യുവത്വം തുളുമ്പി ദുബായ്; വിദേശികളിലെ ജനനനിരക്കിൽ വൻ വർധന

Mail This Article
ദുബായ് ∙ ദുബായിൽ വിദേശികളിലെ ജനനനിരക്കിൽ വർധന. ദുബായ് ഹെൽത്ത് അതോറിറ്റി പുറത്തുവിട്ട 2023ലെ ജനനനിരക്കിൽ 5.66 % ആണ് വർധന. 2023ൽ 36,000 കുഞ്ഞുങ്ങൾ ജനിച്ചു.
ഇതിൽ 19.9 % മാത്രമാണ് സ്വദേശികൾ, അതായത്, 7,200 കുട്ടികൾ. 80.1 ശതമാനവും വിദേശികളാണ് – 28,800 കുട്ടികൾ. 2022ൽ 34,354 കുഞ്ഞുങ്ങളാണ് പിറന്നത്. ദുബായിൽ വിദേശികളുടെ ജനനനിരക്ക് 80 % ആണ്. 2023ൽ ജനിച്ചവരിൽ 51.4% ആൺകുട്ടികളാണ്– 18,644 പേർ. പെൺകുട്ടികൾ 17,656 പേരാണ്. ഇതിൽ 99.9 ശതമാനം പ്രസവവും ആശുപത്രികളിലായിരുന്നു. ജനനനിരക്കിലെ പ്രതിമാസ വർധന 7 മുതൽ 10% ആണ്. 2023ൽ 170 നവജാത ശിശുക്കൾ മരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 10 പേർ സ്വദേശികളും 160 പേർ വിദേശികളുമാണ്. 2022 ൽ 192 ശിശുക്കളാണ് പ്രസവാനന്തരം മരിച്ചത്.
2023ൽ ദുബായിലെ ജനസംഖ്യാ കണക്ക് 36.55 ലക്ഷമാണ്. 2022ൽ ഇത് 35.49 ലക്ഷമായിരുന്നു. ഒരു വർഷം കൊണ്ട് ഒരു ലക്ഷത്തിലധികം വർധന. 25 മുതൽ 44 വരെ പ്രായമുള്ളവരാണ് ജനസംഖ്യയിൽ ഭൂരിപക്ഷവും. ദുബായിലെ ജനസംഖ്യ യുവത്വം തുളുമ്പി നിൽക്കുന്നതാണെന്നും റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.