ചെന്നൈ തോൽക്കുന്ന കളികളിൽ ‘അടിയോടടി’, ജയിപ്പിക്കേണ്ടപ്പോൾ ‘ബാറ്റിന് അനക്കമില്ല’; രാജസ്ഥാനെതിരായ മത്സരത്തിലും ധോണിക്ക് വിമർശനം

Mail This Article
ചെന്നൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിങ്സ് അനായാസ വിജയം നേടുമെന്ന് പ്രതീക്ഷിച്ച രാജസ്ഥാൻ റോയൽസിനെതിരായ മത്സരം ആറു റൺസിനു തോറ്റതിനു പിന്നാലെ, വെറ്ററൻ താരം മഹേന്ദ്രസിങ് ധോണിയുടെ ബാറ്റിങ് ശൈലിക്ക് വിമർശനം. 2023ലെ ഐപിഎൽ സീസൺ മുതൽ ഇന്നലെ നടന്ന രാജസ്ഥാൻ റോയൽസ് മത്സരം വരെയെടുത്താൽ, ടീം ചേസ് ചെയ്യുന്ന മത്സരങ്ങളിൽ ടീമിനെ രക്ഷിക്കാൻ ധോണിക്കു സാധിച്ചിട്ടില്ല എന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഈ കാലയളവിൽ തോറ്റ മത്സരങ്ങളിൽ ധോണിയുടെ ബാറ്റിങ് ശരാശരി 83നും മുകളിലാണ്!
ഇക്കലായളവിൽ ചെന്നൈ ചേസ് ചെയ്ത് ജയിച്ച മത്സരങ്ങളിൽ ധോണി ബാറ്റിങ്ങിന് ഇറങ്ങിയത് മൂന്നു തവണ മാത്രം. ആ മത്സരങ്ങളിൽ താരത്തിന്റെ സമ്പാദ്യം വെറും 3 റൺസും! അതേസമയം, ഇതേ കാലയളവിൽ ചെന്നൈ ചേസ് ചെയ്ത് തോൽവി വഴങ്ങിയ ആറു മത്സരങ്ങളിലാണ് ധോണി ബാറ്റിങ്ങിന് ഇറങ്ങിയത്. ഈ മത്സരങ്ങളിൽ 84 പന്തിൽനിന്ന് 13 ഫോറും 13 സിക്സറും സഹിതം ധോണി അടിച്ചുകൂട്ടിയത് 166 റൺസാണ്! അതായത് 2023 മുതലുള്ള സീസണുകൾ വിശകലനം ചെയ്താൽ ധോണിക്ക് ടീമിന്റെ വിജയത്തിലേക്ക് കാര്യമായ സംഭാവനകൾ നൽകാനായിട്ടില്ലെന്ന് സാരം.
ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് തോറ്റ രണ്ടു മത്സരങ്ങളും ധോണിയുടെ ഈ മോശം പ്രകടനം എടുത്തുകാണാം. രാജസ്ഥാനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ഏഴാമനായി ധോണി ക്രീസിലെത്തുന്നത് ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച് അതിനിർണായക ഘട്ടത്തിലാണ്. ടീമിനെ വിജയത്തിലെത്തിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് 44 പന്തിൽ 63 റൺസുമായി വാനിന്ദു ഹസരംഗയുടെ പന്തിൽ പുറത്താകുമ്പോൾ, അഞ്ച് വിക്കറ്റും 25 പന്തു ബാക്കിനിൽക്കെ ചെന്നൈയ്‌ക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് 54 റൺസ്!
സന്ദീപ് ശർമ എറിഞ്ഞ 17–ാം ഓവറിൽ രവീന്ദ്ര ജഡേജ – ധോണി സഖ്യത്തിന് നേടാനായത് ഒൻപത് റൺസ് മാത്രം. ഇതോടെ അവസാന മൂന്ന് ഓവറിൽ വിജയത്തിലേക്ക് വേണ്ടിയിരുന്നത് 45 റൺസ്. മഹീഷ് തീക്ഷണ എറഞ്ഞ 18–ാം ഓവറിൽ ധോണി – ജഡേജ സഖ്യത്തിന് വീണ്ടും പിഴച്ചു. ഇത്തവണ ആകെ നേടിയത് ആറു റൺസ്. ഇതോടെ രണ്ട് ഓവറിൽ വിജയത്തിനു വേണ്ട റൺസ് 39 റൺസായി.
മുൻ ചെന്നൈ താരം കൂടിയായ തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ 19–ാം ഓവറിൽ ധോണി സിക്സും ഫോറും നേടി തിളങ്ങിയതോടെ പിറന്നത് 19 റൺസ്. ഇതിൽ ജഡേജ നേടിയ ഒരു സിക്സും ഉൾപ്പെടുന്നു. സന്ദീപ് ശർമയുടെ അവസാന ഓവറിൽ വിജയലക്ഷ്യം 20 റൺസായിരുന്നെങ്കിലും, ആദ്യ പന്തിൽത്തന്നെ ധോണി പുറത്തായി. ആ ഓവറിൽ 13 റൺസ് നേടിയ ചെന്നൈ ആറു റൺസിന് തോൽക്കുകയും ചെയ്തു.
അതിനു മുൻപു നടന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ മത്സരത്തിൽ ധോണി 16 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും ഹിതം 30 റൺസുമായി തിളങ്ങിയെങ്കിലും, തോൽവി ഉറപ്പായ ഘട്ടത്തിലായിരുന്ന ആ ഇന്നിങ്സ് എന്നാണ് വിമർശനം. മാത്രമല്ല, ഈ മത്സരത്തിൽ ധോണി ഒൻപതാമനായി ബാറ്റിങ്ങിന് എത്തിയതും വിമർശിക്കപ്പെട്ടു. ഈ മത്സരത്തിന്റെ 16–ാം ഓവറിലെ രണ്ടാം മൂന്നാം പന്തിൽ ധോണി ക്രീസിലെത്തുമ്പോൾ, മൂന്നു വിക്കറ്റ് ബാക്കിനിൽക്കെ ചെന്നൈയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 98 റൺസാണ്. ഏറെക്കുറെ അപ്രാപ്യമായ ഈ ലക്ഷ്യം മുന്നിൽനിൽക്കെയാണ് ധോണി ‘സമാധാനത്തോടെ’ തകർത്തടിച്ചതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.