ഏഴാം വയസിൽ പിറന്നാൾ സമ്മാനം മിനി കൂപ്പർ; വില 44.90 ലക്ഷം

Mail This Article
കളിപ്പാട്ടം കൊണ്ട് കളിക്കേണ്ട പ്രായത്തിൽ ഒരു മിനി കൂപ്പർ സ്വന്തമായി കിട്ടിയാലോ? സംഗതി സത്യമാണ്. ഏഴു വയസ് മാത്രം പ്രായമുള്ള മകന് പിറന്നാളിന് പിതാവ് സമ്മാനിച്ചത് ഒരു മിനി കൂപ്പറാണ്. വളരെ ആഘോഷത്തോടെ നടന്ന ജന്മദിന പരിപാടികൾക്കിടയിലാണ് പിതാവ് ഏറെ വിലപിടിപ്പുള്ള ഈ സമ്മാനം മകന് കൈമാറിയത്. ചിത്രങ്ങൾ സോഷ്യൽ ലോകത്ത് എത്തിയതോടെ പ്രായപൂർത്തിയാകാത്ത കുട്ടിയ്ക്ക് എന്തിനാണ് ഈ കാർ എന്നാണ് നെറ്റിസൺസിന്റെ ചോദ്യം.
ഹൈദരാബാദിൽ നിന്നുമുള്ള ഒരു ബിസിനസുകാരനായ ശ്രീധർ റാവു ആണ് മകന്റെ പിറന്നാൾ കെങ്കേമമായി ആഘോഷിച്ചത്. പ്രശസ്തരായ ധാരാളം വ്യക്തികളും ഈ ജന്മദിനഘോഷങ്ങൾക്കു എത്തിയിരുന്നു. നാലാം തലമുറ മിനി കൂപ്പറാണ് ശ്രീധർ റാവു മകനായി നൽകിയത്. ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ വർഷമാണ് ഈ വാഹനമെത്തിയത്. ഏകദേശം 44.90 ലക്ഷം രൂപ മുതലാണ് ഈ മിനികൂപ്പറിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.
2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കൂപ്പര്‍ എസിൽ. എന്നാല്‍ ട്യൂണിങിലെ വ്യത്യാസം പെര്‍ഫോമെന്‍സിൽ കാണുവാൻ കഴിയും. നേരത്തെ 178എച്ച്പി, 280 എന്‍എം ആയിരുന്നത് പുതിയ മോഡലില്‍ 204 എച്ച്പി കരുത്തും പരമാവധി 300എന്‍എം ടോര്‍ക്കുമായി ഉയര്‍ന്നിട്ടുണ്ട്. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. 6.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീ.മി വേഗതയിലേക്കു കുതിക്കാന്‍ മിനി കൂപ്പര്‍ എസിനാവും.