ബിഹാറിൽ നിർമിക്കുന്ന ഈ 'ബൂട്ട്സ്' വേണമെന്ന് റഷ്യൻ സൈന്യവും; എന്താണ് രഹസ്യം?

Mail This Article
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, ഡോർണിയർ (Do-228) വിമാനങ്ങൾ, ചേതക് ഹെലികോപ്റ്ററുകൾ, ഫാസ്റ്റ് ഇന്റർസെപ്റ്റർ ബോട്ടുകൾ, ഭാരം കുറഞ്ഞ ടോർപ്പിഡോകൾ തുടങ്ങിയ നിരവധി പ്രതിരോധ ഉപകരണങ്ങൾ ഇന്ത്യ നൂറിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. എന്നാൽ, ഇതെല്ലാം മറികടന്ന് വിൽപനയും രാജ്യാന്തര ശ്രദ്ധയും നേടിയിരിക്കുകയാണ് മെയ്ഡ് ഇൻ ബിഹാർ ബൂട്ടുകൾ.
റഷ്യൻ സൈന്യം പോലും ആവശ്യപ്പെടുന്ന തരത്തിൽ ബിഹാറിൽ നിന്നുള്ള ബൂട്ടുകൾ ശ്രദ്ധ നേടിയിരിക്കുകയാണ്. ഹാജിപൂരിലാണ് ഈ ബൂട്ടുകളുടെ പ്രധാന നിർമ്മാണ കേന്ദ്രം. കോംപിറ്റൻസ് എക്സ്പോർട്സ് എന്ന സ്വകാര്യ സംരംഭം വിവിധ രാജ്യങ്ങളിലെ സൈന്യങ്ങൾക്കായി ഈ ബൂട്ടുകൾ നിർമിക്കുന്നു. രാജ്യാന്തര ബ്രാൻഡുകളുമായി മത്സരിക്കാൻ ഈ ബൂട്ടുകൾക്ക് കഴിഞ്ഞിട്ടുണ്ട്.
ഈ ബൂട്ടുകൾ ഏതു സാഹചര്യങ്ങളിലും ഉപയോഗയോഗ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു. ഭാരം കുറഞ്ഞതും വഴുതലില്ലാത്തതുമായ സോളുകൾ, തീവ്ര കാലാവസ്ഥ പ്രതിരോധിക്കാൻ കഴിയുന്ന നിർമാണ സാങ്കേതികവിദ്യ എന്നിവയാണ് ഇവയുടെ പ്രധാന സവിശേഷതകൾ. അതിനാൽ തന്നെ, റഷ്യയിലേക്കുള്ള ഏറ്റവും വലിയ കയറ്റുമതിക്കാരിൽ ഒന്നായി ഈ കമ്പനി മാറിയിരിക്കുകയാണ്. വർഷത്തിൽ 1.5 ദശലക്ഷം ജോഡി ബൂട്ടുകൾ വരെ കയറ്റുമതി ചെയ്യപ്പെടുന്നു.
ഒരുകാലത്ത് വിദേശ വിതരണക്കാരെ അധികമായി ആശ്രയിച്ചിരുന്ന ഇന്ത്യ, ഇന്ന് പ്രതിരോധ ഉപകരണങ്ങളുടെ ഏകദേശം 65 ശതമാനം ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ പ്രതിരോധ കയറ്റുമതി 21,083 കോടി രൂപ എന്ന റെക്കോർഡ് തലത്തിൽ എത്തി, ഇത് ഒരു ദശാബ്ദത്തിനുള്ളിൽ 30 മടങ്ങ് വർധനയാണ് രേഖപ്പെടുത്തിയത്.