'ഓഫിസിലെത്തി അമ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചെല്ലം'; മകന്റെ വിഡിയോ പങ്കുവെച്ച് ദിവ്യ എസ്.അയ്യർ

Mail This Article
ജോലിക്ക് അമ്മ പോയിട്ട് വൈകുന്നേരമായാലും വീട്ടിൽ എത്തിയില്ലെങ്കിൽ എന്താ ചെയ്യുക. ഒന്നു ഓഫിസ് വരെ പോയി നോക്കുക. അതല്ലാതെ മറ്റ് എന്തു ചെയ്യാനാണ്? അതാണ് കുഞ്ഞ് മൽഹാറും ചെയ്തത്. രാത്രി വൈകിയും അമ്മയെ കാണാതായപ്പോൾ ഓഫീസ് വരെ പോയി ഒന്ന് അന്വേഷിച്ചു. വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകാൻ തീരുമാനിക്കുകയും ചെയ്തു. തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാനായി മകൻ ഓഫിസിൽ എത്തിയ സന്തോഷം ദിവ്യ എസ്. അയ്യർ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഓഫിസിൽ എത്തിയ മൽഹാർ അമ്മയോട് ചേർന്നിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ആ ഫോട്ടോ പങ്കുവെച്ചു കൊണ്ടാണ് മകൻ ഓഫിസിൽ എത്തിയ സന്തോഷം ദിവ്യ ഐഎഎസ് പങ്കുവെച്ചത്. 'കാര്യങ്ങൾ ദുഷ്കരമാകുമ്പോൾ, ഒരു മാജിക് പിൽ ആവശ്യമാണ്. ഇന്നു രാത്രി വൈകി ഓഫിസിലെത്തി എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ എത്തിയ ചെല്ലം! ' - എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മഞ്ഞനിറത്തിലുള്ള സ്ലീവ് ലെസ് ബനിയനും കഴുത്തിൽ മാലയും ധരിച്ചാണ് മൽഹാർ ഓഫിസിൽ എത്തിയത്. അമ്മയുടെ മേശപ്പുറത്ത് നിരന്നിരിക്കുന്ന നിരവധി ഫയലുകൾ കണ്ടപ്പോൾ അമ്മയ്ക്ക് എന്തുകൊണ്ടാണ് ഇത്ര തിരക്കെന്ന് കുഞ്ഞിന് മനസിലായിട്ടുണ്ടാകും. ഏതായാലും അമ്മ നോക്കി തീർത്ത ഫയലുകൾക്ക് മുമ്പിൽ, അമ്മയോട് ചേർന്നിരുന്ന് മൽഹാർ ഫോട്ടോയ്ക്ക് പോസ് ചെയ്തു.
ഓഫിസ് ചിത്രത്തിന് ശേഷമുള്ള ചിത്രങ്ങളിൽ സ്കെച്ച് പേന കൊണ്ട് മൽഹാർ എന്തോ എഴുതുകയാണ്. വേറൊന്നുമല്ല, 'ദിവ്യ, ഐ ലവ് യു മോം' എന്നാണ് കുഞ്ഞ് മൽഹാർ കുറിച്ചത്. എത്ര തിരക്കാണെങ്കിലും അമ്മയോട് അത്രയധികം സ്നേഹമാണെന്ന് വ്യക്തമാക്കുകയാണ് കുഞ്ഞ് മൽഹാർ. മനോഹരമായ നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. 'അമ്മയെ പോലെ നന്മയുടെ മറ്റൊരു മുഖമാവട്ടെ', 'ചെല്ലകുട്ടി, അമ്മയുടെ കൃത്യനിർവഹണം തടസ്സപ്പെടാതിരിക്കാൻ കാത്തുനിന്നതാണ് വാവക്കുട്ടൻ. അച്ഛന്റെയും അമ്മയുടെയും തിരക്കുകൾ മനസ്സിലാക്കി വരുന്നുണ്ട് പൊന്നു മോൻ.', 'നന്നായി പഠിച്ച് അമ്മയെ പോലെ നല്ല അറിവുള്ള വ്യക്തിയായി മോൻ മാറണം, മുന്നോട്ടുള്ള എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പൂർണ്ണ വിജയത്തിൽ എത്താൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു' - കുഞ്ഞ് മൽഹാറിനെ അഭിനന്ദിച്ചും ആശംസകൾ അറിയിച്ചുമാണ് കമൻ്റുകൾ.