ജയില്‍ ശിക്ഷ അനുഭവിച്ചവർക്ക് തിരിച്ചടവില്ലാതെ പിണറായി സർക്കാരിന്റെ 15,000 രൂപ ധനസഹായമോ? | Fact Check
.jpg?w=1120&h=583)
Mail This Article
ജയിൽ ശിക്ഷ അനുഭവിച്ചവർക്കും പ്രൊബേഷനർമാർക്കും 15,000 രൂപ ധനസഹായം നൽകാൻ പിണറായി സർക്കാർ തീരുമാനിച്ചെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജയിലിൽ പോകാൻ വേണ്ടി കുറ്റകൃത്യങ്ങൾ ചെയ്യാൻ നിലവിലെ സംസ്ഥാന സർക്കാർ പ്രോത്സാഹിപ്പിക്കുന്നവെന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നത്. എന്നാൽ, ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.
∙ അന്വേഷണം
നിരവധി പേർ പ്രസ്തുത വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഒരു ചാനൽ വാർത്തയുടെ ചെറിയ ഭാഗത്തിനൊപ്പം ഒരു വ്യക്തിയുടെ അഭിപ്രായം പറയുന്ന ഒരു ശബ്ദരേഖകൂടെ ചേർത്ത വിഡിയോയാണ് പ്രചരിക്കുന്നത്. 'ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവർ, പ്രൊബേഷനർമാർ എന്നിവർക്ക് തിരിച്ചടവില്ലാത്ത 15000 രൂപ വീതം തൊഴിൽ ധനസഹായം അനുവദിക്കും' എന്നാണ് വാർത്തയിലുള്ളത്. കുറേ വർഷം പഠിക്കാതെ, ഏതെങ്കിലും കുറ്റകൃത്യം ചെയ്ത് ജയിലിൽ പോയിരുന്നുവെങ്കില്‍ ജീവിക്കാൻ വരുമാനമാകുമായിരുന്നു എന്നാണ് ഇതോടൊപ്പമുള്ള ഓഡിയോയിൽ പറഞ്ഞുവയ്ക്കുന്നത്.
പ്രചരിക്കുന്ന വിഡിയോയിലെ വാർത്തയുടെ ഉറവിടം കണ്ടെത്താൻ കീഫ്രെയിമുകളെടുത്ത് നടത്തിയ പരിശോധനയില്‍ ഫലങ്ങളൊന്നും ലഭിച്ചില്ല. ഈ അടുത്ത ദിവസങ്ങളിലൊന്നും ഇത്തരത്തിലൊരു റിപ്പോർട്ട് പുറത്തുവന്നതായും അന്വേഷണത്തിൽ കണ്ടെത്തിയില്ല. തുടർന്ന്, കീവേർഡുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 'ജയില്‍ മോചിതരായവര്‍ക്ക് സ്വയം തൊഴില്‍ ധനസഹായ പദ്ധതിയുമായി സർക്കാർ' എന്ന തലക്കെട്ടിൽ, സംസ്ഥാന സർക്കാരിന്റെ വാർത്താ പോർട്ടലായ കേരള ന്യൂസ് പ്രസിദ്ധീകരിച്ച ഒരു വാർത്ത കണ്ടെത്തി. 'ജയില്‍ മോചിതരായ ദരിദ്രമായ സാമ്പത്തിക സാഹചര്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് സ്വയം തൊഴില്‍ ധനസഹായം പദ്ധതി നടപ്പാക്കുന്നു. പദ്ധതി പ്രകാരം സാമൂഹിക പുനരധിവാസത്തിന്റെ ഭാഗമായി ജയില്‍ മോചിതരായവര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് ഒറ്റത്തവണ ധനസഹായം നല്‍കി വരുന്നു. നിലവില്‍ 15,000 രൂപയാണ് നല്‍കി വരുന്നത്.' എന്നാണിതിൽ എഴുതിയിട്ടുള്ളത്.
