ചൈനയിൽ ആളൊന്നിന് 100 മരങ്ങൾ; സഹായിച്ചത് ‘ലിഡാർ’ ഗവേഷണം, മൊത്തം മരങ്ങൾ എണ്ണിത്തീർത്തു

Mail This Article
ചൈനയിൽ ആളൊന്നിന് 100 മരങ്ങൾവച്ചുണ്ടെന്ന് പുതിയ കണക്ക്. ആകെ 14260 കോടി മരങ്ങൾ ചൈനയിലുണ്ടെന്ന് ഗവേഷകർ പറയുന്നത്. എന്നാൽ ഈ സംഖ്യ പൂർണമായും ശരിയാകണമെന്നില്ലെന്നും മരങ്ങളുടെ എണ്ണം ഇതിൽ കൂടുതലാകാൻ വഴിയുണ്ടെന്നും പീക്കിങ് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് ആൻഡ് ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റത്തിലെ ഗവേഷകർ പറയുന്നു. ക്വിങ്ഹ ഗ്വോ എന്ന പ്രഫസറുടെ കീഴിലാണു പഠനം നടന്നത്.
എന്നാൽ 2019ൽ ചൈനയുടെ നയൻസ് നാഷനൽ ഫോറസ്റ്റ് റിസോഴ്‌സസ് ഇൻവന്ററി നടത്തിയ പഠനത്തിൽ ചൈനയിൽ ഏക്കറിൽ 426 മരങ്ങളുണ്ടെന്നാണു കണ്ടെത്തിയത്. പുതിയ പഠനപ്രകാരമുള്ള മരങ്ങളുടെ എണ്ണം ഇതിനേക്കാൾ കുറവാണ് കണക്കാക്കുന്നത്. ഏക്കറിൽ 279 മരങ്ങളെന്നാണു പുതിയ കണക്ക്. ആകെ 14260 കോടി മരങ്ങൾ ചൈനയിലുണ്ടാകാമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.
ചൈനയിലെ പരിസ്ഥിതി മേഖലയ്ക്കു വളരെ പ്രധാനമാണ് മരങ്ങളുടെ എണ്ണം സംബന്ധിച്ച കണക്ക്. കാടുകളിലെ മരങ്ങളിൽ സംഭരിക്കപ്പെട്ടിരിക്കുന്ന കാർബണിന്റെ അളവ് വിലയിരുത്താനും ഇതു സഹായകമാകും. ഡ്രോണുകളുപയോഗിച്ച് ഹൈ റസല്യൂഷൻ ഇമേജിങ് സാങ്കേതികവിദ്യ പ്രകാരമാണ് ഗവേഷണം നടത്തിയത്. ലിഡാർ എന്ന പ്രകാശസംവിധാനം ഉപയോഗിച്ചായിരുന്നു ഗവേഷണം. 2015 മുതൽ ഡ്രോണുകൾ ഉപയോഗിച്ച് ലിഡാർ വിവരങ്ങൾ ഗവേഷകർ ശേഖരിച്ചുവരികയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളും ഉൾപ്പെടുത്തിയുള്ളതാണു പുതിയ ലിഡാർ ഗവേഷണം.

വരുംകാലങ്ങളിൽ ചൈനയിലെ മരങ്ങളുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകും. ഗ്രേറ്റ് ഗ്രീൻവാൾ എന്ന തങ്ങളുടെ ഹരിത പദ്ധതിയിൽ ചൈന വലിയ കുതിപ്പിന് പദ്ധതിയിടുന്നതോടെയാണിത്. 1978ൽ തുടങ്ങി 2050ൽ പൂർത്തീകരിക്കുന്ന ഈ പദ്ധതിക്കായി ഡ്രോൺ ഉപയോഗിച്ചു വൻതോതിലാണു വിത്തുവിതരണം നടത്തുന്നത്. 10000 കോടി മരങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി നട്ടുവളർത്താനാണു നീക്കം. ചൈനയുടെ വടക്കൻ ഭാഗത്തെ ഗോബി, തക്ലമാക്കൻ മരുഭൂമികൾ കൂടുതൽ മേഖലയിലേക്ക് കടന്നുകയറുന്നത് തടയാനുള്ള പദ്ധതിയാണ് ഇത്.