അശ്വിനും പിന്നിൽ ഇറങ്ങി, അടിച്ചു തകർത്തിട്ട് എന്തു കാര്യം? തിളങ്ങിയിട്ടും ധോണിക്ക് രൂക്ഷവിമര്‍ശനം

Mail This Article
ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ വൈകി ബാറ്റിങ്ങിനിറങ്ങിയ വെറ്ററൻ താരം എം.എസ്. ധോണിക്കു രൂക്ഷവിമർശനം. സാധാരണയായി ഫിനിഷറുടെ റോളിൽ ഇറങ്ങാറുള്ള ധോണി, ആർസിബിക്കെതിരെ വൈകിയാണു ബാറ്റിങ്ങിന് ഇറങ്ങിയത്. ധോണി ക്രീസിലെത്തുമ്പോഴേക്കും ചെന്നൈ തോൽവി ഏറക്കുറെ ഉറപ്പിച്ചിരുന്നു. എന്നാൽ അവസാന പന്തുകളിൽ തകർത്തടിച്ച ധോണി 16 പന്തുകളിൽ 30 റൺസെടുത്തു പുറത്താകാതെനിന്നു. രണ്ടു സിക്സുകളും മൂന്നു ഫോറുകളുമാണു ധോണി ബൗണ്ടറി കടത്തിയത്.
മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനായി ഐപിഎലിൽ കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡിലേക്കും ധോണിയെത്തി. ബെംഗളൂരുവിനെതിരായ ബാറ്റിങ്ങിലൂടെ, ചെന്നൈയ്ക്കു വേണ്ടി ധോണിയുടെ ആകെ സ്കോർ 4699 റൺസായി. 4687 റൺസുള്ള സുരേഷ് റെയ്നയുടെ റെക്കോർഡാണു ധോണി മറികടന്നത്. മത്സരത്തിന്റെ 16–ാം ഓവറിൽ അശ്വിൻ പുറത്തായപ്പോഴാണ് ധോണി ബാറ്റിങ്ങിന് ഇറങ്ങിയത്. ആ സമയത്ത് ചെന്നൈയ്ക്ക് 28 പന്തിൽ ജയിക്കാൻ 98 റൺസ് കൂടി വേണമായിരുന്നു.
അശ്വിനും പിന്നിലായി ധോണി ബാറ്റിങ്ങിന് ഇറങ്ങിയതാണ് ആരാധകരുടെ രോഷത്തിനു കാരണം. ഒൻപതാമനായി ക്രീസിലെത്തിയ ധോണിക്കെതിരെ മുന്‍ ഇന്ത്യൻ താരം വീരേന്ദർ സേവാഗും രംഗത്തെത്തി. ധോണി നേരത്തേ ഇറങ്ങിയില്ലെ എന്നായിരുന്നു സേവാഗിന്റെ പരിഹാസം. സാധാരണയായി 19–ാം ഓവറിൽ ഇറങ്ങാറുള്ള ധോണി, ബെംഗളൂരുവിനെതിരെ നേരത്തേ കളിക്കാൻ ഇറങ്ങിയെന്നും സേവാഗ് ചാനൽ ചർച്ചയിൽ പ്രതികരിച്ചു.
ധോണി ഒൻപതാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങുന്നതിനെ ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ലെന്നു മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാനും പ്രതികരിച്ചു. ധോണിയുടെ ഇത്തരം സമീപനങ്ങൾ ടീമിനു നല്ലതല്ലെന്നാണു ഇർഫാന്റെ നിലപാട്. ധോണി വൈകി ബാറ്റിങ്ങിന് ഇറങ്ങുന്നത് സാമാന്യ യുക്തിക്കു നിരക്കുന്നതല്ലെന്ന് ചെന്നൈയുടെ മുൻ താരം കൂടിയായ റോബിൻ ഉത്തപ്പ വിമർശിച്ചു. ധോണി നേരത്തേ ബാറ്റിങ്ങിനു വന്നാൽ ഈ സീസണിൽ ചെന്നൈയുടെ നെറ്റ് റൺ റേറ്റ് മെച്ചപ്പെടുത്താനെങ്കിലും അത് ഉപകരിക്കുമായിരുന്നെന്നും ഉത്തപ്പ വ്യക്തമാക്കി.