കൊക്കോയുടെ പോക്ക് എങ്ങോട്ടെന്ന് ഉടനെ അറിയാം! പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ

Mail This Article
പശ്ചിമാഫ്രിക്കൻ രാജ്യങ്ങൾ വീണ്ടും വരൾച്ചയെ അഭിമുഖീകരിക്കുന്നത് കൊക്കോ കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. മുഖ്യ കൊക്കോ ഉൽപാദകരാജ്യങ്ങളായ ഐവറി കോസ്റ്റിലെയും ഘാനയിലെയും കർഷകർ മഴയുടെ അഭാവത്തിൽ നട്ടം തിരിയുന്നു. രണ്ടാം വിളവിന് ഒരുങ്ങുന്ന രണ്ടു രാജ്യങ്ങളിലും ഇത്തവണ ഉൽപാദനത്തിൽ ഇടിവ് സംഭവിക്കുമെന്നാണ് കാർഷിക മേഖലയിൽ നിന്നുള്ള വിവരം. അതേ, പത്തു വർഷത്തിനടിയിലെ ഏറ്റവും കുറഞ്ഞ രണ്ടാം വിളവ് മാത്രമേ അവർക്ക് ഇക്കുറി ഇറക്കാനാകുവെന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തു വരുന്നത്.
ഈ മാസം ഇരു രാജ്യങ്ങളിലും വിളവെടുപ്പിനു തുടക്കം കുറിക്കുമെങ്കിലും തോട്ടങ്ങളിലേക്ക് നോക്കുമ്പോൾ കർഷകർ നിരാശയിലാണ്. വിളവ് കഴിഞ്ഞ വർഷത്തെ അക്ഷേപിച്ച് ഒൻപത് ശതമാനം കുറയുമെന്നാണ് ആദ്യ വിലയിരുത്തലെങ്കിലും ഇതിലും കുറയാനും ഇടയുണ്ട്. ഐവറി കോസ്റ്റിൽ കഴിഞ്ഞ വർഷം മധ്യേ വിളവ് 9.44 ലക്ഷം ടണ്ണായിരുന്നത് ഇക്കുറി ഒൻപത് ലക്ഷം ടണ്ണായി കുറയും. ഘാനയിൽ വിളവ് അഞ്ചു ശതമാനം ചുരുങ്ങുമെന്നാണ് നേരത്തെ കണക്കു കൂട്ടിയത്. യൂറോപിലെ കൊക്കോ സംസ്‌കരണ കേന്ദ്രങ്ങളിൽ ചരക്കു വരവ് ചുരുങ്ങിയത് വ്യവസായികളെ ഇതിനകം തന്നെ സമ്മർദ്ദത്തിലാക്കി. ലഭ്യത ഉറപ്പു വരുത്താൻ വാങ്ങലുകാർ മുൻകൂർ കച്ചവടങ്ങളിൽ ഏർപ്പെട്ടതോടെ രാജ്യാന്തര കൊക്കോ അവധി വ്യാപാര രംഗം വാരമധ്യത്തിനു ശേഷം ഇളകി മറിഞ്ഞു.
ഏതാനും മാസങ്ങളായി കാര്യമായ ആവേശമില്ലാതെ നേരിയ റേഞ്ചിൽ നിങ്ങിയ കൊക്കോ ഫ്യൂച്ചേഴ്‌സിൽ പിന്നിട്ട രണ്ടു ദിവസമായി ഇടപാടുകളുടെ വ്യാപ്‌തി ഉയർന്ന് തുടങ്ങി. നിക്ഷേപകർ ഉൽപ്പന്നത്തിൽ താൽപര്യം കാണിച്ചതോടെ ഫെബ്രുവരി മധ്യത്തിനു ശേഷമുള്ള ഉയർന്ന വിലയിലേക്ക് കയറി.
ന്യൂയോർക്ക് എക്‌സ്‌ചേഞ്ചിൽ കൊക്കോ വില കഴിഞ്ഞ രാത്രി 9000 ഡോളറിലെ പ്രതിരോധം തകർത്ത് ഒരു വിഭാഗം ഊഹക്കച്ചവടക്കാരെ സമ്മർദ്ദത്തിലാക്കി. അവർ വിൽപ്പനകൾ തിരിച്ചു പിടിക്കാൻ രംഗത്ത് ഇറങ്ങിയത് 9370 ഡോളറിലേക്ക് വില ഉയർത്തി. എന്നാൽ വലിയ പങ്ക് വിൽപ്പനക്കാരും കൊക്കോയുടെ ചലനങ്ങളെ സസൂക്ഷ്‌മം നിരീക്ഷിക്കുന്നുണ്ടെങ്കിലും ഉൽപ്പന്നത്തിന് 9400ലുള്ള പ്രതിരോധം തൽക്കാലം വിപണിക്ക് മറികടക്കാനാവില്ലെന്ന നിഗമനത്തിലാണ് ഒരു വിഭാഗം. വാരാന്ത്യമെന്ന നിലയ്‌ക്ക് ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് വെളളിയാഴ്‌ച ഇടപാടുകളുടെ തുടക്കത്തിൽ നീക്കം നടത്തി. ഇതുമൂലം ഒരവസരത്തിൽ നിരക്ക് എട്ട് ശതമാനം ഇടിഞ്ഞ് 800 ഡോളറിന്റെ തകർച്ചയിൽ 8500ലേക്ക് പരീക്ഷണം നടത്തി.

