ADVERTISEMENT

മുംബൈ∙ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റതോടെ ഏറെ പഴികേട്ട മുംബൈ ഇന്ത്യൻസ്, മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ‘പ്രിയപ്പെട്ടവർക്കു’ മുന്നിലേക്കെത്തിയപ്പോൾ യഥാർഥ മുംബൈ ഇന്ത്യൻസായി. ഫലം, ഐപിഎൽ 18–ാം സീസണിലെ തോൽവി പരമ്പരയ്‌ക്ക് വിരാമമിട്ട് മുംബൈ ഇന്ത്യൻസിന് ആദ്യ ജയം. നിലവിലെ ചാംപ്യൻമാർ കൂടിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ടു വിക്കറ്റിനാണ് മുംബൈ തകർത്തത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത കൂട്ടത്തകർച്ച നേരിട്ട് 16.2 ഓവറിൽ 116 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ റയാൻ റിക്കിൾട്ടൻ അർധസെഞ്ചറിയുമായി തിളങ്ങിയതോടെ മുംബൈ 43 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി.

റിക്കിൾട്ടൻ 41 പന്തിൽ നാലു ഫോറും അഞ്ച് സിക്സും സഹിതം 62 റൺസുമായി പുറത്താകാതെ നിന്നു. 33 പന്തിൽ നാലു ഫോറും നാലു സിക്സും സഹിതമാണ് റിക്കിൾട്ടൻ അർധസെഞ്ചറി കടന്നത്. വിൽ ജാക്സ് 17 പന്തിൽ ഒരു സിക്സ് സഹിതം 16 റൺസെടുത്ത് പുറത്തായി. 12 പന്തിൽ ഒരു സിക്സ് സഹിതം 12 റൺസുമായി രോഹിത് ശർമയാണ് പുറത്തായ മറ്റൊരു താരം. സൂര്യകുമാർ യാദവ് ഒൻപതു പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം പുറത്താകാതെ 27 റൺസെടുത്ത് മുംബൈ വിജയം രാജകീയമാക്കി. മുംബൈയ്ക്ക് നഷ്ടമായ രണ്ടു വിക്കറ്റും ആന്ദ്രെ റസ്സൽ സ്വന്തമാക്കി. 2.5 ഓവറിൽ 35 റൺസ് വഴങ്ങിയാണ് റസ്സൽ രണ്ടു വിക്കറ്റെടുത്തത്.

ഓപ്പണിങ് വിക്കറ്റിൽ രോഹിത് – റിക്കിൾട്ടൻ സഖ്യം 32 പന്തിൽ 46 റൺസ് കൂട്ടിച്ചേർത്ത് നൽകിയ മികച്ച തുടക്കമാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. രണ്ടാം വിക്കറ്റിൽ റിക്കിൾട്ടൻ – വിൽ ജാക്സ് സഖ്യം 32 പന്തിൽ 45 റൺസ് കൂട്ടിച്ചേർത്ത് മുംബൈയെ വിജയവഴിയിൽ നിലനിർത്തി. പിരിയാത്ത മൂന്നാം വിക്കറ്റിൽ റിക്കിൾട്ടൻ – സൂര്യകുമാർ സഖ്യം 13 പന്തിൽ 30 റൺസെടുത്ത് വിജയം പൂർത്തിയാക്കി.

∙ വീണ്ടും ‘അരങ്ങേറ്റ വിസ്മയം’

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നിലവിലെ ചാംപ്യൻമാർ കൂടിയായ കൊൽക്കത്ത, 16.2 ഓവറിലാണ് 116 റൺസിന് പുറത്തായത്. 16 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 26 റൺസെടുത്ത ആൻക്രിഷ് രഘുവംശിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. അശ്വനി കുമാർ മൂന്ന് ഓവറിൽ 24 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. മലയാളി താരം വിഘ്നേഷ് പുത്തൂർ രണ്ട് ഓവറിൽ 22 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.

കൊൽക്കത്ത നിരയിൽ രഘുവംശിക്കു പുറമേ രണ്ടക്കം കണ്ടത് ആകെ നാലു പേരാണ്. ഏഴു പന്തിൽ ഓരോ സിക്സും ഫോറും സഹിതം 11 റൺസെടുത്ത ക്യാപ്റ്റൻ അജിൻക്യ രഹാനെ, 14 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 17 റൺസെടുത്ത റിങ്കു സിങ്, 14 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 19 റൺസെടുത്ത ഇംപാക്ട് പ്ലെയർ മനീഷ് പാണ്ഡെ, അവസാന നിമിഷങ്ങളിൽ തകർത്തടിച്ച് 12 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 22 റൺസെടുത്ത രമൺദീപ് സിങ് എന്നിവർ.

