തോൽവി ഭാരത്തിനിടെ ഹാർദിക്കിന് ‘ശിക്ഷാ ഭാര’വും; ആദ്യ മത്സരത്തിൽ വിലക്ക്, രണ്ടാം മത്സരത്തിൽ 12 ലക്ഷം രൂപ പിഴ!

Mail This Article
അഹമ്മദാബാദ് ∙ കുറഞ്ഞ ഓവർ നിരക്കും പിഴയും ഐപിഎലിൽ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ വിടാതെ പിന്തുടരുകയാണ്. ഗുജറാത്ത് ടൈറ്റൻസിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തിൽ നിശ്ചിത സമയത്തിനുള്ളിൽ ബോളിങ് പൂർത്തിയാക്കാത്തതിന് മുംബൈ ക്യാപ്റ്റന് 12 ലക്ഷം രൂപ പിഴ വിധിച്ചു. ഈ സീസണിൽ ഓവർ നിരക്കിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ ക്യാപ്റ്റനും ഹാർദിക്കാണ്.
കഴിഞ്ഞ സീസണിൽ 3 തവണയാണ് മുംബൈ ഓവറുകൾ വൈകിപ്പിച്ചത്. 2 തവണ പിഴയടച്ച് രക്ഷപെട്ട മുംബൈ ക്യാപ്റ്റൻ സീസണിലെ അവസാന മത്സരത്തിലും ലംഘനം ആവർത്തിച്ചു. ഇതോടെ ഒരു മത്സരത്തിൽനിന്നു വിലക്കു നേരിട്ട ഹാർദിക്കിന് ഈ സീസണിലെ ആദ്യ മത്സരം നഷ്ടമാവുകയും ചെയ്തു.
ശനിയാഴ്ച നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോടു 36 റൺസിനാണ് മുംബൈ പരാജയപ്പെട്ടത്. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനോട് നാലു വിക്കറ്റിനും തോറ്റ മുംബൈ ഇന്ത്യൻസ് നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.