ബാറ്റിങ്ങിനെത്തിയ ഹെറ്റ്മെയർ, സോൾട്ട്, പടിക്കൽ എന്നിവരെ തടഞ്ഞ് ബാറ്റ് പരിശോധന; ഐപിഎലിൽ അസാധാരണ രംഗങ്ങൾ– വിഡിയോ

Mail This Article
ജയ്പുർ∙ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന രാജസ്ഥാൻ റോയൽസ് – ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് മത്സരത്തിനിടെ ഗ്രൗണ്ടിൽ അസാധാരണ രംഗങ്ങൾ. മത്സരത്തിനിടെ ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്റെ വെസ്റ്റിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയർ, ബെംഗളൂരുവിന്റെ ഇംഗ്ലിഷ് താരം ഫിൽ സോൾട്ട് എന്നിവരുടെ തടഞ്ഞുനിർത്തിയ അംപയർമാർ, അവരുടെ ബാറ്റ് പ്രത്യേക പരിശോധനയ്‌ക്ക് വിധേയമാക്കി.
രാജസ്ഥാൻ ഇന്നിങ്സിലെ 16–ാം ഓവറിൽ ഓപ്പണർ യശസ്വി ജയ്‌സ്വാൾ പുറത്തായതോടെയാണ് ഷിമ്രോൺ ഹെറ്റ്മെയർ ബാറ്റിങ്ങിന് എത്തിയത്. രാജസ്ഥാൻ ബാറ്റിങ് ഓർഡറിൽ അഞ്ചാമനായി ഹെറ്റ്മെയർ ബാറ്റിങ്ങിനായി ക്രീസിലേക്ക് വരുമ്പോഴാണ്, ഓൺഫീൽഡ് അംപയർ താരത്തെ തടഞ്ഞുനിർത്തിയത്.
ഐപിഎൽ ചട്ടപ്രകാരമുള്ള അളവുകൾക്കുള്ളിൽ നിൽക്കുന്ന ബാറ്റാണോ ഹെറ്റ്മെയർ ഉപയോഗിക്കുന്നത് എന്നായിരുന്നു പരിശോധന. ഐപിഎൽ നിയമത്തിലെ 5.7 വകുപ്പു പ്രകാരമായിരുന്നു പരിശോധന. ഇതനുസരിച്ച് ബാറ്റിന്റെ നീളം പിടി ഉൾപ്പെടെ 38 ഇഞ്ചിൽ കൂടാൻ പാടില്ല. നീളം ഉൾപ്പെടെ എല്ലാ തലങ്ങളിലും ഹെറ്റ്മെയറിന്റെ ബാറ്റ് അനുവദനീയമായ അളവുകൾക്കുള്ളിലാണെന്ന് ഉറപ്പാക്കിയതോടെ അംപയർ താരത്തെ അതേ ബാറ്റുമായി കളിക്കാൻ അനുവദിച്ചു.
പിന്നീട് രാജസ്ഥാൻ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യവുമായി ആർസിബി ബാറ്റിങ്ങിന് എത്തിയപ്പോഴും അംപയർമാർ പരിശോധന ആവർത്തിച്ചു. ഇത്തവണ വിരാട് കോലിക്കൊപ്പം ഓപ്പണറായി എത്തിയ ഇംഗ്ലിഷ് താരം ഫിൽ സോൾട്ടിന്റെ ബാറ്റാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷം താരത്തെ ബാറ്റു ചെയ്യാൻ അനുവദിക്കുകയും ചെയ്തു. വൺഡൗണായി ബാറ്റിങ്ങിന് എത്തിയ ദേവ്ദത്ത് പടിക്കലിന്റെ ബാറ്റും പരിശോധനയ്ക്ക് വിധേയമാക്കി.
ഇന്നലെ നടന്ന രണ്ടാം മത്സരത്തിനിടെ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ ഉൾപ്പെടെയുള്ളവരുടെ ബാറ്റുകളും അംപയർമാർ പ്രത്യേകം പരിശോധിച്ചു. ഐപിഎൽ ചട്ടപ്രകാരമുള്ള പതിവ് പരിശോധനയാണ് ഇതെന്നാണ് വിവരം.