രക്തം കുടിക്കുന്ന വാംപയറുകളുടെ പ്രണയകഥ; മറക്കാനാവാത്ത മായാലോകവുമായി 'ദ് വാംപയർ ഡയറീസ്'

Mail This Article
പ്രണയം, രഹസ്യങ്ങൾ, വാംപയർ – ഇവയെല്ലാം ഒന്നിച്ചു വരുന്ന ഒരു മായാലോകമാണ് 'ദ് വാംപയർ ഡയറീസ്'. അമേരിക്കൻ എഴുത്തുകാരി എൽ.ജെ.സ്മിത്ത് എഴുതിയ ഈ യംഗ് ആഡൾട്ട് ഫാന്റസി സീരീസ് 1991ൽ ആദ്യമായി പ്രസിദ്ധീകരിച്ചപ്പോൾ തന്നെ വായനക്കാരുടെ ഹൃദയങ്ങൾ കീഴടക്കി. മിസ്റ്റിക് ഫോൾസ് എന്ന ചെറിയ പട്ടണത്തില്‍ ജീവിക്കുന്ന എലീന ഗിൽബർട്ട്, സ്റ്റെഫാൻ സാൽവറ്റോർ എന്നിവരുടെ കഥ പറയുന്ന ഈ നോവലുകളെ ആസ്പദമാക്കി വന്ന ടിവി സീരീസ് ലോകമെമ്പാടുമുള്ള ഫാന്റസി ഫാൻസിനെ ഇന്നും ആവേശത്തിലാക്കുന്നു. സ്മിത്തിനെ കൂടാതെ ഇതേ സീരീസിൽപ്പെട്ട മറ്റു രണ്ടു എഴുത്തുകാര്‍ രചിച്ച കൃതികൾ ഉൾപ്പെടെ ആകെ 13 പുസ്തകങ്ങളാണ് ഉള്ളത്.
കഥയുടെ കേന്ദ്രകഥാപാത്രം എലീന ഗിൽബർട്ട് എന്ന സാധാരണ പെൺകുട്ടിയാണ്. പക്ഷേ, അവളുടെ ജീവിതം മാറുന്നത് രഹസ്യാത്മക സ്വഭാവമുള്ള സ്റ്റെഫാൻ സാൽവറ്റോർ എന്ന പുതിയ വിദ്യാർഥി അവളുടെ സ്കൂളിൽ വരുമ്പോഴാണ്. സ്റ്റെഫൻ മനുഷ്യനല്ല, 145 വർഷം പ്രായമുള്ള വാംപയർ ആണ്! എന്നാൽ, അവന്റെ സഹോദരൻ ഡേയ്മൻ സാൽവറ്റോർ കഥയിൽ കടന്നുവരുമ്പോൾ എല്ലാം മാറിമറിയുന്നു. ഡേയ്മൻ അതിശക്തനും ആകർഷണീയനുമാണ്, പക്ഷേ അവന്റെ ലക്ഷ്യങ്ങൾ എല്ലായ്പ്പോഴും അജ്ഞാതമാണ്. എൽ.ജെ.സ്മിത്ത് എഴുതിയ ആദ്യ മൂന്ന് നോവലുകളിലും (ദി അവേക്കണിങ്, ദ് സ്ട്രഗിൾ, ദ് ഫ്യൂറി) സ്റ്റെഫാനും എലീനയും പരമ്പരയുടെ ആഖ്യാതാക്കളായി വരുന്നു. ഡാർക്ക് റീയൂണിയൻ ബോണി മക്കല്ലോ എന്ന കഥാപാത്രത്തിന്റെ വീക്ഷണകോണിൽ നിന്നുള്ളതാണ്.

