കടമെടുക്കാം, 39,876 കോടി; കേന്ദ്രാനുമതി പ്രതീക്ഷിച്ചത് 42,814 കോടിക്ക്; 2938 കോടി കുറവ്

Mail This Article
തിരുവനന്തപുരം∙ ഈ സാമ്പത്തിക വർഷം 39,876 കോടി രൂപ കടമെടുക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി. 42,814 കോടി രൂപ കടമെടുക്കാൻ അവകാശമുണ്ടെന്നു കേരളം അറിയിച്ചെങ്കിലും 2,938 കോടി കുറച്ചാണ് അനുമതി നൽകിയത്. മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 3% ആണു സംസ്ഥാനങ്ങൾക്ക് ഒരുവർഷം കടമെടുക്കാനാവുക. സംസ്ഥാനത്തിന്റെ കണക്കുപ്രകാരം ഈവർഷം കേരളത്തിന്റെ ആഭ്യന്തര ഉൽപാദനം 14,26,147 കോടി. ഇതിന്റെ 3% എന്ന നിലയിലാണ് 42,814 കോടി രൂപ കേരളം പ്രതീക്ഷിച്ചത്.വൈദ്യുതിമേഖലയിൽ കേന്ദ്രം നിർദേശിക്കുന്ന പരിഷ്കാരങ്ങൾ നടപ്പാക്കിയാൽ വർഷാവസാനം ജിഎസ്ഡിപിയുടെ അരശതമാനം കൂടി കടമെടുക്കാൻ അനുമതി ലഭിക്കും. ഈയിനത്തിൽ 7,000 കോടിയോളം രൂപ കൂടി ലഭിക്കാൻ സാധ്യതയുണ്ട്.
ശമ്പളം, പെൻഷൻ, ക്ഷേമ പെൻഷൻ, ട്രഷറി ബില്ലുകൾക്കുള്ള പണം എന്നിവ വിതരണം ബുദ്ധിമുട്ടു നേരിടുന്നതിനാൽ കടമെടുപ്പ് അനുമതി കിട്ടിയതു സർക്കാരിന് ആശ്വാസമായി. കഴിഞ്ഞവർഷം ഏറെ വൈകിയാണ് അനുമതി ലഭിച്ചത്. ഈവർഷത്തെ ആദ്യ കടമെടുപ്പ് ഈമാസം 8ന് നടക്കും. കടപ്പത്രം വഴി 2,000 കോടി രൂപ വായ്പയെടുക്കാനാണു തീരുമാനം. കിഫ്ബിയും മറ്റും എടുത്ത വായ്പകൾ ഉൾപ്പെടുത്തി കടമെടുപ്പുപരിധി കേന്ദ്രം ഇനി വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്. അക്കൗണ്ടന്റ് ജനറലിൽ നിന്നുള്ള കണക്കു ലഭിക്കുന്ന മുറയ്ക്കാണു കേന്ദ്രം ഈ നടപടിയിലേക്കു കടക്കുക. കടമെടുപ്പുപരിധി ഉയർത്തുന്നതിനു സുപ്രീം കോടതിയിൽ നൽകിയ ഹർജി വേഗം പരിഗണിക്കണമെന്നു കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂല വിധിയുണ്ടായാൽ കടമെടുപ്പുതുകയിൽ വലിയ മാറ്റം വരാം.