മോഹക്കപ്പിൽ വീണ്ടും ബഗാന്റെ മുത്തം; ഐഎസ്എൽ കിരീടം മോഹൻ ബഗാന്, ഫൈനലിൽ ബെംഗളൂരു എഫ്സിയെ തോൽപ്പിച്ചു (2–1)

Mail This Article
കൊൽക്കത്ത ∙ നിറഞ്ഞുകവിഞ്ഞ ആരാധകർക്കു മുന്നിൽ സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വിജയഗാനം പാടി മോഹൻ ബഗാൻ. പൊരുതിക്കളിച്ച ബെംഗളൂരു എഫ്സിയെ 2–1നു വീഴ്ത്തിയ കൊൽക്കത്ത ടീം ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ജേതാക്കൾ. 96–ാം
മിനിറ്റിൽ ഓസ്ട്രേലിയൻ സ്ട്രൈക്കർ ജയ്മി മക്‌ലാരനാണ് ബഗാന്റെ വിജയഗോൾ നേടിയത്. രണ്ടാം തവണയാണ് ബഗാൻ ഐഎസ്എൽ ജേതാക്കളാകുന്നത്. രണ്ടു വർഷം മുൻപ്, ഗോവയിൽ നടന്ന ഫൈനലിൽ തോൽപിച്ചതും ബെംഗളൂരുവിനെത്തന്നെ. ഒരേ സീസണിൽ തന്നെ ഗ്രൂപ്പ് റൗണ്ട് ജേതാക്കൾക്കുള്ള ലീഗ് വിന്നേഴ്സ് ഷീൽഡും ഫൈനൽ ജേതാക്കൾക്കുള്ള കപ്പും നേടുന്ന രണ്ടാമത്തെ ടീമുമായി ബഗാൻ. 2020–21 സീസണിൽ മുംബൈ സിറ്റി എഫ്സി ഈ നേട്ടം കൈവരിച്ചിരുന്നു.
ബാഡ് ലക്ക് ബെംഗളൂരു
നിറഞ്ഞു കവിഞ്ഞ സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ ബഗാനെ വിറപ്പിച്ച പ്രകടനമാണ് ആദ്യ പകുതിയിൽ ബെംഗളൂരു കാഴ്ച വച്ചത്. ആദ്യ 10 മിനിറ്റിലെ ബഗാൻ മുന്നേറ്റങ്ങൾക്കു ശേഷം കളിയുടെ ആധിപത്യം സുനിൽ ഛേത്രിയും കൂട്ടരും ഏറ്റെടുത്തു. 19–ാം മിനിറ്റിൽ ഛേത്രിയുടെ ഹെഡർ കൃത്യമായിരുന്നെങ്കിലും ഗോൾലൈൻ ക്ലിയറൻസിലൂടെ ക്യാപ്റ്റൻ സുഭാശിഷ് ബോസ് ബഗാനെ രക്ഷിച്ചു.
26–ാം മിനിറ്റിൽ റയാൻ വില്യംസിന്റെ ഷോട്ട് ബോക്സിൽ സുഭാശിഷിന്റെ കയ്യിൽത്തട്ടിയത് റഫറി കാണാതെ പോയതും ബെംഗളൂരുവിനു തിരിച്ചടിയായി. ആദ്യ പകുതിയിലെ ദൗർഭാഗ്യങ്ങൾക്കു പകരം ബെംഗളൂരുവിനു ഭാഗ്യം വന്നത് 49–ാം മിനിറ്റിൽ. വലതു പാർശ്വത്തിൽ നിന്നുള്ള റയാൻ വില്യംസിന്റെ ക്രോസ് ക്ലിയർ ചെയ്യാനുള്ള ബഗാൻ താരം ആൽബർട്ടോ റോഡ്രിഗസിന്റെ ശ്രമം പിഴച്ചു. ഗോൾകീപ്പർ വിശാൽ കെയ്ത്തിനെ നിസ്സഹായനാക്കി പന്തു വലയിൽ. ബെംഗളൂരു മുന്നിൽ (1–0).
