ജബൽ അലി ഫ്രീ സോണിൽ ഇന്ത്യൻ ഉൽപന്നങ്ങളുമായി ഭാരത് മാർട്ട് അടുത്തവർഷം

Mail This Article
ദുബായ് ∙ ഇന്ത്യൻ വ്യവസായത്തിന് ലോക വിപണിയിലേക്കു വാതിൽ തുറന്ന് ഭാരത് മാർട്ട് അടുത്ത വർഷം പ്രവർത്തനം ആരംഭിക്കും. ജബൽ അലി ഫ്രീ സോണിൽ 27 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് ഇന്ത്യൻ ഉൽപന്നങ്ങൾക്കു മാത്രമായുള്ള വിപണി തുറക്കുന്നത്.
ഇന്ത്യൻ ഉൽപന്നങ്ങളുടെ വിപണന–സംഭരണ കേന്ദ്രമായി വിഭാവനം ചെയ്ത ഭാരത് മാർട്ട്, ഇന്ത്യൻ വ്യവസായത്തിന് ആഫ്രിക്ക, മധ്യപൂർവ രാജ്യങ്ങൾ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് അതിവേഗം വ്യാപിക്കാനുള്ള പ്രവേശന കവാടം കൂടിയാണ്. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂമിന്റെ ഇന്ത്യാ സന്ദർശനത്തിലാണ് ഭാരത് മാർട്ട് തുറക്കുന്നത് സംബന്ധിച്ച് പ്രഖ്യാപിച്ചത്.
വ്യവസായങ്ങൾക്ക് നേരിട്ടും (ബിസിനസ് ടു ബിസിനസ്), ഉപഭോക്താക്കളിലേക്കും (ബിസിനസ് ടു കൺസ്യൂമർ) ആശ്രയിക്കാവുന്ന വ്യാപാര കേന്ദ്രമായിരിക്കും ഭാരത് മാർട്ട്. ഇന്ത്യൻ വ്യവസായത്തിനു രാജ്യാന്തര വിപണിയിൽ പ്രവേശിക്കാനുള്ള എല്ലാ സഹായവും ദുബായ് നൽകും. ജബൽ അലി ഫ്രീ സോണിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനവും തുറമുഖ – വ്യോമ ഗതാഗത സൗകര്യങ്ങളും ഇന്ത്യൻ വ്യവസായങ്ങൾക്കു ഗുണകരമാകും. ഡിപി വേൾഡിന്റെ സഹകരണത്തോടെയാണ് ഭാരത് മാർട്ട് യാഥാർഥ്യമാകുന്നത്.
ഭാരത് മാർട്ടിന്റെ രൂപരേഖ ഷെയ്ഖ് ഹംദാന്റെയും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയലിന്റെയും സാന്നിധ്യത്തിൽ അവതരിപ്പിച്ചു. ഇന്ത്യൻ വ്യാപാര മേഖലയ്ക്ക് ലോക വിപണിയിലേക്ക് അതിവേഗം ബന്ധം സ്ഥാപിക്കുന്നതിനു ദുബായുടെ അടിസ്ഥാന സൗകര്യങ്ങളും വ്യോമ– ജലപാതകളും ഉപയോഗിക്കാമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.
മാർട്ടിന്റെ ആദ്യ ഘട്ടത്തിൽ 13 ലക്ഷം ചതുരശ്ര അടി വ്യാപാര കേന്ദ്രമാണ് പൂർത്തിയാകുന്നത്. ഇന്ത്യയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് അവരുടെ ഉൽപന്നങ്ങളുടെ പ്രചാരണത്തിനും വിപണനത്തിനും ഭാരത് മാർട്ട് ഉപയോഗപ്പെടുത്താം. മൊത്തം 1500 ഷോറൂമുകൾക്ക് ഇവിടെ സൗകര്യമുണ്ട്. ഇതിനു പുറമെ 7 ലക്ഷം ചതുരശ്ര അടിയിൽ സംഭരണശാല, ചെറുകിട വ്യവസായ യൂണിറ്റിനുള്ള സ്ഥലം, ഓഫിസിനുള്ള സ്ഥലം, യോഗങ്ങൾ ചേരാനുള്ള സൗകര്യം എന്നിവയുമുണ്ട്. വനിതകൾ നേതൃത്വം നൽകുന്ന വ്യവസായ സംരംഭങ്ങൾക്കു മാത്രമായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ജബൽ അലി തുറമുഖത്ത് നിന്ന് ലോകത്തിലെ 150 തുറമുഖങ്ങളിലേക്ക് നേരിട്ട് ചരക്ക് എത്തിക്കാനുള്ള സൗകര്യമുണ്ട്. ഇതിനു പുറമെ വ്യോമ പാതയിലൂടെ 300 ലോക നഗരങ്ങളുമായും ബന്ധപ്പെടാം.