ADVERTISEMENT

മ്യാൻമർ ജനതയ്ക്ക് കറുത്ത ദിനമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച. 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് മ്യാൻമറിനെയും തായ്‌ലൻഡിനെയും പിടിച്ചു കുലുക്കിയത്. മ്യാൻമറിലെ സാഗെയിങ് നഗരത്തിന് വടക്ക് പടിഞ്ഞാറ് 10 കിലോമീറ്റർ താഴ്ചയിലായിരുന്നു പ്രഭവകേന്ദ്രം. ദുരന്തത്തിൽ ആയിരത്തിലധികം മരണങ്ങളും വൻ നാശ നഷ്ടങ്ങളുമാണ് രേഖപ്പെടുത്തിയത്. അയൽ രാജ്യങ്ങളായ ചൈന, ഇന്ത്യ, വിയറ്റ്നാം, ബംഗ്ലാദേശ് എന്നിവിടങ്ങളിലും പ്രകമ്പനമനുഭവപ്പെട്ടു. എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

പ്ലേറ്റുകൾ ഉരസി, മ്യാൻമർ കുലുങ്ങി

ഇന്ത്യ, യുറേഷ്യ എന്നീ രണ്ട് ടെക്റ്റോണിക് പ്ലേറ്റുകൾക്കിടയിലുള്ള മ്യാൻമറിൽ ഭൂകമ്പ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രണ്ട് പ്ലേറ്റുകൾക്കിടയിലുള്ള അതിർത്തിയെ 'സൈഗാങ് ഫോൾട്ട് ' എന്നാണ് വിളിക്കുന്നത്. മണ്ടാലെ, യാങ്കോൺ തുടങ്ങിയ നഗരങ്ങളിലൂടെ വടക്ക് നിന്ന് തെക്കോട്ട് ഏകദേശം 1,200 കിലോമീറ്റർ (745 മൈൽ) നീളമുള്ള ഒരു നീണ്ട നേർരേഖയായിട്ടാണ് ഇതിനെ സൂചിപ്പിക്കുന്നത്. ഈ നഗരങ്ങളിൽ കനത്ത നാശ നഷ്ടങ്ങളാണ് ഉണ്ടായത്. 

(Photo:X/@rajaneesh_u_a)
(Photo:X/@rajaneesh_u_a)

യുഎസ്ജിഎസ് (United States Geological Survey) അനുസരിച്ച് ഇന്ത്യ, യുറേഷ്യ ടെക്റ്റോണിക് പ്ലേറ്റുകൾ പരസ്പരം ഉരസിയതിനാലാണ് മ്യാൻമറിൽ  ഭൂകമ്പം ഉണ്ടായത്.  ഈ ചലനത്തെ "സ്ട്രൈക്ക്-സ്ലിപ്പ് ഫോൾട്ടിങ്" എന്നാണ് ശാത്രജ്ഞർ വിശേഷിപ്പിക്കുന്നത്. ഇതിന് സമാനമായ ഭൂകമ്പമായിരുന്നു 1994 ൽ കലിഫോർണിയയിൽ ഉണ്ടായതെന്ന്  ലണ്ടൻ ഇംപീരിയൽ കോളജിലെ ടെക്റ്റോണിക്സ് വിദഗ്ധയായ ഡോ. റെബേക്ക ബെൽ പറഞ്ഞു. ടെക്റ്റോണിക് പ്ലേറ്റുകൾ ഉരസുമ്പോൾ ഫോൾട്ടിന്റെ വിസ്തീർണ്ണം വലുതാകുന്നതിനനുസരിച്ച് ഭൂകമ്പത്തിന്റെ തീവ്രതയും കൂടുമെന്ന് ഡോ. റബേക്ക ബെൽ കൂട്ടിച്ചേർത്തു. 1970-കളിലെ പ്രശസ്തമായ റിക്ടർ സ്കെയിലിനെ മാറ്റിസ്ഥാപിച്ച മൊമെന്റ് മാഗ്നിറ്റ്യൂഡ് സ്കെയിലിലാണ് ഭൂകമ്പത്തിന്റെ ശക്തി അളക്കുന്നത്.