'ദി അവേക്കണിംഗ്', 'ദ് സ്ട്രഗിൾ', 'ദ് ഫ്യൂറി', 'ഡാർക്ക് റീയൂണിയൻ' എന്നീ 4 പുസ്തകങ്ങൾക്കുശേഷം എൽ.ജെ.സ്മിത്ത് ഒരു നീണ്ട ഇടവേള എടുത്തു. പിന്നീട്, സ്മിത്ത് 2009 ഫെബ്രുവരി 10നു 'ദ് റിട്ടേൺ ട്രൈലജി'യുടെ ആദ്യ ഗഡു പ്രസിദ്ധീകരിച്ചു. 'ദ് റിട്ടേൺ: നൈറ്റ്ഫാൾ', 'ദ് റിട്ടേൺ: ഷാഡോ സോൾസ്', 'ദ് റിട്ടേൺ: മിഡ്‌നൈറ്റ്' എന്നിവയായിരുന്നു 'ദ് റിട്ടേൺ ട്രൈലജി' എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. 'ഷാഡോ സോൾസ്' 2010 മാർച്ച് 16നും 'മിഡ്‌നൈറ്റ്' 2011 മാർച്ച് 15നു പുറത്തിറങ്ങി.
അതിനുശേഷവും കഥയുടെ തുടർച്ചയുണ്ടായി. 'വാമ്പയർ ഡയറീസ്' എന്ന യഥാർത്ഥ നോവൽ ട്രൈലജി എഴുതിയപ്പോൾ ഒരു വർക്ക് ഫോർ ഹയർ കരാറിൽ സ്മിത്ത് ഒപ്പുവച്ചിരുന്നു. അങ്ങനെ 'ദ് റിട്ടേൺ ട്രൈലജി'ക്കു ശേഷമുള്ള 'ദ് ഹണ്ടേഴ്‌സ്' എന്ന ട്രൈലജി ഒരു ഗോസ്റ്റ് റൈറ്റർ ആണ് എഴുതിയത്. 'ദ് ഹണ്ടേഴ്‌സ്: ഫാന്റം', 'ദ് ഹണ്ടേഴ്‌സ്: മൂൺസോങ്', 'ദ് ഹണ്ടേഴ്‌സ്: ഡെസ്റ്റിനി റൈസിങ്' എന്നിവയാണ് ആ പുസ്തകങ്ങൾ. അതിനുശേഷം വന്ന 'സാൽവേഷൻ ട്രൈലജി' എഴുതിയത് ഓബ്രി ക്ലാർക്കാണ്. 'ദ് സാൽവേഷൻ: അൺസീൻ', 'ദ് സാൽവേഷൻ: അൺസ്പോക്കൺ', 'ദ് സാൽവേഷൻ: അൺമാസ്ക്ഡ്' എന്നിവയാണത്.

എന്തുകൊണ്ട് ഇത്ര ജനപ്രീതി?
ടീനേജ് ഡ്രാമ, സൂപ്പർനാച്ചുറൽ ത്രില്ലർ എന്നീ വിഭാഗങ്ങളുടെ സമ്മേളനമാണ് ദ് വാംപയർ ഡയറീസ്. ഒരു സാധാരണ പെൺകുട്ടിയുടെ ജീവിതത്തിൽ വാംപയറുകൾ, വിച്ചുകൾ, ഭൂതങ്ങൾ എന്നിവ കടന്നുവരുന്നത് വായനക്കാർക്ക് ഒരു ഫാന്റസി റിയാലിറ്റിയായി തോന്നിപ്പിച്ചു. വിപരീതസ്വഭാവമുള്ള രണ്ടു സഹോദരന്മാർ ഒരു പെൺകുട്ടിയെ പ്രണയിച്ചാൽ സംഭവിക്കാവുന്ന ആകാഷയാണ് മറ്റൊരു കാരണം. സ്റ്റെഫാൻ ശാന്തനും മനുഷ്യരെ സ്നേഹിക്കുന്നവനുമാണ്, എന്നാൽ ഡേയ്മൻ തനിക്കു ചുറ്റും ആകാംഷ നിലനിർത്തുന്നവനും ആകർഷണത്വമുള്ളവനുമാണ്. ഈ ലൗ ട്രയാംഗിൾ ഫാൻസിനെ വർഷങ്ങളോളം സീരീസില്‍ ബന്ധിപ്പിച്ചു നിർത്തി.
2009ൽ 'ദ് വാംപയർ ഡയറീസ്' ടിവി സീരീസ് വന്നപ്പോൾ, ഇത് ലോകമെമ്പാടുമുള്ള ഫാന്റസി ഫാൻസിനെ ആരാധകരാക്കി മാറ്റി. നിന ഡോബ്രെവ്, പോൾ വെസ്ലി, ഇയാൻ സോമർഹാൽഡർ എന്നിവരുടെ അഭിനയിച്ച സീരീസ് വൻ വിജയമായിരുന്നു.