മുഖസൗന്ദര്യത്തിനും മുടിവളർച്ചയ്ക്കും അത്യുത്തമം; മുൾട്ടാണിമിട്ടി ഇങ്ങനെ ഉപയോഗിക്കൂ

Mail This Article
മുഖ സൗന്ദര്യത്തിന് മഡ് ഫേഷ്യലിനെ ആശ്രയിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. കളിമണ്ണ് ചേർത്ത ഫെയ്സ്പാക്കുകൾ വിപണിയിൽ ഇപ്പോൾ സജീവമാണ്. വിപണിയിൽ ലഭിക്കുന്ന ഇത്തരം വസ്തുക്കളിലടങ്ങിയിരിക്കുന്ന രാസപദാർഥങ്ങൾ പലപ്പോഴും ചർമത്തിനു ദോഷം ചെയ്യുന്നവയായിരിക്കും. വിലകൂടിയ ഇത്തരം പായ്ക്കുകളുടെ പകിട്ടില്ലെങ്കിലും ഗുണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കളിമണ്ണ് ആണ് മുള്‍ട്ടാണി മിട്ടി. പാക്കിസ്ഥാനിലെ മുള്‍താന്‍ പ്രവിശ്യയില്‍ നിന്നാണ് ഇതിന്‍റെ ഉത്ഭവം. മറ്റുരാസവസ്തുക്കൾ അടങ്ങിയിട്ടില്ലാത്തതിനാൽ മുൾട്ടാണിമിട്ടി ഉപയോഗിക്കുന്നതിലൂടെ ചർമം കൂടുതൽ സുന്ദരമാകും. മുൾട്ടാണിമിട്ടിയുടെ ഗുണങ്ങൾ നോക്കാം.
ചർമത്തിനു നിറം കൂട്ടും
ചര്‍മത്തിനു നിറവും തിളക്കവും പകരാനും മുള്‍ട്ടാണിമിട്ടി സഹായിക്കും. നിറം കൂട്ടാനായി ഫെയ്സ്പായ്ക്ക് തയാറാക്കുമ്പോള്‍ തൈര് ചേര്‍ക്കുക . മുപ്പതു മിനിട്ടിനു ശേഷം കഴുകി കളയാം. പുതിന ഉണക്കി പൊടിച്ചു ചേര്‍ക്കുന്നത് ഗുണഫലം കൂട്ടും. ആഴ്ചയില്‍ രണ്ടു ദിവസം സ്ഥിരമായി ഉപയോഗിക്കാം. വെയിലേറ്റു കരുവാളിച്ച ചര്‍മത്തിനും ഇത് വളരെ ഗുണം ചെയ്യും. മുഖത്ത് മാത്രമായോ കൈകാലുകളിലോ ഇത് ഉപയോഗിക്കാം.
മുഖക്കുരു അകറ്റും
അടഞ്ഞ രോമകൂപങ്ങളും അധിക എണ്ണമയവുമാണ് മുഖക്കുരുവിന്‍റെ പ്രധാന കാരണങ്ങള്‍. ഇവയ്ക്കു മികച്ച പ്രതിവിധിയായ മുള്‍ട്ടാണി മിട്ടി മുഖക്കുരുവിനെയും അകറ്റാൻ സഹായിക്കും. വേപ്പിലയും ഒരു നുള്ള് കര്‍പ്പൂരവും മുൾട്ടാണിമിട്ടിയും ചേര്‍ത്ത് പനിനീരില്‍ ചാലിച്ചു ഫെയ്സ്പായ്ക്ക് തയാറാക്കാം. പതിനഞ്ചു മിനിറ്റ് കഴിഞ്ഞു പച്ചവെള്ളത്തില്‍ മുഖം കഴുകാം. ആഴ്ചയിലൊരിക്കല്‍ ഇത് ആവര്‍ത്തിക്കാം
ചര്‍മത്തിന്‍റെ ഇലാസ്തികത വര്‍ധിപ്പിക്കും
അമിതമായി വെയില്‍ കൊള്ളുന്നതും ഉറക്കമിളയ്ക്കുന്നതും പ്രായാധിക്യവുമെല്ലാം ചര്‍മം അയഞ്ഞു തൂങ്ങുന്നതിന് കാരണം ആകും. ഇത് പരിഹരിക്കാന്‍ ഗ്ലിസറിനും മുട്ടയുടെ വെള്ളയും തേനും ചേര്‍ത്തു കുഴച്ച മുള്‍ട്ടാണി മിട്ടി ആഴ്ചയില്‍ ഒരിക്കല്‍ മുഖത്ത് പുരട്ടാം. ഇത് ഉണങ്ങി കളയുന്നത് വരെ മുഖത്തെ മസ്സിലുകള്‍ അനക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
താരന്‍ അകറ്റാനും ഉത്തമം
താരന്‍ അകറ്റാന്‍ മാത്രമല്ല എണ്ണയും അഴുക്കും കളയാനും മുള്‍ട്ടാണി മിട്ടി ഉത്തമമാണ്. തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കാനും ഇത് സഹായിക്കും. ഓറഞ്ചിന്‍റെ തൊലി പൊടിച്ചതോ അല്ലെങ്കില്‍ തേനും നാരങ്ങ നീരും തൈരും ചേര്‍ത്തോ മുൾട്ടാണിമിട്ടി ഉപയോഗിക്കാം. മുഴുവന്‍ ഉണങ്ങിപിടിക്കുന്നതുനു മുന്‍പ് കഴുകികളയാന്‍ ശ്രദ്ധിക്കണം. വരണ്ട മുടിയുള്ളവര്‍ക്ക് ഈ പായ്ക്ക് നല്ലതല്ല. അല്ലാത്തവര്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ഇത് ഉപയോഗിക്കാം.