സ്ത്രീകളിൽ ശരിയായ രോഗനിർണയം നടക്കുന്നില്ലേ? ഈ രോഗങ്ങളും ലക്ഷണങ്ങളും അറിഞ്ഞിരിക്കണം

Mail This Article
ആരോഗ്യകാര്യത്തിൽ സ്ത്രീകൾ പല വെല്ലുവിളികളും നേരിടുന്നുണ്ട്. അതിൽ ഏറ്റവും വലിയ ഒന്നാണ് തെറ്റായ രോഗനിർണയം. ഇത് ചികിത്സ വൈകിപ്പിക്കും എന്നു മാത്രമല്ല ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഹൃദയാഘാതം വന്നതിനുശേഷവും സ്ത്രീകളിൽ പ്രാഥമികമായി തെറ്റായ രോഗനിർണയത്തിനുള്ള സാധ്യത അൻപതു ശതമാനമാണ്.
പക്ഷാഘാതത്തിന്റെ കാര്യത്തിൽ ഇത് ഇരുപത്തഞ്ചു ശതമാനമാണ്. ഇതുമാത്രമല്ല, കോപ്പൻഹേഗൻ സർവകലാശാല നടത്തിയ ഒരു പഠനത്തിൽ കണ്ടത്, സ്ത്രീകളിൽ പുരുഷന്മാരെ അപേക്ഷിച്ച് ശരാശരി നാലു വർഷത്തിനുശേഷമാണ് രോഗം കണ്ടെത്തുന്നത്. എഴുനൂറിലധികം രോഗങ്ങളുടെ കാര്യത്തിൽ ഇതാണ് അവസ്ഥ. കാൻസറിന്റെ കാര്യത്തിൽ സ്ത്രീകളിൽ രണ്ടരവർഷത്തിനു ശേഷമാവും രോഗനിർണയം സാധ്യമാകുക. സ്ത്രീകളിൽ തെറ്റായ രോഗനിർണയം നടക്കുന്ന ചില രോഗങ്ങൾ ഏതൊക്കെ എന്നു നോക്കാം.
1. ഹൃദ്രോഗം
ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും പുരുഷന്മാരുടേതില്‍ നിന്ന് വ്യത്യസ്തമാണ് സ്ത്രീകളിലെ രോഗലക്ഷണങ്ങൾ. നെഞ്ചുവേദനയാണ് ഹൃദയപ്രശ്നങ്ങളുടെ പ്രധാന ലക്ഷണം. സ്ത്രീകളിൽ ഇതിനു പുറമെ കടുത്ത ക്ഷീണം, ഓക്കാനം, നെഞ്ചിനും പുറത്തും താടിയെല്ലുകൾക്കും വേദന ഇവയും ഉണ്ടാകും. മിക്ക ഡോക്ടർമാരും ഹൃദ്രോഗ നിർണയത്തിന് കാര്യമായ പരിശോധനകൾ നടത്തും. എന്നാൽ സ്ത്രീകളിൽ രക്തക്കുഴലുകൾ ചെറിയതായതിനാൽ ചിലപ്പോൾ രോഗനിർണയം സാധ്യമാവില്ല. നെഞ്ചുവേദനയ്ക്കൊപ്പം സ്ത്രീകളിലുണ്ടാകുന്ന ഓക്കാനം, ക്ഷീണം, താടിയെല്ലു വേദന ഇവയെല്ലാം സ്ട്രെസ്സിന്റെയോ ദഹനക്കേടിന്റെയോ ലക്ഷണമായി തെറ്റിദ്ധരിക്കും.

