ഭൂകമ്പത്തിൽ തകർന്ന വീട്ടിൽ കുടുങ്ങിയത് 15 മണിക്കൂർ; പെൺകുട്ടികൾക്ക് രക്ഷയായത് കത്തിയും മൊബൈൽ ഫോണും

Mail This Article
മ്യാൻമർ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന നിരവധിപ്പേർക്ക് ജീവൻ തിരിച്ചുകിട്ടി. ബന്ധുക്കൾ നൽകുന്ന വിവരം അനുസരിച്ച് കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ഒരമ്മയെയും രണ്ട് പെൺകുട്ടികളെയും രക്ഷാപ്രവർത്തകർ പുറത്തേക്ക് കൊണ്ടുവന്നത് പതിനഞ്ച് മണിക്കൂറിനുശേഷമാണ്. ഇവർ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മൊബൈൽ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓണാക്കിയാണ് പെൺകുട്ടികൾ വിഡിയോ പകർത്തിയത്. രക്ഷാപ്രവർത്തകരുടെ ശ്രദ്ധയാകർഷിക്കാനായി ഒരു കത്തി കൊണ്ട് കോൺക്രീറ്റ് പാളിയിൽ ശബ്ദമുണ്ടാക്കിക്കൊണ്ടേയിരുന്നു. ഒടുവിൽ ആ ശബ്ദം രക്ഷാപ്രവർത്തകരിലേക്ക് എത്തുകയും സുരക്ഷിതമായി മൂവരെയും പുറത്തേക്ക് കൊണ്ടുവരുകയുമായിരുന്നു.
മാന്റ്‌ലെയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. തകർന്ന ഒരു ഹോട്ടൽ കെട്ടിടത്തിനകത്ത് രണ്ട് യുവതികൾ അഞ്ച് മണിക്കൂറോളമാണ് കുടുങ്ങിക്കിടന്നത്.