'ചോരപ്പുഴ ഒഴുക്കുമെന്ന്' കച്ചവടക്കാർ; കുണ്ടന്നൂരിലെ അനധികൃത കച്ചവടം പൊലീസ് സംരക്ഷണയിൽ ഒഴിപ്പിച്ചു

Mail This Article
കുണ്ടന്നൂർ ∙ ജംക്‌ഷനിലെ ജല അതോറിറ്റിയുടെ ശുദ്ധജല ടാങ്കുകൾക്കു സമീപത്തെ അനധികൃത കച്ചവടം മരട് നഗരസഭ വീണ്ടും ഒഴിപ്പിച്ചു. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന പഴകിയ ചെമ്മീൻ, ചൂര, ചാള, പാമുള്ളൻ തുടങ്ങിയ മത്സ്യങ്ങൾ പിടികൂടി നശിപ്പിച്ചു. സാധന സാമഗ്രികളും പിടിച്ചെടുത്തു. കുഴപ്പമില്ലാത്ത മീനുകൾ നടത്തിപ്പുകാരനു തിരികെ നൽകി. നിരോധിത മേഖലയിൽ കച്ചവടം പാടില്ലെന്നും ഒഴിഞ്ഞു പോകണമെന്നും പറഞ്ഞ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോട് 'ചോരപ്പുഴ ഒഴുക്കുമെന്ന്' കഴിഞ്ഞ ദിവസം കച്ചവടക്കാർ ഭീഷണിപ്പെടുത്തിയിരുന്നു.
ഇതേ തുടർന്ന് പൊലീസ് സംരക്ഷണയിലായിരുന്നു ഒഴിപ്പിക്കൽ. നഗരസഭയുടെ പരാതിയിൽ ചേപ്പനം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭക്ഷ്യയോഗ്യമല്ലാത്ത മീനുകൾ വിൽപനയ്ക്ക് സൂക്ഷിച്ചതിൽ പിഴയും ഈടാക്കും. വഴിയോര കച്ചവടക്കാരുടെ പക്കൽ നിന്നു ഭക്ഷ്യ വസ്തുക്കൾ പക്ഷികൾ കൊത്തി വലിച്ച് ശുദ്ധജല ടാങ്കിൽ ഇടുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു. വഴിയോര കച്ചവടം അപകടങ്ങൾക്കും ഗതാഗത കുരുക്കിനും വഴിവച്ചിരുന്നു. നഗരസഭയെയും നികുതി കൃത്യമായി അടക്കുന്ന വ്യാപാരികളെയും വെല്ലുവിളിച്ചായിരുന്നു കച്ചവടം.
ജല അതോറിറ്റി ഷീറ്റടിച്ചും നഗരസഭ പച്ച നെറ്റ് സ്ഥാപിച്ചും പാതയോരം മറച്ചു. നിരോധന ബാനറിനു തൊട്ടു താഴെയായി പിന്നീട് കച്ചവടം. അതും ഒഴിപ്പിച്ചതോടെ പച്ച ഷീറ്റ് കീറി മാറ്റിയായിരുന്നു കച്ചവടക്കാരുടെ പ്രതികാരം. ക്ലീൻ സിറ്റി മാനേജർ പ്രേംചന്ദിന്റെ നേതൃത്വത്തിൽ നടത്തിയ ഒഴിപ്പിക്കൽ നടപടികൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ പി.ഐ. ജേക്കബ്സൺ, ജെഎച്ച്ഐമാരായ അബ്ദുൽ സത്താർ, വിനു മോഹൻ, എ. ഹനീസ്, എ. അനീസ് എന്നിവർ നേതൃത്വം നൽകി. അനധികൃത കച്ചവടം നഗരസഭ അനുവദിക്കില്ലെന്ന് ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷ റിനി തോമസ് പറഞ്ഞു.