യു എസ് മാർക്കറ്റിൽ തിങ്കളാഴ്‌ച ട്രേഡിങ്ങിന് തുടക്കം കുറിക്കുന്നതോടെ വിപണിയുടെ അടിയോഴുക്ക് മാത്രമല്ല, കൊക്കോയുടെ മധുരവും കയ്പും കൂടുതൽ വ്യക്തമാകും. പുതിയ നിഷേപകർ രംഗത്ത് എത്തിയാൽ ഈസ്റ്ററിന് മുന്നേ 10,000 ഡോളറിലെ നിർണായക പ്രതിരോധം തകർക്കാനുള്ള കരുത്ത് ഈ ബുൾ റാലിയിൽ കൊക്കോ കണ്ടെത്തും. അതിനായില്ലെങ്കിൽ 7740 ഡോളറിലേക്ക് ഒരു സാങ്കേതിക തിരുത്തലിന് ഉൽപ്പന്നം നിർബന്ധിതമാവും.
ഇതിനിടെ അമേരിക്കയുടെ പുതിയ നികുതി ഘടനകളും കൊക്കോ വിലയിൽ പ്രതിഫലിക്കാം. ഏറ്റവും പുതിയ താരീഫിൽ ഐവറി കോസ്റ്റിൽ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക 21 ശതമാനം നികുതിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ കൊക്കോ വിളയുന്നത് അവിടെയാണ്. ഉൽപാദനത്തിൽ തൊട്ടു പിന്നിലുള്ള ഘാനയിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം തീരുവയും ചുമത്തി.
ചോക്ലേറ്റും കൊക്കേയും ഇറക്കുമതി ചെയുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലാണ് അമേരിക്ക. 2023ൽ അവർ ഏകദേശം നാല് ബില്യൺ ഡോളർ വിലമതിക്കുന്ന ചോക്ലേറ്റും കൊക്കോയും ഇറക്കുമതി ചെയ്തതായി അമേരിക്കൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾചേഴ്‌സ് ഫോറിൻ അഗ്രികൾചറൽ സർവീസ് വ്യക്തമാക്കുന്നു. ഇറക്കുമതി നിയന്ത്രിച്ച് ആഭ്യന്തര ആവശ്യങ്ങൾക്കുള്ള കൊക്കോ കൃഷിചെയ്‌ത് വിജയിപ്പിക്കാൻ തൽക്കാലം അവർക്കാവില്ല. കൊക്കോക്കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയല്ല അമേരിക്കയിൽ. കൊക്കോ ബീൻസ് വളരാൻ ഉഷ്ണമേഖലാ കാലാവസ്ഥ അനിവാര്യം. അതേസമയം അത്തരം കാലാവസ്ഥ അമേരിക്കൻ സംസ്ഥാനമായ ഹവായിലുണ്ടെങ്കിലും അവിടെ കൊക്കോ തോട്ടങ്ങൾ വ്യാപകമല്ല. അതുകൊണ്ടു തന്നെ ഇറക്കുമതിയല്ലാതെ മറ്റു മാർഗ്ഗങ്ങൾ യുഎസിന് മുന്നിലില്ല.

നിലവിൽ കാനഡയും മെക്സിക്കോയുമാണ് ഏറ്റവും കൂടുതൽ ചോക്ലേറ്റ് അമേരിക്കയിലേക്ക് കയറ്റുമതി നടത്തുന്നത്. അതുകൊണ്ടുതന്നെ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് അടിസ്ഥാന പത്തു ശതമാനം നികുതിയിൽ ഇളവുണ്ട്. കൊക്കോ ബീൻസ്, കൊക്കോ ബട്ടർ, കൊക്കോ പേസ്റ്റ്, കൊക്കോ പൗഡർ തുടങ്ങിയ ഉൽപ്പന്നങ്ങളും അവർക്ക് വൻതോതിൽ ആവശ്യമുണ്ട്. ഒരു സുപ്രഭാതത്തിൽ ചോക്ലേറ്റിനോടുള്ള പ്രേമത്തിൽ നിന്നും അമേരിക്കൻ ജനതയെ പിൻതിരിപ്പിക്കാനുമാവില്ല.
സംസ്ഥാനത്തെ വിപണികളിൽ പുതിയ കൊക്കോ വിൽപ്പനയ്‌ക്ക് ഇറങ്ങുന്നുണ്ട്. ലോ റേഞ്ചിലെയും ഹൈറേഞ്ചിലെയും തോട്ടങ്ങളിൽനിന്നുള്ള ചരക്ക് കർഷകർ വിൽപ്പനയ്‌ക്ക് സജ്ജമാക്കി. ഒരു വിഭാഗം കർഷകർ പച്ചക്കായ വിറ്റുമാറാൻ ഉത്സാഹിച്ചു, ഉൽപ്പന്ന വില കിലോ 95 - 100 ലേക്ക് ഇടിഞ്ഞതു തന്നെയാണ് അവരെ സംസ്‌കരണത്തിൽനിന്നു പിൻതിരിപ്പിക്കുന്നത്. കൊക്കോ പരിപ്പ് കിലോ 270 - 300 രൂപയിലും വിപണനം പുരോഗമിക്കുന്നു. രാജ്യാന്തര വിപണിയിൽ നിന്നും അടുത്ത വാരം അനുകൂല വാർത്തകൾ പുറത്തുവന്നാൽ ചരക്ക് സംഭരണത്തിൽ ഉത്സാഹം കാണിക്കാതെ അകന്ന് കളിക്കുന്ന ആഭ്യന്തര ചോക്ലേറ്റ് വ്യവസായികൾ രംഗത്ത് തിരിച്ചെത്താം.