മീഥെയ്ൻ തിന്നും ബാക്ടീരിയ, ഡിസ്കോ വിര; പസിഫിക്കിൽ പുതിയ ജീവികളെ കണ്ടെത്തി

Mail This Article
ചിലിയൻ തീരത്തിനു സമീപം നടത്തിയ ആഴക്കടൽ പര്യവേക്ഷണത്തിൽ അനേകം പുതിയതരം ജീവികളെ ശാസ്ത്രജ്ഞർ കണ്ടെത്തി. ഇവയിൽ പലതും ശാസ്ത്രലോകത്തിന് തന്നെ പുതിയതായിട്ടുള്ള ജീവികളാണ്. ഷ്മിറ്റ് ഓഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പര്യവേക്ഷണ വാഹനം നടത്തിയ നിരീക്ഷണത്തിലാണ് ഇവ കണ്ടെത്തിയത്. സമുദ്രത്തിനടിയിലുള്ള മലയിടുക്കുകളും മീഥെയ്ൻ പുറപ്പെടുവിക്കുന്ന ജൈവസംവിധാനങ്ങളുമൊക്കെ കടന്നായിരുന്നു പേടകത്തിന്റെ നിരീക്ഷണം. ആഴക്കടലിൽ നിന്നുള്ള ചിത്രങ്ങളും ഷ്മിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് പങ്കുവച്ചു.

ഈ കടൽമലയിടുക്കുകളിൽ ഗ്ലാസ് സ്പഞ്ചുകളും ആഴക്കടൽ പവിഴപ്പുറ്റുകളുമൊക്കെയുണ്ട്. കൂടാതെ ചെറിയ നക്ഷത്രമത്സ്യങ്ങളും നീരാളികളുമൊക്കെ ഇവിടെ വിഹരിക്കുന്നെന്നും ഗവേഷകർ പറയുന്നു. കടലടിത്തട്ടിൽ നിന്നു മീഥെയ്ൻ ഉയരുന്ന പഴുതുകളായ മീഥെയ്ൻ സീപ്പുകളോടു ബന്ധപ്പെട്ട് പ്രത്യേകതരം ബാക്ടീരിയ ഉണ്ടെന്നും ഗവേഷകർ പറയുന്നു. ഈ ബാക്ടീരിയകൾ ഈ കടലടിത്തട്ടിലെ സമുദ്രജീവന്റെ നട്ടെല്ലാണ്.
കോംഗ്രിയോ കൊളറാഡോ എന്നു പേരുനൽകിയിരിക്കുന്ന റെഡ് കസ്‌ക് ഈൽസ്, ഹംബോൾട് സ്‌ക്വിഡ് എന്ന കണവ തുടങ്ങി അനേകം തരത്തിലുള്ള സമുദ്രജീവികളെയാണ് കണ്ടെത്തിയിരിക്കുന്നത്. ആഴക്കടൽ മത്സ്യമായ ആംഗ്ലർ ഫിഷിന്റെ വിഭാഗത്തിലുള്ള പുതിയതരം മീനെയും കണ്ടെത്തിയിട്ടുണ്ട്.

ഡിസ്കോ വിര എന്നറിയപ്പെടുന്ന കടൽവിരയെയും പര്യവേക്ഷണത്തിൽ കണ്ടെത്തി. ഡിസ്കോ നർത്തകരുടെ വേഷം പോലെ തിളങ്ങുന്ന പുറംഘടനയാണ് ഈ വിരകൾക്ക്. ഇതിൽ നിന്നു പ്രകാശം പ്രതിഫലിക്കുകയും ഇത് ഈ ജീവികളുടെ വേട്ടക്കാരെ പിന്തിരിപ്പിക്കുകയും ചെയ്യും.