വിമർശകരേ നിങ്ങളിതു കാണുക..; ‘കരിയില ത്രോ’യിലൂടെ അബ്ദുൽ സമദിനെ റണ്ണൗട്ടാക്കിയ 43കാരൻ ധോണി, വീര്യം കൂടുന്ന മാജിക്– വിഡിയോ

Mail This Article
ലക്നൗ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) തിളക്കമുള്ള വിജയവുമായി ചെന്നൈ സൂപ്പർ കിങ്സ് രാജകീയമായി തിരിച്ചെത്തിയ മത്സരത്തിൽ, ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ കവർന്ന് ലക്നൗ താരം അബ്ദുൽ സമദിനെ റണ്ണൗട്ടാക്കിയ മഹേന്ദ്രസിങ് ധോണിയുടെ അണ്ടർ ആം ത്രോ. 11 പന്തിൽ രണ്ടു സിക്സറുകൾ ഉൾപ്പെടെ 20 റൺസുമായി തകർത്തടിച്ച് ചെന്നൈയ്ക്ക് തലവേദന സൃഷ്ടിച്ച യുവതാരത്തെയാണ്, പ്രായത്തെ വെല്ലുന്ന മികവുമായി ധോണി റണ്ണൗട്ടാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ലക്നൗ സൂപ്പർ ജയന്റ്സ് ബാറ്റു ചെയ്യുന്നു. 19 ഓവർ പൂർത്തിയാകുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എന്ന നിലയിലായിരുന്നു ലക്നൗ. ക്രീസിൽ അബ്ദുൽ സമദും ഇടവേളയ്ക്കു ശേഷം ഫോമിലേക്ക് തിരിച്ചെത്തിയ ലക്നൗ നായകൻ ഋഷഭ് പന്തും.
മതീഷ പതിരാന എറിഞ്ഞ ഈ ഓവറിലെ ആദ്യ പന്തിൽ ഋഷഭ് പന്തിന്റെ വക സിംഗിൾ. രണ്ടാം പന്ത് വൈഡായിരുന്നെങ്കിലും, പന്ത് ധോണിക്ക് കയ്യിലൊതുക്കാനാകാതെ പോയതോടെ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന് ഋഷഭ് പന്ത് സിംഗിളിനായി ഓടി. ക്രീസിലുണ്ടായിരുന്ന അബ്ദുൽ സമദ് ഒന്ന് അമാന്തിച്ചെങ്കിലും, നോൺ സ്ട്രൈക്കേഴ്സ് എൻഡിലേക്കും ഓടി.
ധോണി പന്തെടുക്കുമ്പോഴേയ്ക്കും ക്രീസിലെത്താമെന്ന ഋഷഭ് പന്തിന്റെ കണക്കുകൂട്ടൽ ശരിയായെങ്കിലും, ധോണിയുടെ കണക്കുകൂട്ടൽ വ്യത്യസ്തമായിരുന്നു. തന്റെ ഇടത്തേക്ക് തട്ടിത്തെറിച്ച പന്ത് ഓടിയെടുത്ത ധോണി, സമദ് ക്രീസിലെത്തിയില്ലെന്നുകണ്ട് നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ സ്റ്റംപിലേക്ക് പന്ത് ഉയർത്തിയെറിഞ്ഞു.
ബ്രസീൽ താരം റൊണാൾഡീഞ്ഞോ 2002 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ നേടിയ ഫ്രീകിക്കിൽനിന്ന് നേടിയ കരിയില കിക്ക് ഗോൾ പോലെ, ആ പന്ത് വായുവിലൂടെ കറങ്ങിത്തിരിഞ്ഞ് കൃത്യമായി സ്റ്റംപിൽ പതിക്കുമ്പോൾ അബ്ദുൽ സമദ് ക്രീസിന് ഇഞ്ചുകൾ പുറത്ത്. റീപ്ലേയിൽ ഔട്ട് ഉറപ്പിക്കുമ്പോൾ ചെപ്പോക്കിനെ അതിശയിക്കും വിധം ലക്നൗവിലെ ഗാലറിയിൽ ഉയർന്ന ആരവങ്ങൾക്കിടെ, 11 പന്തിൽ രണ്ടു സിക്സറുകൾ സഹിതം 20 റൺസുമായി ചെന്നൈയ്ക്ക് ഭീഷണി ഉയർത്തിയ അബ്ദുൽ സമദ് പുറത്തേക്ക്. തൊട്ടടുത്ത പന്തിൽ ഋഷഭ് പന്തിന്റെ ക്യാച്ചുമെടുത്ത് ധോണി ലക്നൗവിനെ കൂടുതൽ തകർച്ചയിലേക്ക് തള്ളിവിട്ടു.