വിചിത്രഭാഷ, സസ്യങ്ങളുടെയും മനുഷ്യരുടെയും ചിത്രങ്ങൾ! ഇത് ഏലിയൻസിന്റെ കൈപ്പുസ്തകമോ?

Mail This Article
ലോകത്തു ചുരുളഴിയാത്ത അനേകം രഹസ്യങ്ങളുണ്ട്. ഇക്കൂട്ടത്തിൽപെട്ട പ്രശസ്തമായ ഒന്നാണു വോയ്‌നിക് മാനുസ്‌ക്രിപ്റ്റ് എന്ന രേഖ. നൂറ്റാണ്ടുകളായി പണ്ഡിതരെയും ക്രിപ്‌റ്റോഗ്രാഫർമാരെയും ഭാഷാവിദഗ്ധരെയുമൊക്കെ ഈ രേഖ വിസ്മയിപ്പിക്കുന്നു. എന്താണ് ഇതെന്നുള്ള യാതൊരു സൂചനയും ആർക്കുമില്ല. 15ാം നൂറ്റാണ്ടിലാണ് ഈ രേഖ തയാറാക്കപ്പെട്ടതെന്ന് പൊതുവെ കരുതപ്പെടുന്നു. കാർബൺ ഡേറ്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ പഴക്കം നിർണയിച്ചത്. 1912ൽ വിൽഫ്രഡ് വോയ്‌നിച്ച് എന്ന പോളിഷ് ബുക് പ്രസാധകൻ ഈ രേഖ വാങ്ങിച്ചതോടെയാണ് ഇതിന് വോയ്‌നിക് മാനുസ്‌ക്രിപ്റ്റ് എന്നു പേരുവന്നത്.
ഭൂമിയിലുള്ള ഒരു ലിപിയിലുമല്ലാത്ത ഏതോ ഭാഷ ഈ രേഖയിലുണ്ട്. സസ്യങ്ങൾ. സൂര്യൻ, ചന്ദ്രൻ, മറ്റു ചില ബഹിരാകാശ വസ്തുക്കൾ എന്നിവയുടെ ചിത്രങ്ങൾ, മനുഷ്യരുടെ രേഖാ ചിത്രങ്ങൾ, ചില ഡയഗ്രമുകൾ എന്നിവയൊക്കെ വോയ്‌നിക് മാനുസ്‌ക്രിപ്റ്റിലുണ്ട്. ഇംഗ്ലിഷിലെ കഴ്‌സീവ് റൈറ്റിങ് ശൈലി പോലെയാണ് ഇതിലെ ലിപി എഴുതിപ്പോയിരിക്കുന്നത്.
ഇതിലെ എഴുത്തിന്റെ അർഥം കണ്ടെത്താനായി പല വിദഗ്ധരും ശ്രമിച്ചിട്ടുണ്ടെങ്കിലും നടന്നിട്ടില്ല. സാധാരണ ഭാഷകളുടെ പ്രത്യേകതയായ സുഗമമായ ഒഴുക്ക് ഈ ഭാഷയിലും കാണാം.
ഈ രേഖ എന്താണെന്നതു സംബന്ധിച്ച് പലതരം സിദ്ധാന്തങ്ങൾ മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്. ഇന്നു നഷ്ടപ്പെട്ടുപോയ, ഏതോ പ്രാചീനകാല യൂറോപ്യൻ ഭാഷയിലാണ് ഇതെഴുതിയതെന്നാണ് ഒരു വാദം. അന്നത്തെ കാലത്തെ ആൽക്കെമിസ്റ്റുകൾ, പ്രകൃതിശാസ്ത്രജ്ഞർ തുടങ്ങിയവർ എഴുതിയ ഏതോ രഹസ്യകോഡ് ആണിതെന്നും വിശ്വസിക്കുന്നവരുണ്ട്. മധ്യകാലത്തെ ഏതോ തമാശക്കാരൻ ആളുകളെ പറ്റിക്കാനായി തയാറാക്കിയ രേഖയാണിതെന്നും സംശയിക്കപ്പെടുന്നുണ്ട്.
പിൽക്കാലത്തെ ചില അന്യഗ്രഹകുതുകികൾ, ഇത് അന്യഗ്രഹജീവികൾ ഭൂമിയിൽ അബദ്ധത്തിൽ ഉപേക്ഷിച്ചുപോയ കൈപ്പുസ്തകമാണെന്നും പ്രചാരണം നടത്തി. ഇത്തരം വാദങ്ങൾക്കൊന്നും യാതൊരു അടിസ്ഥാനവുമില്ല. എന്താണു ശരിക്കും വോയ്‌നിച്ച് രേഖ? ഇന്നും ഇതൊരു ചുരുളഴിയാ രഹസ്യമായി നിലകൊള്ളുന്നു.