാന ചർച്ചയായി. ഇതിനിടെയാണ്, ലൈവ് ചർച്ചയ്‌ക്കിടെ മുൻ താരങ്ങളും ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാട് കൈക്കൊണ്ടത്.
‘‘ആ വിക്കറ്റ് നേട്ടത്തിനു പിന്നിൽ രോഹിത്തിന്റെ ബുദ്ധിയാണെന്ന് അംഗീകരിച്ചേ തീരൂ. രോഹിത് തീർച്ചയായും കയ്യടി അർഹിക്കുന്നുണ്ട്’ – എന്നായിരുന്നു സഞ്ജയ് ബംഗാറിന്റെ പ്രതികരണം.
എന്നാൽ, ഇതിനെ എതിർക്കുന്ന നിലപാടാണ് സഞ്ജയ് മഞ്ജരേക്കർ കൈക്കൊണ്ടത്. ‘‘പുറത്തിരുന്ന് ഇത്തരം നിർദ്ദേശങ്ങൾ നൽകാൻ എളുപ്പമാണ്. പക്ഷേ, ആ നിർദ്ദേശം പാളിയിരുന്നെങ്കിലോ? ആളുകൾ തീർച്ചയായും ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യയെ കുറ്റപ്പെടുത്തുമായിരുന്നു. അതുകൊണ്ട് ആ വിക്കറ്റിന്റെ ക്രെഡിറ്റ് ഹാർദിക്കിനാണ്. കാരണം, അന്തിമ തീരുമാനം അദ്ദേഹത്തിന്റേതായിരുന്നല്ലോ. അദ്ദേഹമാണ് ക്യാപ്റ്റൻ. ആ സമയത്ത് പാണ്ഡ്യ കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്നും ഓർക്കണം. എന്നിട്ടും ആ നിമിഷം അത്തരമൊരു തീരുമാനം കൈക്കൊണ്ടു. അതിന്റെ ഗുണം ലഭിക്കുകയും ചെയ്തു’ – മഞ്ജരേക്കർ പറഞ്ഞു.
നേരത്തെ, രോഹിത് ശർമയുടെ ഇടപെടൽ ടീമിന്റെ മുഖ്യ പരിശീലകനായ മഹേള ജയവർധന അംഗീകരിക്കാൻ തയാറായില്ലെന്ന ആരോപണവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് രംഗത്തെത്തിയിരുന്നു. ഡൽഹി ബാറ്റു ചെയ്യുമ്പോൾ 13–ാം ഓവറിനു ശേഷം പന്തു മാറ്റാനും സ്പിന്നർമാരെക്കൊണ്ട് ബോൾ ചെയ്യിക്കാനും രോഹിത് ഡഗ്ഔട്ടിലിരുന്ന് നിർദ്ദേശിച്ചെങ്കിലും, അതു കേൾക്കാൻ പോലും ജയവർധന തയാറായില്ലെന്നായിരുന്നു ഹർഭജന്റെ ആരോപണം.
തുടർന്ന് രോഹിത് നേരിട്ട് പാണ്ഡ്യയ്ക്കും കാൺ ശർമയ്ക്കും നിർദ്ദേശം നൽകുകയായിരുന്നുവെന്നും ഹർഭജൻ പറഞ്ഞു. ചിലപ്പോഴെങ്കിലും പരിശീലകർ ‘ഈഗോ’ മാറ്റിവച്ച് ടീമിനു ഗുണകരമാകുന്ന കാര്യങ്ങൾ അംഗീകരിക്കണമെന്നും ഹർഭജൻ തുറന്നടിച്ചിരുന്നു.