ഒന്നര ഏക്കറിൽ മത്സ്യം–പച്ചക്കറി–ഗ്രാമീണ ടൂറിസം; കായലോരത്തു കൃഷിയുടെ കാഴ്ചച്ചന്തമൊരുക്കിയ ‘മാനേജർ’

Mail This Article
അലങ്കാരപ്പനകൾ അതിരിടുന്ന വഴിയിലൂടെ കായലോരത്തുള്ള ഈ കൃഷിയിടത്തിലേക്കു പ്രവേശിക്കാം. കരിമീനും പൂമീനും വളരുന്ന കുളത്തിനു പച്ചക്കറികളുടെ പന്തൽ. ആ തണലിൽ കുളത്തിലൂടെ ചുറ്റിക്കറങ്ങാൻ പെഡൽ ബോട്ടും കുട്ടവഞ്ചിയും. കായൽസവാരിക്കു സ്പീഡ് ബോട്ടും നാടൻവള്ളവും. കായലോരത്തു കഥ പറഞ്ഞിരിക്കാൻ ചെറിയ മുളങ്കുടിലുകൾ. ചുറ്റും പൂത്തുനിൽക്കുന്ന പലയിനം അലങ്കാരച്ചെടികൾ.
കായലോരത്തെ കൃഷിയിടത്തിൽ മത്സ്യക്കൃഷിക്കും പച്ചക്കറിക്കൾക്കുമൊപ്പം ഫാം ടൂറിസത്തിന്റെ സാധ്യതകൾ കൂടി പരീക്ഷിക്കുകയാണ് ആലപ്പുഴ നെടുമ്പ്രക്കാട് ആര്യാടൻ വാതുക്കൽ കെ.ടി.ഫ്രാൻസിസ്.
നെടുമ്പ്രക്കാട് കുറിയമുട്ടം കായലിന്റെ കിഴക്കേത്തീരത്തുള്ള 1.5 ഏക്കർ ഭൂമിയിലാണ് മീനിനും പച്ചക്കറികൾക്കുമൊപ്പം ഗ്രാമീണ ടൂറിസവും വളരുന്നത്. വെള്ളൂർ കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡിൽനിന്ന് മാനേജരായി വിരമിച്ച ഫ്രാൻസിസ് 10 വർഷം മുൻപാണ് ഇവിടെ കൃഷി ആരംഭിച്ചത്. 1.5 ഏക്കർ ഭൂമിയിൽ 70 സെന്റ് കുളമാണ്. ഇവിടെ കരിമീനും പൂമിനും വളർത്തുന്നു. മീൻകുഞ്ഞുങ്ങളെ പക്ഷികൾ കൊത്തിക്കൊണ്ടുപോകാതിരിക്കാൻ കുളത്തിനു മുകളിൽ വലകെട്ടി. കുളത്തിനു ചുറ്റും നട്ട പാവലും പടവലവും പീച്ചിലും കോവലുമെല്ലാം ഈ വലയിലേക്കു പടർത്തിയതോടെ മത്സ്യക്കുളത്തിനു പച്ചക്കറിപ്പന്തൽ. വാഴ, ചീര, പച്ചമുളക്, പയർ തുടങ്ങിയവയും കൃഷി ചെയ്യുന്നു. കായലിൽ ജിഐ പൈപ്പും വലയും ഉപയോഗിച്ചുള്ള ഫ്ലോട്ടിങ് കേജുകളിൽ കരിമീൻ കൃഷി. നാലു കേജുകളിലായി 1200 കരിമീൻ കുഞ്ഞുങ്ങൾ.
കോട്ടയം വെള്ളൂർ കെപിപിഎല്ലിൽ സിവിൽ എൻജിനീയറായി ജോലിയിൽ പ്രവേശിച്ച ഫ്രാൻസിസ് 37 വർഷത്തെ സേവനത്തിനു ശേഷമാണ് 2015ൽ വിരമിച്ചത്. ജന്മനാട്ടിലേക്കു മടങ്ങിയെത്തുമ്പോൾ മനസ്സിൽ കൃഷിയും മീൻവളർത്തലും മാത്രമായിരുന്നു. വിരമിക്കുന്നതിനും 7 വർഷം മുൻപേ ഇതിനായി കായലോരത്തു സ്ഥലം വാങ്ങി. 5 വ്യക്തികളിൽ നിന്നായി വാങ്ങിയ സ്ഥലം ഇന്നു കാണുന്ന രൂപത്തിലാക്കുകയായിരുന്നു.
ഓരുവെള്ളം കയറാത്ത 6 മാസമാണ് പ്രധാനമായും പച്ചക്കറിക്കൃഷി. വർഷം മുഴുവനും മത്സ്യക്കൃഷിയും. ആളുകൾ കൃഷിയിടത്തിലെത്തിയാണ് മീൻ വാങ്ങുന്നത്. ഇതിനു പുറമേ കൃഷിയിടം കാണാനും കായൽക്കാറ്റേറ്റ് ഇവിടെ സമയം ചെലവഴിക്കാനും ആളുകളെത്തുന്നു. ചൂണ്ടയിട്ടു മീൻപിടിക്കാനും ഭക്ഷണം പാകം ചെയ്യാനും ചെറിയ കൂട്ടായ്മകൾ സംഘടിപ്പിക്കാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒപ്പം ബോട്ടുസവാരിയും.
ഫോൺ: 9447568930