ഓസ്കർ നേടിയ ‘ഫ്ലോ’ സിനിമയ്ക്ക് നന്ദി! കരിമ്പൂച്ചകളെ ആളുകൾ അരുമകളാക്കാൻ തുടങ്ങി

Mail This Article
കരിമ്പൂച്ചകൾ ലോകത്ത് പല രാജ്യങ്ങളിലും ദൗർഭാഗ്യത്തിന്റെ പ്രതീകങ്ങളാണ്. കരിമ്പൂച്ചയെ കണ്ടാൽ അതത്ര നല്ല ശകുനമല്ലെന്ന വിശ്വാസം പലയിടങ്ങളിലും ശക്തമാണ്. പൊതുവെ പൂച്ചകളെ ദത്തെടുക്കുന്നവർ കരിമ്പൂച്ചകളോട് അത്ര താൽപര്യം പ്രകടിപ്പിക്കാറില്ലെന്നും പറയപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ സ്ഥിതിയിൽ മാറ്റം വന്നു തുടങ്ങിയത്രേ. കരിമ്പൂച്ചകളെ അരുമകളാക്കാൻ ലോകവ്യാപകമായി ഒരു താൽപര്യം വരുന്നു. ഒരു അനിമേഷൻ സിനിമയാണ് ഇതിനു കാരണം.
യൂറോപ്യൻ രാജ്യം ലാത്വിയയിൽ നിന്നുള്ള ഫ്ലോ എന്ന അനിമേഷൻ ചിത്രം ഒരു കരിമ്പൂച്ചയുടെ ജീവിതമാണ് പറയുന്നത്. ഒരു വെളളപ്പൊക്കത്തിൽ ഒരുകൂട്ടം മൃഗങ്ങൾക്കൊപ്പം ഈ കരിമ്പൂച്ച പെട്ടുപോകുന്നതും പിന്നീട് അതിനു സുഹൃത്തുക്കളുണ്ടാകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച നിലവാരമുള്ള കഥയും അനിമേഷനും കൊണ്ട് ലോകത്തെ സിനിമാസ്വാദകരുടെ മനം ഫ്ലോ കവർന്നു. അനിമേഷൻ വിഭാഗത്തിൽ ഓസ്കർ അവാർഡും ഇതു നേടി. ഈ ചിത്രം പുറത്തിറങ്ങിയതോടെ കരിമ്പൂച്ചകളെ കൂടുതൽ ആളുകൾ ദത്തെടുക്കാൻ തുടങ്ങി. പലരും ഫ്ലോ എന്നു തന്നെ തങ്ങളുടെ അരുമകൾക്കു പേരും നൽകുന്നുണ്ട്.

വീട്ടുപൂച്ചകൾ ഉത്ഭവിച്ചത് നാലു കോടി വർഷം മുൻപ് വടക്കേ അമേരിക്കയിൽ അധിവാസമുറപ്പിച്ച അതീവ ആക്രമണകാരികളായ ജീവികളിൽ നിന്നാണെന്ന് പുതിയ പഠനം ഇടയ്ക്ക് വന്നിരുന്നു. വെളിയിലേക്ക് ഉന്തി നിൽക്കുന്ന കോമ്പല്ലുകളുള്ള ഈ ജീവികൾ ലോകത്തിലെ ആദ്യത്തെ സമ്പൂർണ മാംസാഹാരികളാണ്. ഇപ്പോഴത്തെ വീട്ടുപൂച്ചകളുടെ ഇരട്ടി വലുപ്പമുണ്ടായിരുന്ന ഈ ജീവികൾ അതി നിപുണരായ വേട്ടക്കാരുമായിരുന്നു. കാണ്ടാമൃഗങ്ങൾ, ഒട്ടകങ്ങൾ, പന്നികൾ, കുതിരകൾ തുടങ്ങിയ വലിയ ജീവികളെപ്പോലും വേട്ടയാടിപ്പിടിക്കാൻ ഡീഗോലുറസ് വാൻവൽകെൻബുർഘെ എന്നറിയപ്പെടുന്ന ഇവയ്ക്ക് മിടുക്കുണ്ടായിരുന്നു.
മഷറോയഡിനിസ് എന്നറിയപ്പെടുന്ന ജന്തുകുടുംബത്തിൽപെടുന്നതാണ് ഇവ. ലോകത്തെ ഏറ്റവും ശക്തമായ ജീവികുടുംബമായ ഫെലിഡെയിൽ പെട്ടതാണ് പൂച്ച. സിംഹം, കടുവ, പുലി, ചീറ്റ തുടങ്ങി ആകെ മൊത്തം നാൽപതോളം മൃഗങ്ങളുണ്ട് ഫെലിഡെ കുടുംബത്തിൽ. ലോകത്തിൽ ഏറ്റവും കൂടുതൽ വളർത്തുപൂച്ചകളുള്ള രാജ്യം യുഎസാണ് 7.7 കോടി പൂച്ചകൾ ഇവിടെയുണ്ടെന്നാണു കണക്ക്.ചൈനയിൽ 5.3 കോടി വളർത്തുപൂച്ചകളുണ്ട്. വളർച്ചുപൂച്ചകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനം റഷ്യയ്ക്കാണ്. 1.275 കോടി വളർത്തുപൂച്ചകളാണ് ഇവിടെയുള്ളത്.
പൂച്ചകളെ ഒരുപാട് സ്നേഹിക്കുന്ന രാജ്യങ്ങളിലൊന്നാണ് തുർക്കി. തുർക്കിയിൽ ഒട്ടോമൻ സാമ്രാജ്യം വളർന്ന കാലത്താണ് ഈ പൂച്ചപ്രിയം നന്നായി വളർന്നത്. തുർക്കിയിലെ അതീവ ചരിത്രപ്രാധാന്യമുള്ള പ്രമുഖ നഗരമാണ് ഇസ്തംബുൾ. പൂച്ചകളുടെ നഗരമെന്നു വേണമെങ്കിൽ ഇസ്തംബുളിനെ വിളിക്കാം. രണ്ടുലക്ഷത്തിലേറെ തെരുവുപൂച്ചകൾ സുഖമായി ഈ നഗരത്തിൽ കഴിയുന്നു.