പാലുണ്ണി അപകടകരമാണോ? നീക്കം ചെയ്യാൻ എന്തൊക്കെ വഴികളുണ്ട്?

Mail This Article
ചർമത്തിൽ കാണപ്പെടുന്ന ചെറിയ വളർച്ചകളെയാണ് പാലുണ്ണി എന്ന് പറയുന്നത്. കഴുത്ത്, കക്ഷം, കൺപോള, കാലിന്റെ മടക്കുകൾ എന്നിവിടങ്ങളിലെ തൊലിയിൽ നിന്ന് അല്പം തൂങ്ങി നിൽക്കുന്ന രീതിയിൽ ആവും ഇവ കാണപ്പെടുക. മിക്കവാറും ഒന്നിൽ കൂടുതൽ പാലുണ്ണികൾ ഉണ്ടാവും. തൊലിയുടെ നിറത്തിലോ, കറുത്ത നിറത്തിലോ പാലുണ്ണികൾ കാണാൻ സാധിക്കും. ചെറിയ വലുപ്പത്തിൽ തുടങ്ങി മാസങ്ങൾ എടുത്ത് ഇവ പതുക്കെ വലുതാകും. മധ്യവയ്സ്കരിൽ ആണ് പാലുണ്ണികൾ കൂടുതലായി കാണുന്നത്.
കാരണം?
∙ശരീര ഭാരം കൂടുതൽ ഉള്ളവരിൽ ആണ് പാലുണ്ണികൾ ധാരാളമായി കാണുന്നത്. ശരീരത്തിൽ കൂടുതൽ ഉള്ള കൊഴുപ്പ് കഴുത്ത്, കക്ഷം പോലുള്ള സ്ഥലങ്ങളിൽ തൊലിയുടെ കട്ടി കൂടുന്നതിനും തുടർന്ന് ചർമത്തിൽ നിന്ന് വളർച്ചകൾ ഉണ്ടാകുന്നതിനും കാരണമാകും. ഈ തരത്തിൽ ഉണ്ടാകുന്ന പാലുണ്ണികൾ പ്രമേഹം, ഹൃദ്രോഗം പോലുള്ള ജീവിത ശൈലി രോഗങ്ങൾക്കുള്ള സാധ്യതയെ കാണിക്കുന്നു.
∙തൈറോയ്ഡ് രോഗങ്ങൾ, സ്ത്രീകളിൽ ഉണ്ടാകാവുന്ന ഹോർമോൺ രോഗങ്ങൾ, ഗർഭകാലം എന്നിവയുടെ ഭാഗമായും പാലുണ്ണി ശരീത്തിൽ ഉണ്ടാകാറുണ്ട്. ചിലരിൽ ജന്മനാ പാലുണ്ണികൾ കണ്ടു വരാറുണ്ട്.
പാലുണ്ണി ആരോഗ്യത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുമോ?
∙സ്വകാര്യഭാഗങ്ങളിൽ പാലുണ്ണി വലുതാകുന്നത് അസ്വസ്ഥത ഉണ്ടാക്കാം. വലുപ്പം കൂടും തോറും മുറിവുകൾ ഉണ്ടാകുന്നതിനും അണുബാധയുണ്ടാകുന്നതിനും കാരണമാകുന്നു.
∙ പലരും പാലുണ്ണി കളയുന്നതിനായി പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. പാലുണ്ണിയിൽ തലമുടി കെട്ടിയിട്ടു ഇവയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് മുറിവുണ്ടാകാനും കൂടുതൽ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. അതുപോലെ പാലുണ്ണിയുടെ മുകളിൽ ആസിഡ് ഒഴിക്കുന്നത് അണുബാധയ്ക്കും പിന്നീട് കറുത്ത പാടുകൾക്കും ഇടയാകുന്നു. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി പാലുണ്ണി നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നവർ ആരോഗ്യവിദഗ്ധന്റെ സഹായം തേടുന്നതാണ് നല്ലത്.
പാലുണ്ണി കാൻസറിനു കാരണമാകുമോ?
പാലുണ്ണി കാൻസറിലേക്ക് നയിക്കുന്നത് വിരളമാണ്. എങ്കിലും അമിതമായി വലുപ്പം വയ്ക്കുന്നതും,രക്തം വരുന്നതുമായ പാലുണ്ണികൾ ചർമ രോഗ വിദഗ്ധനെ (Dermatologist) കാണിക്കേണ്ടതാണ്.
പാലുണ്ണി പടരുമോ?
പാലുണ്ണി പടരില്ല. എങ്കിലും അമിതമായ ശരീരഭാരം, പൊണ്ണത്തടി തുടങ്ങിയ കാരണങ്ങളാൽ പുതിയത് വരാവുന്നതാണ്.
പാലുണ്ണിയും, കാക്കപ്പുള്ളി, അരിമ്പാറ എന്നിവ ഒന്നാണോ?
അല്ല. കാക്കപ്പുള്ളികൾ ചെറിയ കുത്ത്, പാടുകളായിയിട്ടോ, പരന്ന തടിപ്പുകളായിട്ടോ ആവും കാണുക. വൈറൽ ബാധ മൂലം ഉണ്ടാവുന്ന അരിമ്പാറകൾ പാലുണ്ണികളിൽ നിന്ന് വേർതിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അത് നേരിട്ട് മനസിലാക്കാൻ ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ ഒരു ചർമരോഗ വിദഗ്ധനെ സമീപിക്കുന്നതാണ് നല്ലത്.

ചികിത്സ രീതികൾ
പാലുണ്ണികൾ നീക്കം ചെയ്യാൻ പല തരത്തിലുള്ള ചികിത്സകൾ ലഭ്യമാണ്. അണുബാധ തടയുന്നതിനുള്ള മാർഗങ്ങൾ സ്വീകരിച്ചു വേണം ഇവൻ നീക്കം ചെയ്യാൻ.
1. ഇലക്ട്രോ സർജറി - റേഡിയോ ഫ്രീക്ൻസി അബ്ലേഷൻ
2. ക്രയോതെറാപ്പി
3. ലേസർ അബ്ലേഷൻ
ചില മരുന്നുകൾ ഉപയോഗിച്ചും ചെറിയ പാലുണ്ണികൾ നീക്കം ചെയ്യാൻ സാധിക്കും. അനുയോജ്യമായ ചികിത്സ ചർമ രോഗ വിദഗ്ധനെ സമീപിച്ചു ചെയ്യാവുന്നതാണ്.
(ലേഖകൻ എസ്തറ്റിക് ഡെർമറ്റോളജിസ്റ്റ് ആണ്)