ചക്ക മുറിക്കാതെ എണ്ണയിൽ പൊരിച്ചെടുക്കുന്നു; ഇതെന്ത് പലഹാരം!

Mail This Article
ചക്ക വറുത്തതും പുഴുക്കും പായസവുമൊക്കെ മാറ്റിപ്പിടിച്ച് പുതിയൊരു ഐറ്റം ഉണ്ടാക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. വിഭവത്തിന്റെ പേര് അറിയില്ലെങ്കിലും ചക്കയുടെ പാചകം കണ്ട് ഭക്ഷണപ്രേമികളുടെ കണ്ണുതള്ളിയിരിക്കുകയാണ്. സാധാരണയായി ഉണ്ടാക്കുന്ന ചക്ക വിഭവങ്ങളൊക്കെ മാറ്റി പുതിയതെന്തോ പരീക്ഷിക്കുകയാണിവിടെ. ചക്ക മുറിക്കാതെ തിളച്ച എണ്ണയിൽ പൊരിച്ചെടുക്കുന്നു. ഒരു വലിയ ചക്കയാണ് പാചകത്തിനായി ഉപയോഗിക്കുന്നത്.
എണ്ണയിൽ പൊരിച്ച ചക്കയെടുത്ത് അതിനുമേൽ വെള്ളമൊഴിച്ച് കഴുകി ചക്ക മുറിക്കുന്നതും കാണാം. ശേഷം ചക്കപ്പഴം ഒക്കെ എടുത്ത് കുരു കളഞ്ഞ് അരിഞ്ഞെടുക്കുന്നു. പിന്നെ ജാറിൽ വെള്ളവും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുന്നു. ചക്കയുടെ ഈ മിശ്രിതം ചീനച്ചട്ടിയിൽ ചേർത്ത് മൈദയോ ഗോതമ്പ് പൊടിയോ അല്ലെങ്കിൽ അരിപ്പൊടിയോ ചേർക്കുന്നു, മധുരത്തിനായി മിൽക്ക് മെയ്ഡും ചേർത്ത് യോജിപ്പിച്ച് കുറുക്കി എടുക്കുന്നതായി വിഡിയോയിൽ കാണാം.
അവസാനം ഒരു പരന്ന പാത്രത്തിലേക്ക് ഒഴിച്ച് തണുത്തതിനു ശേഷം മുറിച്ചെടുക്കുന്നു. ഹൽവ രൂപത്തിലാണ് ഈ വിഭവം ഇരിക്കുന്നത്. എന്തായാലും സംഭവം അടിപൊളിയായിട്ടുണ്ട്. ഇങ്ങനെ ഉണ്ടാക്കുന്നതിന് എന്തിനാണ് ആദ്യം ചക്ക മുറിക്കാതെ എണ്ണയിൽ പൊരിച്ചെടുത്തത് എന്നത് ആർക്കും മനസ്സിലായിട്ടില്ല, ഇത് ഇക്കൂട്ടരുടെ പരമ്പരാഗത വിഭവം ആണോയെന്നും സംശയമുണ്ട്, രസകരമായ കമെന്റുകളാണ് വിഡിയോയ്ക്ക് താഴെയുള്ളത്.