ഏഴാമനായി എത്തി മോഹിപ്പിച്ചെങ്കിലും ധോണിക്കും രക്ഷിക്കാനായില്ല, ‘തല താഴ്ത്തി’ ചെന്നൈ; രാജസ്ഥാന് സീസണിലെ ആദ്യ ജയം– വിഡിയോ

Mail This Article
ഗുവാഹത്തി∙ ചെന്നൈ സൂപ്പർ കിങ്സിന് അവസാന ഓവറിൽ വിജയത്തിലേക്ക് 20 റൺസ്. ബോൾ ചെയ്യുന്നത് രാജസ്ഥാന്റെ വെറ്ററൻ താരം സന്ദീപ് ശർമ. ക്രീസിൽ സാക്ഷാൽ മഹേന്ദ്രസിങ് ധോണി. ഐപിഎലിൽ അവസാന ഓവറിൽ ഇതിലും വലിയ മഹേന്ദ്രജാലങ്ങൾ സമ്മാനിച്ചിട്ടുള്ള ‘തല’ ഇത്തവണയും ടീമിന്റെ രക്ഷകനാകുമെന്ന ചെന്നൈ ആരാധകരുടെ പ്രതീക്ഷകൾ തകർത്ത്, ആദ്യ പന്തിൽത്തന്നെ ധോണി മടങ്ങി. തുടർന്നുള്ള അഞ്ച് പന്തുകളിലും ചെന്നൈ ആഗ്രഹിച്ച ‘മാജിക്’ സംഭവിക്കാതെ പോയതോടെ, ഐപിഎൽ 18–ാം സീസണിൽ രാജസ്ഥാൻ റോയൽസിന് ആദ്യ ജയം.
ആവേശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ ആറു റൺസിനാണ് രാജസ്ഥാൻ തകർത്തത്. സീസണിൽ മൂന്നു മത്സരങ്ങളിൽനിന്ന് ചെന്നൈയുടെ രണ്ടാം തോൽവിയാണിത്. വിജയത്തോടെ രാജസ്ഥാൻ റോയൽസ് അവസാന സ്ഥാനത്തുനിന്ന് ഒരു പടി മുന്നോട്ടു കയറി ഒൻപതാം സ്ഥാനത്തെത്തി. ചെന്നൈ സൂപ്പർ കിങ്സിനും രണ്ടു പോയിന്റാണെങ്കിലും മികച്ച റൺറേറ്റിന്റെ മികവിൽ ഏഴാം സ്ഥാനത്തുണ്ട്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 182 റൺസ്. ചെന്നൈ സൂപ്പർ കിങ്സിന്റെ മറുപടി 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 176 റൺസിൽ അവസാനിച്ചു. 44 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 63 റൺസെടുത്ത ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദാണ് ചെന്നൈയുടെ ടോപ് സ്കോറർ. ഇത്തവണ ഏഴാമനായി ഇറങ്ങിയ ധോണി 11 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 16 റൺസെടുത്ത് പുറത്തായി. രവീന്ദ്ര ജഡേജ 22 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 32 റൺസുമായി പുറത്താകാതെ നിന്നു.
രാഹുൽ ത്രിപാഠി (19 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 23), ശിവം ദുബെ (10 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 18), വിജയ് ശങ്കർ (ആറു പന്തിൽ ഒരു സിക്സ് സഹിതം ഒൻപത്), രചിൻ രവീന്ദ്ര (0), ജയ്മി ഓവർട്ടൻ (നാലു പന്തിൽ ഒരു സിക്സ് സഹിതം പുറത്താകാതെ 11) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ആറാം വിക്കറ്റിൽ ധോണി – ജഡേജ സഖ്യം 20 പന്തിൽ 35 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ചെന്നൈ തോൽവിയിലേക്ക് കൂപ്പുകുത്തിയത്.
രാജസ്ഥാനായി നാല് ഓവറിൽ 35 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ വാനിന്ദു ഹസരംഗയുടെ പ്രകടനം ശ്രദ്ധേയമായി. ജോഫ്ര ആർച്ചർ മൂന്ന് ഓവറിൽ 13 റൺസ് വഴങ്ങിയും സന്ദീപ് ശർമ നാല് ഓവറിൽ 42 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.
∙ റാണ, രാജസ്ഥാന്റെ രാജ!
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസ് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിസാണ് 182 റൺസെടുത്തത്. വൺഡൗണായി ക്രീസിലെത്തി അർധ സെഞ്ചറി നേടിയ നിതീഷ് റാണയുടെ ഇന്നിങ്സാണ് രാജസ്ഥാനെ മികച്ച സ്കോറിലെത്തിച്ചത്. 36 പന്തുകൾ നേരിട്ട റാണ 81 റൺസാണ് അടിച്ചെടുത്തത്. അഞ്ച് സിക്സുകളും 10 ഫോറുകളും റാണ അടിച്ചുകൂട്ടി.
റിയാൻ പരാഗ് (28 പന്തിൽ 37), സഞ്ജു സാംസൺ (16 പന്തിൽ 20), ഷിമ്രോൺ ഹെറ്റ്മിയർ (16 പന്തിൽ 19) എന്നിവരാണ് രാജസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ. സ്കോർ നാലിൽ നിൽക്കെ സ്പിന്നർ ഖലീൽ അഹമ്മദിന്റെ പന്തിൽ യശസ്വി ജയ്സ്വാളിനെ രാജസ്ഥാനു നഷ്ടമായി. തൊട്ടുപിന്നാലെ വന്ന നിതീഷ് റാണ വെടിക്കെട്ടിനു തിരികൊളുത്തിയതോടെ പവര്‍പ്ലേയിൽ രാജസ്ഥാൻ നേടിയത് 79 റൺസ്. നൂർ അഹമ്മദിനെ സിക്സർ പറത്താനുള്ള സഞ്ജുവിന്റെ ശ്രമം രചിൻ രവീന്ദ്രയുടെ ക്യാച്ചിലാണ് അവസാനിച്ചത്.
12–ാം ഓവറിൽ തന്ത്രപൂര്‍വമാണ് ചെന്നൈ റാണയെ മടക്കിയത്. അശ്വിന്റെ പന്ത് വൈഡ് ആയി ധോണിയുടെ കൈകളിലെത്തിയപ്പോൾ റാണ ക്രീസിനു വെളിയിലെത്തിയിരുന്നു. അതിവേഗത്തിൽ ധോണി സ്റ്റംപ് ചെയ്തപ്പോൾ നിരാശയോടെ നോക്കിനില്‍ക്കാൻ മാത്രമാണു റാണയ്ക്കു സാധിച്ചത്. പിന്നാലെയെത്തിയ ധ്രുവ് ജുറേൽ (മൂന്ന്), വാനിന്ദു ഹസരംഗ (നാല്), ജോഫ്ര ആർച്ചർ (പൂജ്യം), ഇംപാക്ട് പ്ലേയർ കുമാർ കാർത്തികേയ (ഒന്ന്) എന്നിവരെല്ലാം ബാറ്റിങ്ങിൽ നിരാശപ്പെടുത്തി. ചെന്നൈ സൂപ്പർ കിങ്സിനായി ഖലീൽ അഹമ്മദ്, നൂർ അഹമ്മദ്, മതീഷ പതിരാന എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.