ഓപ്പണർമാരായ ക്വിന്റൻ ഡികോക്ക് (മൂന്നു പന്തിൽ ഒന്ന്), സുനിൽ നരെയ്ൻ (രണ്ടു പന്തിൽ പൂജ്യം), വെങ്കടേഷ് അയ്യർ (ഒൻപതു പന്തിൽ മൂന്ന്), ആന്ദ്രെ റസ്സൽ (11 പന്തിൽ അഞ്ച്), ഹർഷിത് റാണ (എട്ടു പന്തിൽ നാല്) എന്നിവർ നിരാശപ്പെടുത്തി. സ്പെൻസർ ജോൺസൻ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. അശ്വിനി കുമാർ, വിഘ്നേഷ് പുത്തൂർ എന്നിവർക്കു പുറമേ ദീപക് ചാഹർ രണ്ട് ഓവറിൽ 19 റൺസ് വഴങ്ങി രണ്ടും, ട്രെന്റ് ബോൾട്ട് നാല് ഓവറിൽ 23 റൺസ് വഴങ്ങിയും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ രണ്ട് ഓവറിൽ 10 റൺസ് വഴങ്ങിയും മിച്ചൽ സാന്റ്നർ 3.2 ഓവറിൽ 17 റൺസ് വഴങ്ങിയും ഓരോ വിക്കറ്റും വീഴ്ത്തി.

അരങ്ങേറ്റത്തിലെ ആദ്യ പന്തിൽത്തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ അജിൻക്യ രഹാനെയുടെ വിക്കറ്റെടുത്ത് സ്വപ്നതുല്യമായ തുടക്കമായിരുന്നു അശ്വനി കുമാറിന്റേത്. ഏഴു പന്തിൽ ഓരോ സിക്സും ഫോറും സഹിതം 11 റൺസുമായി ആക്രമണം മുംബൈ ക്യാംപിലേക്ക് നയിക്കാനുള്ള ശ്രമത്തിലാണ് രഹാനെ മടങ്ങിയത്. തിലക് വർമ ക്യാച്ചെടുത്തു.

ഒരു പന്തിന്റെ ഇടവേളയ്ക്കു ശേഷം അശ്വനി കുമാർ രണ്ടാം വിക്കറ്റിന് തൊട്ടരികെ എത്തിയെങ്കിലും വെങ്കടേഷ് അയ്യർ നൽകിയ അവസരം മിച്ചൽ സാന്റ്നർ ബാക്ക്‌വാഡ് പോയിന്റിൽ വിട്ടുകളഞ്ഞത് തിരിച്ചടിയായി. തൊട്ടടുത്ത ഓവറിൽ ട്രെന്റ് ബോൾട്ടിന്റെ പന്തിൽ വെങ്കടേഷ് അയ്യർ തന്നെ നൽകിയ അവസരം അശ്വനി കുമാറും വിട്ടുകളഞ്ഞു. പിന്നീട് റിങ്കു സിങ്, മനീഷ് പാണ്ഡെ, ആന്ദ്രെ റസ്സൽ എന്നിവരെയും പുറത്താക്കിയാണ് അശ്വനി കുമാർ നാലു വിക്കറ്റ് തികച്ചത്. മുംബൈ ഇന്ത്യൻസിനായി അരങ്ങേറ്റത്തിൽ വിക്കറ്റെടുക്കുന്ന നാലാമത്തെ താരം കൂടിയായി അശ്വനി കുമാർ

∙ മുംബൈയ്ക്ക് ടോസ്, കൊൽക്കത്തയ്‌ക്ക് ബാറ്റിങ്

നേരത്തെ, ടോസ് നേടിയ മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ കൊൽക്കത്തയെ ബാറ്റിങ്ങിന് അയയ്‌ക്കുകയായിരുന്നു. സീസണിലെ ആദ്യ മത്സരത്തിൽ ഇംപാക്ട് സബ് ആയി എത്തി മൂന്നു വിക്കറ്റ് വീഴ്ത്തിയ മലയാളി താരം വിഘ്നേഷ് പുത്തൂർ പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചു. മുംബൈ നിരയിൽ അശ്വനി കുമാറിന് അരങ്ങേറ്റത്തിനും അവസരം ലഭിച്ചു.

English Summary:

Mumbai Indians vs Kolkata Knight Riders, IPL 2025 Match - Live Updates

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com