ഇൻഡസ്ട്രി ഹിറ്റ്; ‘എമ്പുരാൻ’ ഇനി ഒന്നാമന്; തകര്‍ത്തത്‘മഞ്ഞുമ്മൽ ബോയ്സി’നെ

Mail This Article
മലയാളത്തിൽ ഏറ്റവും ഉയർന്ന കലക്‌ഷൻ നേടുന്ന മലയാള സിനിമയായി മാറി ‘എമ്പുരാൻ’. മഞ്ഞുമ്മൽ ബോയ്സിനെ തകർത്താണ് മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി എമ്പുരാൻ മാറിയത്. സിനിമയുടെ അണിയറക്കാർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
മഞ്ഞുമ്മൽ ബോയ്സ് 72 ദിവസം കൊണ്ടു നേടിയെടുത്ത കലക്‌ഷനാണ് വെറും പത്ത് ദിവസം കൊണ്ട് എമ്പുരാൻ തകർത്തെറിഞ്ഞത്. ചിത്രത്തിന്റെ നിർമാതാവിനു കിട്ടുന്ന ഷെയർ തുക 100 കോടി പിന്നിട്ടു കഴിഞ്ഞുവെന്നും അണിയറക്കാർ വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു സിനിമയ്ക്കു 100 കോടി ഷെയർ ലഭിക്കുന്നതെന്നും അണിയറക്കാർ പറയുന്നു. സിനിമയുടെ ആഗോള ഷെയർ കലക്‌ഷനാണിത്.
മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 242 കോടി രൂപയോളമാണ് നേടിയത്. അതേസമയം എമ്പുരാന്റെ ആഗോള ഗ്രോസ് കലക്‌ഷൻ 250 കോടി പിന്നിട്ടു. ഇന്ത്യയില്‍ കേരളത്തിനു പുറത്തുനിന്നും 30 കോടിയാണ് സിനിമ വാരിയത്. കേരളത്തിൽ നിന്നും ചിത്രം 50 കോടി കഴിഞ്ഞ ദിവസം പിന്നിട്ടിരുന്നു. മഞ്ഞുമ്മല്‍ ബോയ്‍സിനെ വീഴ്‍ത്തി മോഹൻലാല്‍ ചിത്രം വിദേശത്ത് ഒന്നാമതെത്തിയിട്ടുണ്ട്.
വെറും രണ്ട് ദിവസം കൊണ്ടാണ് ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയത്. റിലീസ് ചെയ്ത് അഞ്ച് ദിവസംകൊണ്ടാണ് എമ്പുരാൻ 200 കോടി ക്ലബിലും ഇടംപിടിച്ചു.