ബോൾട്ടിനെ കൈവിട്ട് പകരം ആർച്ചർ, ബട്ലറിന് പകരക്കാരനുമില്ല; ടീം സിലക്ഷനിലെ പാളിച്ച രാജസ്ഥാന് തിരിച്ചടിയാകുമോ? അനുഭവങ്ങൾ, റോയൽ പാളിച്ചകൾ!

Mail This Article
രാജസ്ഥാൻ റോയൽസിന്റെ ആരാധകർ അസ്വസ്ഥരാണ്; പേടിച്ചതുതന്നെ സംഭവിച്ചോ? ഐപിഎലിലെ ആദ്യ 2 മത്സരങ്ങളും തോറ്റതോടെ ടീമൊരുക്കത്തിലെ തന്ത്രങ്ങൾ തിരിച്ചടിച്ചോ എന്ന ആശങ്കയിലാണ് ഏവരും. ടീം ബജറ്റിന്റെ ഭൂരിഭാഗവും ചെലവിട്ട്, മുൻ സീസണിൽ കളിച്ച 6 താരങ്ങളെ നിലനിർത്തിയാണു രാജസ്ഥാൻ ഇത്തവണ ലേലത്തിനെത്തിയത്.
പക്ഷേ, അതിനു ‘വലിയ വില’ കൊടുക്കേണ്ടിവന്നു. പഴ്സിൽ ബാലൻസ് കുറവായതിനാൽ, ലേലത്തിൽ ഹെവിവെയ്റ്റ് താരങ്ങളെ വാങ്ങാൻ രാജസ്ഥാനു സാധിച്ചില്ല.
∙ പിടിവിട്ട ബാറ്റിങ്
ഹൈദരാബാദിലെ റണ്ണൊഴുകുന്ന പിച്ചിലും ഗുവാഹത്തിയിലെ റൺവരൾച്ചയുള്ള പിച്ചിലുമായി 2 മത്സരം കളിച്ച രാജസ്ഥാൻ നിരയിൽ ‘മിസിങ് ഫാക്ടർ’ ആയി ഉയർന്നു നിൽക്കുന്നതു 2 താരങ്ങളാണ് – ജോസ് ബട്‌ലറും ട്രെന്റ് ബോൾട്ടും. ബാറ്റിങ്ങിലും ബോളിങ്ങിലുമായി മുൻ സീസണുകളിൽ ടീമിന്റെ ‘എക്സ് ഫാക്ടർ’ ആയിരുന്നു ഈ ‘ബിഗ് ബി’ കൂട്ടുകെട്ട്. വെടിക്കെട്ടു തുടക്കം നൽകിയും പ്രതിസന്ധിഘട്ടങ്ങളിൽ ഒറ്റയ്ക്കു കളി തിരിച്ചും ബാറ്റിങ് നിരയുടെ ന്യൂക്ലിയസായിരുന്ന താരമാണു ബട്‌ലർ.

ബട്‌ലറിനെ ഒഴിവാക്കി ടോപ് ഓർഡറിൽ ഇന്ത്യൻ ബാറ്റർമാരെ മാത്രം നിലനിർത്തിയ രാജസ്ഥാന്റെ തന്ത്രം തിരിച്ചടിയായെന്നു തെളിയിക്കുന്നതാണ് ആദ്യ മത്സരങ്ങൾ. ഹൈദരാബാദിനെതിരെ കൂറ്റൻ ലക്ഷ്യം പിന്തുടരേണ്ടിവന്നപ്പോഴും കൊൽക്കത്തയ്ക്കെതിരെ സ്കോറിങ് ദുഷ്കരമായ പിച്ചിലും ബട്‌ലറിനെപ്പോലെ പരിചയസമ്പത്തുള്ളൊരു ബാറ്ററുടെ അഭാവം പ്രകടമായിരുന്നു.
∙ ബോളിങ്ങും വെല്ലുവിളി
കളിക്കാരെ നിലനിർത്താനായി മുടക്കിയ 79 കോടി രൂപയിൽ 4 കോടി മാത്രമാണു രാജസ്ഥാൻ ബോളർമാർക്കായി ചെലവിട്ടത്. ഇപ്പോൾ ടീം തപ്പിത്തടയുന്നതും ബോളിങ്ങിലാണ്. ട്രെന്റ് ബോൾട്ടിന്റെ അസാന്നിധ്യം ഗുരുതരപ്രശ്നമാണെന്നു വ്യക്തമാക്കുന്നതാണ് ആദ്യ മത്സരങ്ങൾ. പവർപ്ലേ ഓവറുകളിൽ സ്ഥിരമായി വിക്കറ്റ് നേടിയിരുന്ന പേസറായിരുന്നു ബോൾട്ട്. രാജസ്ഥാനായി ന്യൂസീലൻഡുകാരൻ ട്രെന്റ് ബോൾട്ട് നേടിയ 45 വിക്കറ്റുകളിൽ 19 എണ്ണവും ഇന്നിങ്സിന്റെ ആദ്യ ഓവറിലായിരുന്നു.
ബോൾട്ടിനു പകരക്കാരനായി, 12.5 കോടി മുടക്കി ഇംഗ്ലിഷ് താരം ജോഫ്ര ആർച്ചറിനെ കൊണ്ടുവന്ന തീരുമാനം ടീമിനു 2 മത്സരത്തിലും ഗുണം ചെയ്തിട്ടില്ല. ഹൈദരാബാദിൽ 4 ഓവറിൽ 76 റൺസ്, ഗുവാഹത്തിയിൽ 2.3 ഓവറിൽ 33 റൺസ്. ഒരു വിക്കറ്റും നേടാത്ത ആർച്ചർ ഐപിഎൽ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയതിന്റെ നാണക്കേടും ‘സ്വന്തമാക്കി’.