കൗമാരത്തിലെ മോഷണം വീണ്ടും; കണക്ക് പറയിപ്പിച്ച് തെഫ്റ്റ് വായനക്കാരിലേക്ക്

Mail This Article
2021നു ശേഷം അബ്ദുൽ റസാഖ് ഗുർനയുടെ ജീവിതം പാടേ മാറിപ്പോയി; എഴുത്തുജീവിതവും. പഴയ പുസ്തകങ്ങൾ ഉൾപ്പെടെ എല്ലാം വീണ്ടും വിപണിയിൽ എത്തി. മിക്ക കൃതികളും ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു; മാതൃഭാഷയായ സ്വാഹിലിയിലേക്ക് ഉൾപ്പെടെ. ലക്ഷക്കണക്കിനു വായനക്കാരെ പുതുതായി ലഭിച്ചു. ഒരു മാസത്തോളം നീണ്ട ലാറ്റിൻ അമേരിക്കൻ പര്യടനം കഴിഞ്ഞ് അദ്ദേഹം തിരിച്ചെത്തിയതേയുള്ളൂ. ഞങ്ങളും സമാന അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്...
കോളനി വാഴ്ചയുടെ ദുരിതം പേറിയ ജനത അദ്ദേഹത്തോടു പറഞ്ഞു. സമാനഹൃദയർ ചരിത്രം പങ്കുവയ്ക്കുന്നു. കറുത്ത ഇന്നലെകളോട് ഐക്യദാർഢ്യപ്പെടുന്നു. 2021നും മുൻപും ഗുർന വായിക്കപ്പെട്ടിട്ടുണ്ടെങ്കിലും ലോകം അദ്ദേഹത്തെ ഏറ്റെടുത്തത് നൊബേൽ ലഭിച്ചതു മുതലാണ്. ശാന്തമായിരുന്ന ജീവിതത്തിൽ തിരക്ക് തുടങ്ങി. പ്രഭാഷണങ്ങൾ. ലിറ്റററി ഫെസ്റ്റിവലുകൾ. തുടർച്ചയായി യാത്രകൾ.എഴുതിക്കൊണ്ടിരുന്ന നോവൽ അദ്ദേഹത്തിനു മാറ്റിവയ്ക്കേണ്ടിവന്നു. തിരക്ക് തുടർന്നതോടെ ഇനി ആറു മാസത്തേക്ക് ഒരു ചടങ്ങിനും വിളിക്കരുതെന്ന് ഏജന്റിന് കർശന നിർദേശം നൽകി വീണ്ടും എഴുത്തിലേക്ക് തിരിഞ്ഞു. തെഫ്റ്റ്. നൊബേൽ ജേതാവിന്റെ പുതിയ നോവൽ വായനക്കാർക്ക് ലഭിച്ചിരിക്കുന്നു.

