ADVERTISEMENT

അഹമ്മദാബാദ്∙ വിലക്കു മാറി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നെങ്കിലും ടീമിന്റെ കളി മാറിയില്ല. ഫലം സീസണിലെ രണ്ടാം മത്സരത്തിലും ‘ദൈവത്തിന്റെ പോരാളികൾക്കു’ തോൽവി. 36 റൺസ് വിജയമാണ് ഗുജറാത്ത് ടൈറ്റൻസ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സ്വന്തമാക്കിയത്. ഗുജറാത്ത് ഉയർത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. സൂര്യകുമാർ യാദവും (28 പന്തിൽ 48), തിലക് വർമയും (36 പന്തിൽ 39) മാത്രമാണ് മുംബൈ ഇന്ത്യൻസിനായി ബാറ്റിങ്ങിൽ കുറച്ചെങ്കിലും തിളങ്ങിയത്. 

തുടക്കത്തിൽ തന്നെ രോഹിത് ശർമ (എട്ട്), റയാൻ റിക്കിൾട്ടൻ (ആറ്) എന്നിവരെ മുഹമ്മദ് സിറാജ് പുറത്താക്കിയതോടെ മുംബൈ പ്രതിരോധത്തിലേക്കു മടങ്ങിയിരുന്നു. തിലക് വർമയുടേയും സൂര്യകുമാറിന്റേയും ചെറുത്തുനിൽപ്പ് വലിയൊരു തകർച്ചയിൽനിന്ന് മുംബൈയെ രക്ഷിച്ചു. 12.1 ഓവറിൽ മുംബൈ 100 കടന്നു. ഇരുവരുടേയും പുറത്താകലിനു പിന്നാലെയെത്തിയ റോബിൻ മിൻസിനും (മൂന്ന്), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കും (17 പന്തിൽ 11) വമ്പനടികൾക്കുള്ള അവസരം ലഭിച്ചില്ല. നമൻ ഥിറും മിച്ചൽ സാന്റ്നറും അവസാന പന്തുകളിൽ 18 റൺസ് വീതം അടിച്ചെടുത്തെങ്കിലും, തോൽവി ഭാരം കുറയ്ക്കാൻ മാത്രമാണ് അത് ഉപകരിച്ചത്. ഗുജറാത്തിനായി പേസർമാരായ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. 41 പന്തുകളിൽ 63 റൺസെടുത്ത ഓപ്പണർ സായ് സുദർശനാണ് ടൈറ്റന്‍സിന്റെ ടോപ് സ്കോറർ. മുന്‍നിര ബാറ്റർമാർ‍ തിളങ്ങിയതോടെ പൊരുതാവുന്ന സ്കോറിലേക്ക് ഗുജറാത്ത് എത്തുകയായിരുന്നു. ജോസ് ബട്‍ലർ 24 പന്തിൽ 39 റൺസടിച്ചപ്പോൾ, ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 27 പന്തിൽ 38 റൺസും സ്വന്തമാക്കി. 

ആദ്യ ആറോവറുകളിൽ വിക്കറ്റു പോകാതെ 66 റൺസെടുത്ത ഗുജറാത്ത്, 10.5 ഓവറിലാണ് 100 പിന്നിട്ടത്. ഗുജറാത്ത് മധ്യനിരയ്ക്ക് കാര്യമായ ബാറ്റിങ് പ്രകടനം നടത്താൻ സാധിച്ചില്ല. ഷാറുഖ് ഖാൻ (ഒന്‍പത്), ഷെർഫെയ്ൻ റുഥർഫോഡ് (11 പന്തിൽ‍ 18), രാഹുൽ തെവാത്തിയ (പൂജ്യം), റാഷിദ് ഖാന്‍ (ആറ്) എന്നിവർക്കു വലിയ സ്കോർ കണ്ടെത്താൻ സാധിക്കാതെപോയി. മുംബൈ ഇന്ത്യൻസിനായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. ട്രെന്റ് ബോൾട്ട്, ദീപക് ചാഹർ, മുജീബുർ റഹ്മാൻ, സത്യനാരായണ രാജു എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

English Summary:

Indian Premier League, Mumbai Indians vs Gujarat Titans Match Updates

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com