തുടർന്ന്, സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ഔദ്യോഗിക സൈറ്റും പരിശോധിച്ചു. ഇതിലും ഇത്തരത്തിലൊരു സഹായം നൽകുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾ നൽകിയിട്ടുണ്ട്. സാമൂഹിക പുനരധിവാസത്തിന്റെ ഭാഗമായി സ്വയംതൊഴില്‍ കണ്ടെത്തുന്നതിനാണ് ദാരിദ്രമായ സാമ്പത്തിക സാഹചര്യങ്ങളില്‍ നിന്നുള്ള മുന്‍കുറ്റവാളികള്‍, മേല്‍നോട്ടത്തിനു വിധേയമാക്കി വച്ചിരിക്കുന്ന കുറ്റവാളികള്‍, തിരുത്തലിന് വേണ്ടിയോ അല്ലാതെയോ ഉള്ള സ്ഥാപനങ്ങളിലെ മുന്‍ അന്തേവാസികള്‍ (എക്സ്പ്യൂപ്പിള്‍സ്) എന്നിവർക്ക് ഇത്തരത്തിലൊരു സഹായം സർക്കാർ നൽകുന്നതെന്ന് ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷകര്‍ ബി.പി.എല്‍ പരിധിയില്‍പ്പെട്ടവരായിരിക്കണമെന്ന നിബന്ധനയുമുണ്ട് ഈ പദ്ധതിയിൽ. സാമൂഹ്യ ക്ഷേമ വകുപ്പ് നടത്തിവരുന്ന പദ്ധതികളിലേക്ക് അപേക്ഷിക്കാനുള്ള സുനീതി പോർട്ടലിലും ഈ പദ്ധതിയുടെ പേരുണ്ട്.
.jpeg)
കൂടുതൽ വിവരങ്ങൾക്ക്, സാമൂഹ്യ ക്ഷേമ വകുപ്പ് അധികൃതരെ ബന്ധപ്പെട്ടു. ഇവർ പറഞ്ഞതുപ്രകാരം, "2000 മുതൽ നൽകി വരുന്നതാണ് ഈ ധനസഹായം. അന്ന് ഈ തുക പതിനായിരം രൂപയായിരുന്നു. പിന്നീട് 2010ലാണ് 15,000 ആക്കി ഉയർത്തിയത്. ഓണ്‍ലൈനായി സുനീതി പോർട്ടലില്‍ ഇതിനായി അപേക്ഷിക്കാം. സഹായത്തിനുള്ള അർഹത അതാത് ജില്ലകളിലെ പ്രൊബേഷൻ ഓഫീസർമാരാണ് സാക്ഷ്യപ്പെടുത്തേണ്ടത്. വകുപ്പിന് ലഭിക്കുന്ന ഫണ്ട് അനുസരിച്ചാണ് അപേക്ഷകർക്കുള്ള തുക നൽകുന്നത്."
ഇതിൽ നിന്നും കാലങ്ങളായി നടപ്പാക്കി വരുന്ന ധനസഹായ പദ്ധതിയാണിതെന്നും ഇപ്പോഴത്തെ സർക്കാർ കൊണ്ടുവന്ന പദ്ധതിയല്ല ഇതെന്നും സ്ഥിരീകരിച്ചു.
∙ വാസ്തവം
ജയിലിൽ ശിക്ഷ അനുഭവിച്ചവർക്ക് സ്വയം തൊഴില്‍ ധനസഹായം നൽകാൻ പിണറായി വിജയൻ നയിക്കുന്ന സർക്കാർ തീരുമാനിച്ചുവെന്നത് തെറ്റായ പ്രചാരണമാണ്. 2000ൽ നടപ്പാക്കിയതാണ് ഈ പദ്ധതി. അന്ന് 10,000 ആയിരുന്ന തുക പിന്നീട് 2010ൽ 15,000 ആക്കി വര്‍ധിപ്പിക്കുകയായിരുന്നു.