ADVERTISEMENT

നല്ല മണ്‍ചട്ടിയിലുണ്ടാക്കിയ മീന്‍കറിയും ബീഫുമൊക്കെ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പണ്ടൊക്കെയായിരുന്നെങ്കില്‍ അടുപ്പില്‍ വിറകുവച്ച് അതിലായിരുന്നു ചട്ടിയിലെ പാചകം. എന്നാലിന്ന് വിറകടുപ്പ് മിക്ക വീടുകളിലും ഇല്ല. നോണ്‍ സ്റ്റിക്ക് കടായികളിലോ അല്ലെങ്കില്‍ ഇരുമ്പ് പാത്രങ്ങളിലോ ഒക്കെ പാചകം ചെയ്യുന്നത് പോലെ അത്ര എളുപ്പമല്ല ചട്ടിയില്‍ കറിയും മറ്റും ഉണ്ടാക്കാന്‍. ശരിക്ക് ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ല എങ്കില്‍, ഇതുകൊണ്ട് ഒട്ടേറെ അപകടങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകാം.

ഇത്തരമൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ഫുഡ് വ്ളോഗറായ ആര്യ. മീന്‍കറി ഉണ്ടാക്കുന്ന വിഡിയോ ചെയ്യാനായി സാധനങ്ങള്‍ എല്ലാം എടുത്തു വച്ചു അവസാനം, ഗ്യാസ് സ്റ്റൗവിന് മുകളില്‍ ചട്ടി വച്ച് എണ്ണയൊഴിച്ചു. കടുക് പൊട്ടി വന്നപ്പോഴേക്കും ചട്ടി തന്നെ പൊട്ടിത്തെറിക്കുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്.

വളരെ രസകരമായ ഒട്ടേറെ കമന്‍റുകള്‍ ഈ വിഡിയോയ്ക്ക് കീഴില്‍ കാണാം. "ലെ കടുക് :എനിക്കെങ്ങും പൊട്ടാൻ വയ്യ ലെ ചട്ടി :എന്നാ ഞാൻ പൊട്ടാം" ഇതാണ് ഒരു കമന്റ്. "വെളിച്ചെണ്ണയും കഞ്ഞി വെള്ളം ഒഴിച്ച് മയക്കാൻ ശ്രമിച്ചിട്ടാണ് മയങ്ങാത്തത് ഡയറി മിൽക്കോ ഡാർക്ക് ചോക്ലേറ്റ് വല്ലതും കൊടുത്താൽ ചിലപ്പോൾ മയങ്ങുമായിരിക്കും" എന്നാണ് മറ്റൊരാള്‍ പറഞ്ഞത്. "ലെ ചട്ടി : എണ്ണയിൽ കിടന്ന് കടുക് പൊട്ടി അത് എനിക്ക് ഇഷ്ടായില്ല. അപ്പോ ഞാനും പൊട്ടി", "കറി ഉണ്ടാക്കിയതിനു ശേഷം ആണ് പൊട്ടിത്തെറിച്ചത് എങ്കിലോ... അപ്പൊ എന്ത് കൊണ്ടും ലാഭം അല്ലേ" എന്നിങ്ങനെയുള്ള കമന്‍റുകളും കാണാം. 

ചട്ടി വാങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

∙ചട്ടി വാങ്ങുന്നതിനു മുമ്പായി സൂര്യപ്രകാശത്തിന് നേരെ പിടിച്ച് നോക്കുക. ഏതെങ്കിലും ഭാഗം അല്‍പ്പം സുതാര്യമായി കാണുന്നുണ്ടെങ്കിൽ അവിടെ പെട്ടെന്ന് ഓട്ട വീഴാനുള്ള സാധ്യത കൂടുതലാണ്. അൽപമെങ്കിലും വെട്ടം കടന്നു വരുന്നുണ്ടെങ്കിൽ ചട്ടിയിൽ ഓട്ട ഉണ്ടെന്ന് മനസിലാക്കാം. അങ്ങനെയുള്ള ചട്ടികൾ വാങ്ങാതെ ഒഴിവാക്കാം. 

∙ചട്ടിയുടെ ഉൾഭാഗവും അടിഭാഗവും നല്ല മിനുസമുള്ളതാണ് കറിവയ്ക്കാൻ നല്ലത്. ഇത് പ്രത്യേകം ശ്രദ്ധിക്കുക.

∙ നല്ലതുപോലെ വെന്ത ചട്ടി തിരഞ്ഞെടുക്കുക. ചട്ടി നന്നായി വെന്തതാണോ എന്നറിയാന്‍ ചട്ടിയുടെ പുറംഭാഗം തട്ടി നോക്കാം. നല്ല മുഴക്കമുള്ള ശബ്ദമാണ് കേൾക്കുന്നത് എങ്കില്‍ ചട്ടി നന്നായി വെന്തതാണ് എന്നാണര്‍ത്ഥം.

