ഭർത്താവിനെ കഴുത്തിനു കുത്തിപ്പിടിച്ച് തല്ലി ഇന്ത്യൻ ബോക്സിങ് താരം; സ്വവർഗാനുരാഗിയെന്നും ആരോപണം- വിഡിയോ

Mail This Article
ന്യൂഡൽഹി∙ വിവാഹ മോചന ചർച്ചകൾക്കിടെ ഭർത്താവിനെ കഴുത്തിനു കുത്തിപ്പിടിച്ച്, തല്ലി ഇന്ത്യൻ ബോക്സിങ് താരം സവീതി ബൂറ. സവീതിയും ഭർത്താവ ദീപക് നിവാസ് ഹൂഡയും തമ്മിലുള്ള വിവാഹ മോചനക്കേസ് നടക്കുന്നതിനിടെയാണ് മുൻ ലോക ചാംപ്യന്‍ ഭർത്താവിനെ തല്ലിയത്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഹിസാറിലുള്ള ഒരു പൊലീസ് സ്റ്റേഷനിൽവച്ചായിരുന്നു സംഭവമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭർത്താവിന്റെ കുടുംബം സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി സവീതി പൊലീസിൽ പരാതി നൽകിയിരുന്നു.
ദീപക് ഹൂഡയുടെ കുടുംബം ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ടതായി സവീതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് സ്റ്റേഷനിൽവച്ച് ഇരു വിഭാഗവും ചർച്ച നടത്തുന്നതിനിടെയായിരുന്നു ഭർത്താവിനെതിരെ സവീതി തിരിഞ്ഞത്. ഭർത്താവിന്റെ കഴുത്തിൽ സവീതി പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലാണ്. കുടുംബാംഗങ്ങള്‍ ഇടപെട്ടാണ് സവീതിയെ പിടിച്ചുമാറ്റിയത്. സവീതിയുടെ ഭർത്താവ് ദീപക് നിവാസ് ഹൂഡ ഇന്ത്യൻ കബഡി താരമാണ്. ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2022 ലായിരുന്നു അർജുന പുരസ്കാര ജേതാവായ ദീപക്കും സവീതിയും വിവാഹിതരാകുന്നത്.
ദീപക് ഹൂഡ സ്വവർഗാനുരാഗിയാണെന്ന ആരോപണവും സവീതി ഉന്നയിച്ചിട്ടുണ്ട്. ‘‘ഈ കാര്യങ്ങളൊന്നും സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ദീപക്കിനു പുരുഷൻമാരോടാണു താൽപര്യം. പല വിഡിയോകളും ഞാൻ കണ്ടിട്ടുണ്ട്. ഞാൻ ഞെട്ടിപ്പോയി. എല്ലാ തെളിവുകളിലും നൽകി കോടതിയിൽ ഇക്കാര്യങ്ങൾ തെളിയിക്കും. കുടുംബത്തോടുപോലും അനുഭവിച്ച കാര്യങ്ങൾ പറയാൻ താൽപര്യമില്ല.’’– സവീതി ബൂറ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പ്രതികരിച്ചു.