ദുരന്തത്തിന്റെ വ്യാപ്തി കൂടുന്നു

മ്യാൻമറിൽ ഏകദേശം 800,000 ത്തോളം ആളുകൾ താമസിക്കുന്നത് ഭൂകമ്പ സാധ്യത ഏറ്റവും കൂടുതലുള്ള മേഖലയിലാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ടുകൾ പറയുന്നു. 1930 ൽ ഉണ്ടായ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 550 ജീവനുകളാണ് നഷ്ടമായത്.  2012-ൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 26 പേർ മരിക്കുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കലിഫോർണിയ, ജപ്പാൻ എന്നിവയുൾപ്പെടെ ഭൂകമ്പ സാധ്യത കൂടുതലുള്ള ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും അവയെ നേരിടാൻ തരത്തിലുള്ള കെട്ടിടങ്ങളാണ് നിർമിച്ചിട്ടുള്ളത്. എന്നാൽ മ്യാൻമർ പോലുള്ള രാജ്യങ്ങളിൽ അത്ര ആധുനിക തരത്തിലുള്ള സംവിധാനങ്ങൾ ഇല്ലാത്തതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നു.

മ്യാൻമറിലും തായ്‌ലൻഡിലും ഇപ്പോഴും നിരവധിപേർ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. മ്യാൻമറിലെ അഞ്ച് നഗരങ്ങളിലാണ് കനത്ത നാശനഷ്ടങ്ങളുണ്ടായത്. റോഡ്-റെയിൽ പാലങ്ങൾ തകർന്നു. ആധുനിക തലസ്ഥാനമായ നയ്പിഡാവിലും മുൻ തലസ്ഥാനമായ യാങ്കോണിലും നാശനഷ്ടങ്ങൾ ഉണ്ടായി. മാന്റ്‌ലെയിൽ, കെട്ടിടങ്ങൾ തകർന്നു, രാജകൊട്ടാരത്തിന് കേടുപാടുകൾ സംഭവിച്ചു.

തുർക്കിക്ക് സമാനമായ നാശനഷ്ടം

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ ഒരു ബഹുനില കെട്ടിടം തകർന്നുവീണ് 100 ഓളം നിർമാണ തൊഴിലാളികളെ കാണാതായതായും 8 പേർ മരിച്ചതായും പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു. വരും ദിവസങ്ങളിൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് യു എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 2023-ൽ തെക്കൻ തുർക്കിയിൽ ഉണ്ടായ 7.8 തീവ്രതയുള്ള ഭൂകമ്പത്തിന് സമാനമായ നാശനഷ്ടങ്ങളാണ് മ്യാൻമറിലും ഉണ്ടാവുകയെന്ന് ലണ്ടൻ സർവകലാശാല ഭൗമ ശാസ്ത്ര വിഭാഗത്തിലെ ഡോ. ഇയാൻ വാട്ട്കിൻസൺ അഭിപ്രായപ്പെട്ടു. കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കിയ തുർക്കി ഭൂകമ്പത്തിൽ 50000 ത്തിലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. 

അതേസമയം ആഭ്യന്തര യുദ്ധം, പ്രളയം, ഭക്ഷ്യ പ്രതിസന്ധി, സാമ്പത്തിക മാന്ദ്യം എന്നിവയെ നേരിടുന്ന മ്യാൻമറിന് താങ്ങാവുന്നതിനുമപ്പുറമാണ് ഭൂകമ്പം കൊണ്ടുള്ള നാശനഷ്ടങ്ങൾ. പട്ടാള ഭരണം നടക്കുന്ന രാജ്യത്തെ റേഡിയോ, ടെലിവിഷൻ, അച്ചടി, ഓൺലൈൻ മാധ്യമങ്ങൾക്കെല്ലാം നിയന്ത്രണമുണ്ട്. അതിനാൽ ഭൂകമ്പത്തിന്റെ കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല.

English Summary:

Devastating 7.7 Magnitude Earthquake Rocks Myanmar, Death Toll Rises

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com