എന്നാൽ കളിയിൽ ബെംഗളൂരുവിന്റെ ദൗർഭാഗ്യം അവസാനിച്ചിട്ടില്ലെന്ന് 72–ാം മിനിറ്റിൽ തെളിഞ്ഞു. ജയ്മി മക്‌ലാരന്റെ ഷോട്ട് ബോക്സിൽ വീണു ബ്ലോക്ക് ചെയ്യാനുള്ള ചിംഗ്ലെൻസനയുടെ ശ്രമം പിഴച്ചു. പന്ത് സനയുടെ കയ്യിൽ തട്ടിയതിന് ബഗാന് പെനൽറ്റി കിക്ക്. കമ്മിങ്സിന്റെ നിലംപറ്റെയുള്ള കിക്ക് തടയാൻ ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിനായില്ല (1–1). സമനില ഗോൾ നേടിയതോടെ ആവേശഭരിതരായ ബഗാൻ ആക്രമണം കടുപ്പിച്ചു. രണ്ടാം പകുതിയിൽ ഇറങ്ങിയ മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും ആഷിഖ് കുരുണിയനുമാണ് ബെംഗളൂരു ബോക്സിൽ കൂടുതൽ ഭീതി വിതച്ചത്.
ബ്രാവോ ബഗാൻ
എക്സ്ട്രാ ടൈമിൽ, ആദ്യ ഗോളിന്റെ തനിയാവർത്തനം പോലെ ബഗാൻ ഒരു ഗോൾ വഴങ്ങേണ്ടതായിരുന്നു. ആൽബർട്ടോ നൊഗ്വേരയുടെ ക്രോസ് ക്ലിയർ ചെയ്യാൻ ശ്രമിച്ച ആൽബർട്ടോ റോഡ്രിഗസിന് ഇത്തവണയും പിഴച്ചു. എന്നാൽ ഗോളിലേക്കു വന്ന പന്ത് ഗോൾകീപ്പർ വിശാൽ കെയ്ത്ത് ഉജ്വല സേവിലൂടെ രക്ഷപ്പെടുത്തി.
ബഗാന്റെ തുടരാക്രമണത്തിന് പിന്നാലെ പ്രതിഫലം ലഭിച്ചു. 96–ാം മിനിറ്റിൽ ചിംഗ്ലെൻ സനയുടെ വെല്ലുവിളി മറികടന്ന് ജയ്മി മക്‌ലാരൻ പായിച്ച ഷോട്ട് ഗുർപ്രീതിന്റെ കൈ തൊട്ടുരുമ്മി ഗോളിലെത്തി. ബഗാൻ മുന്നിൽ (2–1). ശാരീരികമായും മാനസികമായും തളർന്ന ബെംഗളൂരു താരങ്ങളെ കാഴ്ചക്കാരാക്കി ആരാധകർക്കു മുന്നിൽ ബഗാൻ പിന്നാലെ വിജയം ഉറപ്പിച്ചു.
ഗോയങ്കയ്ക്ക് ഇരട്ടി സന്തോഷം!
ഐഎസ്എലിൽ ഇന്നലെ മോഹൻ ബഗാൻ കിരീടം ചൂടിയതോടെ ആർപി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന് ഇരട്ടിസന്തോഷം. ഐപിഎലിൽ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലക്നൗ സൂപ്പർ ജയന്റ്സും ഇന്നലെ ജയം നേടിയിരുന്നു. ഗ്രൂപ്പ് ഉടമയായ സഞ്ജീവ് ഗോയങ്ക ഇന്നലെ ഐപിഎൽ മത്സരം ഉപേക്ഷിച്ച് കൊൽക്കത്തയിൽ ഐഎസ്എൽ ഫൈനൽ കാണാനെത്തി.