മണലിൽ വറുത്ത നിലക്കടല കഴിക്കാറുണ്ടോ? ഇതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ!

Mail This Article
കടലോരത്ത് കൂട്ടുകാര്‍ക്കൊപ്പം സൊറ പറഞ്ഞിരിക്കുമ്പോള്‍, വഴിയോരത്ത് ബസ് സ്റ്റാന്‍ഡില്‍ വണ്ടി വരുന്നതും നോക്കി നില്‍ക്കുമ്പോള്‍, വലിയ മാര്‍ക്കറ്റുകളുടെ കവാടങ്ങളിലൂടെ നടക്കുമ്പോള്‍... ഒരു കച്ചവടക്കാരനെങ്കിലും കാണും, ഉന്തുവണ്ടിയില്‍ വലിയ ചീനച്ചട്ടി വച്ച്, അതില്‍ പൂഴി നിറച്ച് കടല വറുക്കുന്ന ഒരു ചേട്ടന്‍... ആ മണം ഉള്ളിലേക്ക് അടിച്ചുകയറുമ്പോള്‍ തന്നെ ഒരുപാട് ഓര്‍മ്മകള്‍ മനസ്സില്‍ നിന്നും പതിയെ തലപൊക്കും. പലര്‍ക്കും ആ കടലമണം ഗൃഹാതുരത്വമാര്‍ന്ന ഒരു അനുഭവം തന്നെയാണ്. പിന്നെ പഴയ മാഗസിന്‍ കൊണ്ട് കുത്തിയ കുമ്പിളില്‍ വാങ്ങിച്ച്, ചൂടോടെ കൊറിച്ചില്ലെങ്കില്‍ ഒരു സമാധാനവുമില്ല.
എന്നാല്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഇതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടാകുമോ എന്ന്? കഴുകിയ മണലായിരിക്കുമോ അവര്‍ ഉപയോഗിച്ചിട്ടുണ്ടാവുക? കടലയ്ക്കുള്ളിലെ മണല്‍ത്തരികള്‍ ഉള്ളില്‍ പോയതുകൊണ്ട് കുഴപ്പം വല്ലതുമുണ്ടോ എന്നൊക്കെ?

പതിറ്റാണ്ടുകളായി ഇന്ത്യൻ തെരുവ് ഭക്ഷണ സംസ്കാരത്തിന്‍റെ ഭാഗമാണ് മണലില്‍ വറുത്തെടുക്കുന്ന നിലക്കടല. വളരെ ലളിതമായ, എന്നാല്‍ സമര്‍ത്ഥമായ ഒരു മാര്‍ഗ്ഗമാണ് ഇത്. മുംബൈയിലെ ബീച്ചുകളില്‍ മുതൽ കേരളത്തിലെ തെരുവോരങ്ങളില്‍ വരെ ഇത് കാണാം. ഇരുമ്പ് ചട്ടിയിൽ ചൂടാക്കിയ പരുക്കൻ മണലിലേക്ക് നിലക്കടല ഇട്ട് തുടര്‍ച്ചയായി ഇളക്കുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ ഓരോ നിലക്കടലയിലേക്കും ചൂട് തുല്യമായി കൈമാറുന്നു. സാധാരണ ചീനച്ചട്ടിയില്‍ ഇട്ടു വെറുതെ ഇളക്കി വറുത്തെടുത്താല്‍ പല ഭാഗത്തും വേവാതെ കിടക്കും. വറുത്തുകഴിഞ്ഞാൽ, മണൽ അരിച്ചെടുക്കുന്നു.
മണലിൽ വറുത്ത നിലക്കടല കഴിക്കുന്നത് സുരക്ഷിതമാണോ?
മണൽ വൃത്തിയുള്ളതും, സൂക്ഷ്മാണുക്കളെ കൊല്ലാൻ ആവശ്യമായ ഉയർന്ന താപനിലയിൽ വറുത്തതുമാണെങ്കിൽ, മണലിൽ വറുത്ത നിലക്കടല താരതമ്യേന സുരക്ഷിതവും ആരോഗ്യകരവുമാണ്. മണൽ തുല്യമായ താപ വിതരണം നൽകുന്നതിനാല്‍ കടല എല്ലാഭാഗത്തും തുല്യമായി വെന്തുകിട്ടുന്നു. രാസവസ്തുക്കളോ സുഗന്ധങ്ങളോ പ്രിസർവേറ്റീവുകളോ എണ്ണയോ കൊഴുപ്പോ ഒന്നും തന്നെ ഉപയോഗിക്കാതെ വറുത്തെടുക്കുന്നതിനാൽ ഇതില്‍ വളരെ കുറഞ്ഞ കലോറി മാത്രമേയുള്ളൂ. മണലിൽ വറുക്കുന്നത് കാരണം നിലക്കടലയിലെ പ്രോട്ടീനോ നാരുകളോ നശിപ്പിക്കപ്പെടുന്നില്ല. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
വറുക്കാന്‍ ഉപയോഗിക്കുന്ന മണൽ നന്നായി വൃത്തിയാക്കിയതല്ലെങ്കിൽ, അതിൽ അഴുക്ക്, ഘന ലോഹങ്ങൾ, രാസ അവശിഷ്ടങ്ങൾ, അല്ലെങ്കിൽ മലം എന്നിവ അടങ്ങിയിരിക്കാം. മലിനമായ മണൽ വയറ്റിലെ അണുബാധയ്‌ക്കോ വിഷബാധയ്‌ക്കോ കാരണമാകും. കൂടാതെ, മലിനമായ റോഡുകൾ, ഈച്ചകൾ, തുറസ്സായ സ്ഥലം എന്നിങ്ങനെ ചുറ്റുമുള്ള പരിസ്ഥിതിയും ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
പായ്ക്ക് ചെയ്ത ഭക്ഷണത്തിൽ നിന്ന് വ്യത്യസ്തമായി, തെരുവിൽ വറുക്കുമ്പോള്‍ ഗുണനിലവാര നിയന്ത്രണ നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
വറുക്കുന്നതിനേക്കാള്‍ നല്ലത് ഇങ്ങനെ
നിലക്കടല പുഴുങ്ങി കഴിക്കുന്നതും പ്രചാരത്തിലുള്ള ഒരു രീതിയാണ്. പുഴുങ്ങിയ നിലക്കടലയിൽ വറുത്ത നിലക്കടലയിലേതിനേക്കാളും നാലിരട്ടി ആന്‍റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ കൊഴുപ്പും കലോറിയും കുറവുമാണ്. അതിനാല്‍ തടി കുറയ്ക്കാന്‍ നോക്കുന്നവര്‍ക്ക് മികച്ച ഓപ്ഷന്‍ നിലക്കടല പുഴുങ്ങി കഴിക്കുന്നതാണ്. എങ്കിലും വറുത്ത നിലക്കടലയില്‍ പ്രോട്ടീന്‍, നാരുകള്‍ എന്നിവ കൂടുതല്‍ ഉണ്ട് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.