അങ്ങനെയാണത്രേ കുറുക്കന്മാർ ഓരിയിടാൻ തുടങ്ങിയത്! - അനിമേറ്റഡ് കഥ

Mail This Article
പണ്ട് പണ്ട്, എന്നുവച്ചാൽ വളരെ പണ്ട് ഒരു കൊടും കാട്ടിൽ ഒരു മുയലമ്മ തന്റെ കുഞ്ഞുങ്ങളുമായി പാറക്കൂട്ടത്തിനിടയ്ക്കുള്ള ഒരു മാളത്തിൽ പാർത്തിരുന്നു.
മുയലമ്മ എന്നും രാവിലെ ദൂരെയുള്ള പച്ചക്കറിത്തോട്ടത്തിൽ പോയി കാരറ്റും മറ്റും കൊണ്ടുവന്ന്, കുഞ്ഞുങ്ങൾക്ക് കൊടുത്ത് വളരെ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്.
അങ്ങനെയിരിക്കേ ഒരു ദിവസം മറ്റൊരു കാട്ടിൽനിന്ന് പപ്പു എന്നു പേരുള്ള ഒരു കള്ളക്കുറുക്കൻ അടുത്തുള്ള ഗുഹയിൽ താമസത്തിന് വന്നു. വിവരമറിഞ്ഞ മുയലമ്മ വളരെ പേടിച്ചെങ്കിലും പിറ്റേന്നും തീറ്റതേടി ദൂരെയുള്ള കാരറ്റ് തോട്ടത്തിൽ പോയി.
കുറച്ചുകഴിഞ്ഞ് കൈനിറയെ കാരറ്റുമായി വന്ന മുയലമ്മ ആ കാഴ്ച കണ്ട് ഞെട്ടിപ്പോയി !!
പപ്പുക്കുറുക്കൻ തന്റെ മാളത്തിൽ കൈയിട്ട് തന്റെ കുഞ്ഞുങ്ങളെ പിടിച്ചുകൊണ്ട് പോകാൻ ശ്രമിയ്ക്കുന്നു.
മുയലമ്മ കൈയിലുള്ള കാരറ്റ് താഴെവച്ചിട്ട് അടുത്ത് കിടന്ന വലിയൊരു കല്ലെടുത്ത് കുറുക്കനെ ഒറ്റയെറി വച്ചുകൊടുത്തു.
" പൊത്തോം..."
എറികൊണ്ട കുറുക്കച്ചാര് നിലവിളിച്ചുകൊണ്ട് ഒറ്റയോട്ടം.
പിറ്റേന്നും ഇരതേടിപ്പോയ മുയലമ്മ മടങ്ങിവന്നപ്പോഴും അതേ കാഴ്ചതന്നെ, പപ്പുക്കുറുക്കൻ നാവുനീട്ടിക്കൊണ്ട് തന്റെ മാളത്തിന്റെ മുന്നിൽ നിൽക്കുന്നു.
മുയലമ്മ വലിയ ഒരു കല്ലെടുത്ത് കുറുക്കനെ ഒറ്റയേറ്. കുറുക്കൻ ഓടിപ്പോയി.
ഇങ്ങനെയായാൽ എന്തു ചെയ്യും, എങ്ങനെ ഇര തേടും? മുയലമ്മ ആകെ വിഷമിച്ചു.
മുയലമ്മയ്ക്ക് പെട്ടെന്ന് ഒരു ബുദ്ധി തോന്നി, 'വനദേവതയോട് പ്രാർത്ഥിയ്ക്കാം.
അങ്ങനെ മുയലമ്മ നടന്നുനടന്ന് മഞ്ചാടിക്കുന്നിന്റെ മുകളിലെത്തി പ്രാർത്ഥന തുടങ്ങി, കുറേ കഴിഞ്ഞപ്പോൾ വനദേവത പ്രത്യക്ഷപ്പെട്ടു.
മുയലമ്മ കരഞ്ഞുകൊണ്ട് പപ്പുക്കുറുക്കന്റെ ഉപദ്രവങ്ങളെല്ലാം വനദേവതയോട് പറഞ്ഞു.
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ വനദേവത പറഞ്ഞു,
"മുയലമ്മ പേടിക്കേണ്ട.. ഇനിമുതൽ പപ്പുക്കുറുക്കൻ വരുമ്പോൾ നിങ്ങൾക്ക് ദൂരെ നിന്നുതന്നെ അറിയാൻ പറ്റും. അപ്പോൾ മുയലമ്മയ്ക്കും കുഞ്ഞുങ്ങൾക്കും ഒളിച്ചിരിയ്ക്കാമല്ലോ..."
"അതെങ്ങനെയാ.. " മുയലമ്മ വനദേവതയോട് ചോദിച്ചു.
"കുറുക്കന്മാരെല്ലാം ഇന്നുമുതൽ ഓരിയിട്ടുകൊണ്ട് നടക്കാൻ ഞാൻ ശപിച്ചിരിയ്ക്കുന്നു.. ദൂരെ നിന്നും ഓരിയിടൽ കേൾക്കുമ്പോൾ നിങ്ങൾക്ക് രക്ഷപെടാമല്ലോ.. " വനദേവത പറഞ്ഞതുകേട്ടപ്പോൾ മുയലമ്മയ്ക്ക് വലിയ സന്തോഷമായി; വനദേവത അപ്രത്യക്ഷമായി.
അങ്ങനെയാണത്രേ കുറുക്കന്മാരെല്ലാം ഇന്നുകാണുന്ന രീതിയിൽ ഓരിയിടാൻ തുടങ്ങിയത്.
മുയലമ്മയും കുഞ്ഞുങ്ങളും പിന്നെയും കുറേക്കാലം സന്തോഷത്തോടെ ആ കാട്ടിൽ ജീവിച്ചു.
[അവസാനിച്ചു]