അമേരിക്കൻ യാത്ര സ്വപ്നം കാണുന്നവർക്ക് സമൂഹമാധ്യമത്തിലെ ഓരോ പോസ്റ്റും സുപ്രധാനം; മുന്നറിയിപ്പുമായി യുഎസ്

Mail This Article
ന്യൂയോർക്ക് ∙ അമേരിക്കൻ യാത്ര സ്വപ്നം കാണുന്നവർക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് രംഗത്ത്. നിങ്ങളുടെ സമൂഹമാധ്യമത്തിലെ ഓരോ പോസ്റ്റും ഇനിമുതൽ വീസയുടെ ഭാവി നിർണ്ണയിച്ചേക്കാം. ട്രംപിന്റെ ഭരണകൂടത്തിന്റെ നയങ്ങൾക്ക് വിമർശനാത്മകമായ ഉള്ളടക്കങ്ങൾ പങ്കുവെച്ചാൽ വീസ അപേക്ഷ തള്ളപ്പെടാനോ, ഒരുപക്ഷേ നിലവിലുള്ള വീസ പോലും റദ്ദാക്കപ്പെടാനോ സാധ്യതയുണ്ടെന്നാണ് അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചകളിൽ വിദ്യാർഥികൾ ഉൾപ്പെടെ അനേകം പേരുടെ വീസകൾ റദ്ദാക്കായിരുന്നു. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ഒരു വ്യക്തിക്കും അമേരിക്കയിൽ സ്ഥാനമുണ്ടാകില്ലെന്നും അവരെ രാജ്യത്ത് താമസിപ്പിക്കാൻ സാധ്യമല്ലെന്നും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അമേരിക്കയുടെ തീവ്രവാദ പട്ടികയിലുള്ള സംഘടനകളെ അനുകൂലിക്കുന്ന പോസ്റ്റുകൾ പോലും നിങ്ങളുടെ വീസ റദ്ദാക്കാനുള്ള കാരണമായേക്കാം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
നിങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ ഓരോ വാക്കും പ്രവൃത്തിയും ഇനി നിരീക്ഷണത്തിലായിരിക്കും. വിദ്യാർഥികളുടെ വീസ മുതൽ ഗ്രീൻ കാർഡ് അപേക്ഷകൾ വരെ ബാധിക്കുന്ന ഈ പുതിയ നയം ഇതിനോടകം പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. കഴിഞ്ഞ ആഴ്ചകളിൽ മാത്രം നൂറുകണക്കിന് വിദേശികളുടെ വീസകളാണ് റദ്ദാക്കപ്പെട്ടത്.
കൃത്യമായ കണക്കുകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും മാർച്ചിൽ മുന്നൂറോളം പേരുടെ വീസകൾ റദ്ദാക്കിയെന്നും ദിവസേന ഈ നടപടി തുടരുന്നുണ്ടെന്നും അധികൃതർ വെളിപ്പെടുത്തുന്നു. അമേരിക്കയിലേക്കുള്ള യാത്ര ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അവസാനിച്ചേക്കാം എന്ന ഭീതിയിലാണ് ഇപ്പോൾ പലരും.