2017 വരെ കെന്റ് യൂണിവേഴ്സിറ്റിയിൽ പ്രഫസർ ആയിരുന്നു ഗുർന. 1968ലാണ് അഭയാർഥിയായി യുകെയിൽ എത്തിയത്. അന്നദ്ദേഹത്തിന് വെറും 19 വയസ്സ് മാത്രം. ഇപ്പോൾ ടാൻസാനിയയുടെ ഭാഗമായ സാൻസിബാറിൽ നിന്ന് കുടിയേറുകയായിരുന്നു. ആഫ്രിക്കൻ കുടിയേറ്റക്കാരുടെ ജീവിതവും അവഗണനയും ഒട്ടേറെ നോവലുകളിൽ അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്. പിൽഗ്രിംസ് വേ, ബൈ ദ സീ, ഗ്രാവൽ ഹാർട്ട് എന്നിങ്ങനെ. കോളനി ഭരണത്തിൽ കീഴിൽ വീർപ്പുമുട്ടിയ ആഫ്രിക്കയെ ചരിത്രപരമായി സമീപിക്കുന്ന നോവലുകളുമുണ്ട്. ആഫ്റ്റർ ലൈവ്സ്, ഡെസർഷൻ, പാരഡൈസ് എന്നിങ്ങനെ.
11–ാമത്തെ നോവലാണ് തെഫ്റ്റ്. 1960ലെ വിപ്ലവത്തിനു ശേഷമുള്ള ടാൻസാനിയുടെ ജീവിതം ഇതാദ്യമായാണ് ഗുർന പ്രമേയമാക്കുന്നത്. സ്വന്തം കുട്ടിക്കാലത്തിലേക്കും യൗവ്വനത്തിലേക്കും അരികുവൽക്കരിക്കപ്പെട്ട ജീവിതത്തിലേക്കുമുള്ള തിരിഞ്ഞുനോട്ടം. ചരിത്രപരമെന്നപോലെ ആത്മകഥാപരവുമാണ് നോവൽ. ബദർ എന്ന കൗമാരക്കാരനാണ് പ്രധാന കഥാപാത്രം. സമ്പന്ന ബന്ധുക്കളുടെ വീട്ടിൽ സഹായിയായി ജോലി ചെയ്യുകയാണ്. മോഷണം ആരോപിക്കപ്പെട്ട് പുറത്താക്കപ്പെടുന്നതോടെ ബദറിന്റെ ജീവിതം മാറുന്നു. ഇതിനു സമാന്തരമായി കരീം എന്ന കസിന്റെ വ്യത്യസ്തമായ ജീവിതവും പറയുന്നു. ലഭ്യമായ പുതിയ അവസരങ്ങൾ ഉപയോഗിച്ച് ഉയർച്ച നേടുകയാണ് കരീം. കൂടെ നിന്ന ഭാര്യയെ ഉപേക്ഷിക്കാൻ പോലും അയാൾ മടിക്കുന്നില്ല.
അഭയം തേടിയെത്തി ജീവിതം കരുപ്പിടിപ്പിച്ച യുകെയിൽ നിന്ന് ഇനിയൊരു മടക്കയാത്രയെക്കുറിച്ച് ഗുർന ആലോചിക്കുന്നതേയില്ല. എന്നാൽ ഇടയ്ക്കിടെ ടാൻസാനിയ സന്ദർശിക്കാറുണ്ട്. 1963ൽ സ്വാതന്ത്ര്യം ലഭിച്ചതിനു പിന്നാലെ സാൻസിബാറിൽ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. ആയിരക്കണക്കിനു പേർ കൊല്ലപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു. സാമ്രാജ്യ ശക്തികൾ അടക്കിഭരിച്ച എല്ലാ രാജ്യങ്ങളിലും ഇതാണു സംഭവിച്ചതെന്ന് ഗുർന പറയുന്നു. നിയന്ത്രണം ഇല്ലാതാകുന്നതോടെ അതുവരെ അടിച്ചമർത്തപ്പെട്ട ജനത സ്വതന്ത്രമായി സഞ്ചരിക്കുന്നു. എന്നാൽ, ഒട്ടേറെ അസ്വസ്ഥതകളും സംജാതമാകുന്നു.
19–ാം വയസ്സിൽ സഹോദരനൊപ്പം ടൂറിസ്റ്റ് വീസയിൽ അനധികൃതമായാണ് ഗുർന യുകെയിൽ എത്തിയത്. കസിനെ കാണാൻ എത്തുകയാണെന്ന നാട്യത്തിൽ എത്തി ജീവിതം തുടങ്ങുകയായിരുന്നു. അന്നു മുതൽ സ്വാഗതം ചെയ്യപ്പെടാത്ത അതിഥിയായാണ് ജീവിച്ചത്. ആക്ഷേപ പേരുകളിൽ വിളിക്കപ്പെടുക. സംശയത്തോടെ വീക്ഷിക്കപ്പെടുക. ഒരു കടയിലേക്ക് കയറിയാൽ പെട്ടെന്ന് അവിടെ നിശ്ശബ്ദമാകും. നിങ്ങളെ ഇവിടെ ആർക്കും വേണ്ട എന്ന് ഓരോരുത്തരുടെയും മുഖത്ത് എഴുതി ഒട്ടിച്ചതുപോലെ തോന്നും. ആദ്യമൊക്കെ വിഷമിക്കുമെങ്കിലും പിന്നീട് എല്ലാം പരിചിതമാകും. അതോടെ ജീവിതം ഏറെക്കുറെ സ്വാഭാവികമാകും.

ആശുപത്രിയിൽ ശുചീകരണ ജീവനക്കാരനായി വരെ ഗുർന ആദ്യകാലത്ത് ജോലി ചെയ്തിട്ടുണ്ട്. അന്നൊന്നും എഴുത്തുകാരനാകുക എന്നൊരു മോഹമേ ഇല്ലായിരുന്നു. വേദനകളും അവഗണനകളും സമ്മാനിച്ച നിരാശയിൽ നിന്നാണ് എഴുതിത്തുടങ്ങിയത്. കെന്റ് യൂണിവേഴ്സിറ്റിയിൽ ഗവേഷണത്തിനിടെ ആദ്യ നോവൽ എഴുതി: മെമ്മറി ഓഫ് ഡിപാർച്ചർ.
ബ്രിട്ടിഷ് പൗരനാണ് ഇപ്പോൾ ഗുർന. ടാൻനാസിയ ഇരട്ടപൗരത്വം അനുവദിക്കാത്തതിനാൽ മാതൃരാജ്യത്തിന്റെ വിലാസം അദ്ദേഹം ഉപേക്ഷിച്ചു. നൊബേൽ നേടിയപ്പോൾ ടാൻസാനിയൻ പ്രസിഡൻറ് അഭിനന്ദിച്ച് ഇ മെയിൽ അയച്ചിരുന്നു. സാൻസിബാർ സന്ദർശിച്ചപ്പോൾ ആഘോഷത്തോടെയായിരുന്നു സ്വീകരണം. എന്നാൽ, ബ്രിട്ടിഷ് സർക്കാർ ഒരു കത്തിലൂടെ പോലും ഗുർനയെ ബന്ധപ്പെട്ടില്ല. ഒരു അഭിനന്ദന വാക്ക് പോലും പറഞ്ഞില്ല.
എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അവർ ഇതൊന്നും ശ്രദ്ധിക്കുന്നുണ്ടാകില്ല: ഗുർന നിസ്സംഗതയോടെ പറയുന്നു.