2. എൻഡോമെട്രിയോസിസ്
സ്ത്രീകളുടെ പ്രത്യുൽപാദന വ്യവസ്ഥയെ ബാധിക്കുന്ന ഒരു രോഗമാണ് എൻഡോമെട്രിയോസിസ്. ഗർഭപാത്രത്തിന്റെ പുറംപാളി മറ്റൊരിടത്ത് വളരുന്ന അവസ്ഥയാണിത്. കടുത്ത ഇടുപ്പ് വേദന, കനത്ത ആർത്തവം, വന്ധ്യത ഇവയ്ക്കെല്ലാം ഇത് കാരണമാകും. ലോകത്ത് ലക്ഷക്കണക്കിന് സ്ത്രീകളെ ബാധിക്കുന്ന രോഗമാണിതെങ്കിലും പലപ്പോഴും ഇത് ആർത്തവ വേദനയായി തെറ്റിദ്ധരിക്കപ്പെടും. എൻഡോമെട്രിയോസിസ് ചിലപ്പോൾ ഇൻഫ്ലമേറ്ററി ബവൽ സിൻഡ്രോം (IBS) മുതൽ വിഷാദം വരെയായി തെറ്റായി ധരിക്കപ്പെടാം എന്ന് ഡോക്ടർമാർ പറയുന്നു.
3. സ്തനാർബുദം, സെർവിക്കൽ കാൻസർ
ഈ കാൻസറുകളെക്കുറിച്ചുള്ള അവബോധം വർധിച്ചിട്ടുണ്ടെങ്കിലും ലോകത്ത് ഒരു വലിയ വിഭാഗം സ്ത്രീകൾ ഇതുവരെ സ്തനാർബുദം, സെർവിക്കൽ കാൻസർ അഥവാ ഗർഭാശയമുഖ കാൻസർ, അണ്ഡാശയ അർബുദം ഇവയ്ക്കുള്ള പരിശോധനകൾക്ക് വിധേയരായിട്ടില്ല. യുഎന്നിന്റെ കണക്കുപ്രകാരം സ്തനാർബുദ കേസുകളിൽ മുപ്പത്തൊന്നു ശതമാനത്തിലധികം പലപ്പോഴും തെറ്റായ രോഗനിർണയം ആണ് നടക്കുന്നത്. പ്രാരംഭലക്ഷണങ്ങളായ ബ്ലോട്ടിങ്ങ് അഥവാ വയറുകമ്പിക്കൽ, നടുവേദന, ക്രമം തെറ്റിയ ആർത്തവം ഇവയെല്ലാം പൊതുവെ ഉപദ്രവകാരികളല്ലെന്നും ഐബിഎസ് പോലുള്ള രോഗങ്ങളുടെ ലക്ഷണമായും തെറ്റിദ്ധരിക്കപ്പെടുന്നു. പതിവായ പരിശോധനകളിലൂടെ എന്താണ് ആരോഗ്യകരമായ അവസ്ഥ എന്നതിനെക്കുറിച്ച് അറിവുണ്ടാകുന്നതും കാൻസർ നേരത്തെ കണ്ടെത്താൻ സഹായിക്കും.

4. സ്ലീപ്പ് അപ്നിയ
ഉയർന്ന രക്തസമ്മർദം, ഹൃദയത്തകരാറുകൾ, പക്ഷാഘാതം ഇവയിലേക്കു നയിക്കാവുന്ന ഉറക്കപ്രശ്നമായ സ്ലീപ്പ് അപ്നിയ, പുരുഷന്മാര്‍ക്കു മാത്രം വരുന്ന രോഗമാണ് എന്നായിരുന്നു ഈ അടുത്തകാലം വരെ സ്ലീപ്പ് സ്പെഷ്യലിസ്റ്റുകൾ പോലും കരുതിയിരുന്നത്. എന്നാൽ രണ്ടോ മൂന്നോ പുരുഷന്മാർക്ക് ഒരു സ്ത്രീ എന്ന കണക്കിൽ ഈ രോഗം ഉണ്ടാകുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ടെങ്കിലും മിക്ക ഡോക്ടർമാരും സ്ത്രീകളിൽ ഈ രോഗം കണ്ടെത്തുന്നതിൽ പരാജയപ്പെടുന്നു. സ്ത്രീകളിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ തന്നെയാണ് ഇത്തരത്തിൽ രോഗനിർണയം സാധ്യമാകാത്തതിന്റെ കാരണങ്ങൾ.
കടുത്ത ക്ഷീണം, ഉന്മേഷമില്ലായ്മ, ശരീരഭാരം കൂടുക ഇവയെല്ലാം തൈറോയ്ഡ് കുറഞ്ഞതു മൂലമോ മൂഡ് ഡിസോർഡറുകൾ മൂലമോ ആണെന്ന് തെറ്റിദ്ധരിക്കും. മധ്യവയസ്സു കഴിഞ്ഞതും അമിതഭാരവുമുള്ള പുരുഷന്മാർക്കാണ് സ്ളീപ്പ് ആപ്നിയ വരുന്നത് എന്ന മുൻധാരണയും പലർക്കുമുണ്ട്. അതുകൊണ്ടു തന്നെ സ്ത്രീകളിലെ ഉറക്കപ്രശ്നങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.