12,500 വർഷം മുൻപ് ഇല്ലാതായ ഗെയിം ഓഫ് ത്രോൺസ് ചെന്നായ വീണ്ടും ഓരിയിടുന്നു, മസ്കിന് പെറ്റായി വൂളി മാമ്മോത്തും: വിഡിയോ

Mail This Article
പതിനായിരത്തിലധികം വർഷങ്ങൾ പിന്നിലേക്ക് ടൈം ട്രാവൽ ചെയ്തെത്തിയതുപോലെ ആ ചെന്നായ കുട്ടികൾ. ഏകദേശം 12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച 'ഡെയർ വുൾഫിനെ' ജനിതക എൻജിനീയറിംഗിലൂടെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ് ടെക്സസ് ആസ്ഥാനമായുള്ള കൊളോസൽ ബയോസയൻസസ്. എച്ച്ബിഒ ഹിറ്റ് പരമ്പരയായ ഗെയിം ഓഫ് ത്രോൺസിലൂടെയാണ് ഈ ചെന്നായ വർഗം വൈറലായത്.
ൈടംസിന്റെ കവർ ചിത്രവും ഒപ്പം ഗെയിം ഓഫ് ത്രോൺസിലെ കുപ്രസിദ്ധ സിംഹാസനത്തിൽ ഇരിക്കുന്നപോലെയുള്ള ചെന്നായക്കുട്ടികളുടെ ചിത്രവും എക്സിൽ പങ്കുവച്ച് മിനിയേച്ചർ വൂളി മാമത്തിനെ നിർമിക്കാൻ കമ്പനിയോട് മസ്ക് ആവശ്യപ്പെട്ടു. ചിലർ മസ്കിന് എഐ ഉപയോഗിച്ച് വൂളി മാമത്തിനെ പെറ്റായി നൽകുകയും ചെയ്തു. ദിനോസറുകളെയും ഈ കമ്പനി തിരികെ കൊണ്ടുവരുമെന്നാണ് മസ്കിന്റെ കമന്റ് ബോക്സിൽ വരുന്ന പ്രതികരണങ്ങൾ.
പതിനായിരത്തിലധികം വർഷങ്ങൾക്ക് ശേഷം ഒരു ഓരിയിടൽ!
പതിനായിരത്തിലധികം വർഷങ്ങൾക്ക് ശേഷം ആദ്യമായി ആ വർഗത്തിലെ ചെന്നായക്കുട്ടികൾ ഓരിയിടുന്ന നിമിഷം പകർത്തിയ വിഡിയോയും കൊളോസൽ എക്സിൽ പങ്കിട്ടു. അടിക്കുറിപ്പ് ഇങ്ങനെയാണ്: "പതിനായിരത്തിലധികം വർഷങ്ങൾക്ക് ശേഷം ചെന്നായയുടെ ആദ്യ ഓരിയിടൽ നിങ്ങൾ കേൾക്കുന്നു. 2024 ഒക്ടോബർ 1-ന് ജനിച്ച, വംശനാശം സംഭവിച്ച മൃഗങ്ങളിൽപ്പെട്ട റോമുലസിനെയും റെമസിനെയും കാണുക."
13,000 വർഷം പഴക്കമുള്ള ഒരു പല്ലിൽ നിന്നും 72,000 വർഷം പഴക്കമുള്ള ഒരു തലയോട്ടിയിൽ നിന്നും ഡിഎൻഎ എടുത്ത് ആരോഗ്യമുള്ള ചെന്നായക്കുട്ടികളെ ഉണ്ടാക്കിയിരിക്കുന്നതെന്നും ഈ സാങ്കേതിക വിദ്യയെ മാജിക്കിൽനിന്നും വേർതിരിച്ചറിയാൻ കഴിയില്ലെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർ പറയുന്നു.
ചാര ചെന്നായയുടെ രക്തകോശങ്ങൾ എടുത്ത് 'CRISPR' എന്ന ജീൻ എഡിറ്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് 20 വ്യത്യസ്ത ജനിതകമാറ്റം വരുത്തിയെന്ന് കൊളോസലിന്റെ മുഖ്യ ശാസ്ത്രജ്ഞയായ ബെത്ത് ഷാപ്പിറോ പറഞ്ഞു. ആ ജനിതക മെറ്റീരിയൽ ഒരു വളർത്തു നായയുടെ അണ്ഡത്തിലേക്കു സംയോജിപ്പിച്ചു. 62 ദിവസങ്ങൾക്ക് ശേഷം ജനിതകമായി രൂപകൽപ്പന ചെയ്ത കുഞ്ഞുങ്ങൾ ജനിക്കുകയായിരുന്നു.