ചുംബിക്കാനൊരുങ്ങിയപ്പോൾ കളർബോംബ് പൊട്ടി; വിവാഹ ആഘോഷത്തിനിടെ അപകടം; വധുവിന് പരുക്ക്

Mail This Article
ആഘോഷങ്ങൾ അപകടങ്ങളിൽ അവസാനിക്കുന്നത് ഖേദകരമാണ്. ആഘോഷങ്ങൾ നിറപ്പകിട്ടാർന്നതാക്കുന്നതിനായി പലവസ്തുക്കളും ഉപയോഗിക്കാറുണ്ട്. ഇത്തരം വസ്തുക്കൾ പലപ്പോഴും അപകടം ക്ഷണിച്ചു വരുത്താറുണ്ട്. അത്തരത്തിൽ ബെംഗളൂരുവിലെ ഒരു വിവാഹാഘോഷത്തിൽ സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിവാഹത്തോടനുബന്ധിച്ചു നടത്തിയ ഫോട്ടോഷൂട്ടിനിടെ കളർ ബോംബ് പൊട്ടിത്തെറിച്ച് വധുവിന് സാരമായ പരുക്കേറ്റു.
വരൻ വധുവിനെ എടുത്തുയർത്തുന്നതിനിടെയാണ് ഫോട്ടോഷോട്ടിനു വേണ്ടി തയാറാക്കിയ കളർ ബോംബാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ വധുവിന്റെ പിൻഭാഗത്ത് സാരമായ പരുക്കേറ്റു. കാനഡയിൽ സ്ഥിര താമസക്കാരായ വിക്കിയുടെയും പിയയുടെയും വിവാഹദിനത്തിലായിരുന്നു സംഭവം. വിക്കി പിയയെ എടുത്തുയർത്തി ചുംബിക്കാനൊരുങ്ങുമ്പോഴായിരുന്നു സംഭവം. ബോംബ് പൊട്ടിത്തെറിച്ച് പിയയുടെ മുടി കരിഞ്ഞു. പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്
ഇവർ തന്നെയാണ് ഈ അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇത്തരത്തിൽ ആഘോഷങ്ങൾ നടത്തുന്നവർക്കുള്ള മുന്നറിയിപ്പാണ് ദൃശ്യങ്ങളെന്നും വിഡിയോ പങ്കുവച്ചു കൊണ്ട് ഇവർ വ്യക്തമാക്കി. വധുവിന്റെ പിൻഭാഗത്ത് പൊള്ളലേറ്റതിന്റെയും മുടി കരിഞ്ഞതിന്റെയും ദൃശ്യങ്ങൾ പങ്കുവച്ച വിഡിയോയിലുണ്ട്.
വിഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും എത്തി. അശ്രദ്ധമൂലമാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത്. ഇത്തരം വസ്തുക്കൾ ആഘോഷങ്ങളിൽ നിന്ന് ഒഴിവാക്കണം. എന്നിങ്ങനെയുള്ള കമന്റുകളും എത്തി. നിങ്ങളുടെ വിവാഹം ഒരു ദുരന്തമായി തീർന്നതിൽ ദുഃഖമുണ്ടെന്ന രീതിയിലും ചില കമന്റുകൾ എത്തി.