ഇത് കെണിയാണോ? കണിക്കൊന്ന പൂവു കൊണ്ട് പക്കോട ഉണ്ടാക്കുന്നു!

Mail This Article
വിഷുദിനത്തില്‍ കണിയൊരുക്കാന്‍ അല്ലാതെ, ഭക്ഷണം തയാറാക്കാന്‍ കണിക്കൊന്നയുടെ പൂവ് ഉപയോഗിക്കുന്നതായി കേട്ടിട്ടുണ്ടോ? ഇത് ആഹാരത്തിനായി ഉപയോഗിക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് യുട്യൂബ് വ്ളോഗര്‍. കൊന്നപ്പൂ ഉപയോഗിച്ച് ഒരുതരം പക്കാവടയാണ് ഇവര്‍ ഉണ്ടാക്കുന്നത്.
അതിരാവിലെ തന്നെ, പൂത്തു നില്‍ക്കുന്ന ഒരു കണിക്കൊന്ന മരത്തില്‍ നിന്നും പൂക്കള്‍ ശേഖരിക്കുന്ന ഒരു സ്ത്രീയും പുരുഷനുമാണ് വീഡിയോയില്‍ ഉള്ളത്. പിന്നീട് ഇവ വിറക് ശേഖരിക്കുന്നു. അതിനുശേഷം, കണിക്കൊന്നയുടെ ഇതളുകള്‍ ഓരോന്നായി അടര്‍ത്തി ഒരു പാത്രത്തിലേക്കിട്ടു കഴുകുന്നു.
കണിക്കൊന്നയുടെ ഇലകളും ഇതേപോലെ അടര്‍ത്തി എടുത്ത് വൃത്തിയാക്കുന്നു. പിന്നീട് ഇതിന്‍റെ കായ ഇടിച്ച് ഉള്ളിലെ പരിപ്പ് എടുക്കുന്നു. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വെള്ളം ഒഴിച്ച് വെക്കുന്നു. കണിക്കൊന്നയുടെ ഇല കഴുകി വൃത്തിയാക്കിയ ശേഷം അത് ചതച്ച് എടുക്കുന്നു. ഈ ഇല കാലിലെ വിള്ളല്‍ മാറാനാണ് ഉപയോഗിക്കുന്നത്.
ശേഷം, രണ്ടു സവാള എടുത്ത് തൊലി കളഞ്ഞ് അരിയുന്നു. അതേപോലെ വെളുത്തുള്ളിയും അരിയുന്നു. നേരത്തെ കഴുകി മാറ്റിവെച്ച കണിക്കൊന്നയിലേക്ക് കടലപ്പൊടി, ഉപ്പ്, മഞ്ഞള്‍ , മുളകുപൊടി, മല്ലിപ്പൊടി, സവാള, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുന്നു.
തുടര്‍ന്ന് മണ്ണു കൊണ്ടുള്ള അടുപ്പില്‍ തീ കത്തിച്ച് ചീനച്ചട്ടി വെക്കുന്നു. അടിയില്‍ കരി പിടിക്കാതിരിക്കാനാന്‍ മണ്ണ് തേക്കുന്നു. ഇതിലേക്ക് വെള്ളം ഒഴിച്ച് കണിക്കൊന്ന പൂക്കള്‍ ഇട്ടു വാട്ടി എടുക്കുന്നു. ഇത് ഊറ്റിയെടുത്ത് മാറ്റി വയ്ക്കുന്നു.
ഒരു പാത്രത്തില്‍ ഈ വെള്ളം എടുത്ത് അതിലേക്ക് തേന്‍ ചേര്‍ക്കുന്നത് കാണാം. ഇനി വീണ്ടും ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ഒഴിക്കുന്നു. ഇതിലേക്ക് കണിക്കൊന്നയും കടലമാവും ചേര്‍ന്ന മിശ്രിതം അല്‍പ്പാല്‍പ്പമായി നുള്ളിയിട്ട് പൊരിച്ചെടുക്കുന്നു. ഇത് കണിക്കൊന്ന വാട്ടിയ വെള്ളവും തേനും ചേര്‍ന്ന പാനീയവും ഇതോടൊപ്പം വിളമ്പുന്നുണ്ട്.
ആദ്യമായാണ് ഇത്തരമൊരു വിഭവം കാണുന്നതെന്ന് ഒട്ടേറെ ആളുകള്‍ താഴെ കമന്റ് ചെയ്തിട്ടുണ്ട്.
കണിക്കൊന്ന ശരിക്കും ഔഷധം
കണിക്കൊന്ന കഴിക്കാമോ എന്ന് പലര്‍ക്കും സംശയം തോന്നാം. എന്നാല്‍, പുരാതന കാലം മുതല്‍ക്കേ, ഔഷധമായി ഉപയോഗിച്ചു വന്ന ഒരു ചെടിയാണ് ഇത്, ഇതിന്‍റെ പട്ട, ഫലത്തിന്‍റെ മജ്‌ജ, വേര്, പൂവ്, ഇല എല്ലാം മരുന്നായി ഉപയോഗിക്കാം. ത്വക് രോഗങ്ങൾ ശമിപ്പിക്കാനും ശരീരകാന്തി വർധിപ്പിക്കാനുമെല്ലാം ഇതിനു കഴിവുണ്ടെന്ന് ആയുര്‍വേദം പറയുന്നു.
കണിക്കൊന്നയുടെ പാകമായ കായ്‌കൾ മണലിൽ ഒരാഴ്‌ച സൂക്ഷിച്ചെടുത്ത് വെയിലിൽ ഉണക്കി പൾപ്പെടുത്ത് വൃത്തിയുള്ള പാത്രത്തിൽ സൂക്ഷിച്ച് വിരേചന ഔഷധമായി ഉപയോഗിക്കാമെന്ന് ചരക സംഹിതയിലുണ്ട്. അതുപോലെ, തളിരില, അഞ്ചുമുതൽ പതിനഞ്ചു ഗ്രാംവരെ മോരിൽ അരച്ചു കുടിക്കുന്നത് അമിതവണ്ണം കുറയ്‌ക്കാൻ സഹായിക്കും. പൂവ് അരച്ചു കഴിച്ചാൽ പുളിച്ചുതികട്ടലിനും വയറിലെ അൾസർ മാറാനും നല്ലതാണ്. അതേപോലെ, കൊന്നക്കായയുടെ കുരുകളഞ്ഞ് മാംസളമായ ഭാഗം പാലിൽ കാച്ചി പഞ്ചസാരയും ചേർത്ത് കഴിച്ചാൽ മലബന്ധം, അതോടനുബന്ധിച്ചുള്ള വയറുവേദന ഇവയ്‌ക്ക് ഫലപ്രദമാണ്. കണിക്കൊന്നയുടെ പട്ടയ്‌ക്ക് വൈറസുകൾക്കും ബാക്‌ടീരിയയ്‌ക്കും ഫംഗസിനുമെതിരെ പൊരുതാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.