∙ചട്ടിയുടെ അടിഭാഗത്ത് കനക്കൂടുതലുണ്ടോ എന്ന് പരിശോധിക്കുക. ചില ചട്ടികളുടെ അടിഭാഗവും മറ്റു ഭാഗങ്ങളും തമ്മില്‍ കനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും. ഇത്തരം ചട്ടികൾ പൊട്ടാനുള്ള സാധ്യത കൂടുതലാണ്. 

ചട്ടി ഉപയോഗിക്കുന്നതിനു മുന്നേ മയക്കിയെടുക്കണം

ചട്ടി വാങ്ങിയാലും അത് പാചകത്തിന് ഉപയോഗിക്കുന്നതിന് മുന്നോടിയായി ഒന്നു പരുവപ്പെടുത്തി എടുക്കേണ്ടതായിട്ടുണ്ട്. ഇതിനു മയക്കി എടുക്കുക എന്നാണ് പറയുന്നത്. ചട്ടി വാങ്ങി രണ്ട് ദിവസം അതില്‍ കഞ്ഞിവെള്ളം ഒഴിച്ച് വയ്ക്കുക. ഇനി ഈ വെള്ളം കളഞ്ഞ് നല്ല ചൂടുള്ള കഞ്ഞിവെള്ളം ചട്ടിയിൽ ഒഴിച്ച് വയ്ക്കുക. പത്ത് മുതൽ പന്ത്രണ്ട് മണിക്കൂറിന് ശേഷം ഈ വെള്ളം കളയാം. ഇങ്ങനെ ഒരു നാലോ അഞ്ചോ തവണ ആവര്‍ത്തിക്കുക. 

∙ തേങ്ങാപ്പീരയും കുടംപുളിയും കുറച്ച് വെളിച്ചെണ്ണയും കൂട്ടി ചട്ടിയിൽ നന്നായി തേച്ചു പിടിപ്പിക്കുക. ഇത് അരമണിക്കൂര്‍ വച്ച ശേഷം, ചകിരി ഉപയോഗിച്ച് കഴുകുക. അതിനുശേഷം ചട്ടിയില്‍ വെളിച്ചെണ്ണ പുരട്ടി നാലഞ്ച് മണിക്കൂർ വെയിലത്ത് വയ്ക്കുക.  ഇങ്ങനെ ചെയ്താൽ ചട്ടി ഉപയോഗിക്കാന്‍ തയ്യാറാകും.

ചട്ടിയുടെ ആയുസ്സ് കൂട്ടാന്‍ ഇങ്ങനെ കൈകാര്യം ചെയ്യുക

∙ മൺചട്ടിയും ചാരമിട്ട് കഴുകുന്നതാണ് ഏറ്റവും ഉത്തമം. സോപ്പ് ഉപയോഗിച്ചാണ് കഴുകുന്നതെങ്കില്‍ ധാരാളം വെള്ളം ഉപയോഗിച്ച് വേണം ചട്ടി കഴുകിയെടുക്കാൻ. സോപ്പിന്‍റെ അംശം തങ്ങിനില്‍ക്കുന്നത് ചട്ടിയുടെ ആയുസ്സ് കുറയ്ക്കുമെന്ന് മാത്രമല്ല, അടുത്ത തവണ കറി വയ്ക്കുമ്പോള്‍ അതിലേക്ക് കലരാനും സാധ്യതയുണ്ട്.

∙ നല്ലതായി തീ കത്തുന്ന അടുപ്പിലേക്ക് ചട്ടി നേരിട്ടെടുത്ത് വയ്ക്കരുത്. ഇങ്ങനെ ചെയ്‌താല്‍, പെട്ടെന്നുള്ള ചൂട് കാരണം ചട്ടി പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍, ചെറിയ തീയിൽ വച്ച് ചട്ടിയിൽ പാചകം ആരംഭിക്കുക. ചട്ടി ചൂടു പിടിക്കുന്നതിനനുസരിച്ച് തീയും കൂട്ടാം.

∙ചൂടായിരിക്കുന്ന ചട്ടി പെട്ടെന്ന് കഴുകരുത്. ആദ്യം ചട്ടിയിൽ കുറച്ച് ചൂടുവെള്ളം ഒഴിച്ചുവയ്ക്കുക. അൽപസമയത്തിനു ശേഷം മാത്രമേ പച്ചവെള്ളം ഉപയോഗിച്ച് കഴുകാവൂ. അല്ലെങ്കിൽ ചട്ടി പെട്ടെന്ന് പൊട്ടിപ്പോകും.

English Summary:

The Ultimate Guide to Earthen Pots (Manchatti): Buying, Seasoning, and Care

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com