കോപ്പ ഡെൽ റേ കലാശപ്പോരിന് എൽ ക്ലാസിക്കോ ആവേശം; അത്ലറ്റിക്കോയെ 1–0ന് വീഴ്ത്തി ബാർസ ഫൈനലിൽ, എതിരാളികൾ റയൽ

Mail This Article
മഡ്രിഡ്∙ ആകെ എട്ടു ഗോളുകൾ പിറന്ന ആദ്യപാദ സെമിയിലെ ത്രില്ലർ പോരാട്ടത്തിനു ശേഷം, ഒരേയൊരു ഗോൾ മാത്രം പിറന്ന ‘ശാന്തമായ’ രണ്ടാം പാദ സെമിയിൽ അത്‍ലറ്റിക്കോ മഡ്രിഡിനെ മറികടന്ന് ബാർസിലോന കോപ്പ ഡെൽറേ ഫുട്ബോളിന്റെ ഫൈനലിൽ. 27–ാം മിനിറ്റിൽ ലമീൻ യമാലിന്റെ പാസിൽനിന്ന് ഫെറാൻ ടോറസ് നേടിയ ഏകക ഗോളിലാണ് ബാർസ അത്‍ലറ്റിക്കോ മഡ്രിഡിനെ വീഴ്ത്തിയത്. കോപ്പ ഡെൽറേ കലാശപ്പോരിന് എൽ ക്ലാസിക്കോയുടെ ആവേശം കൂടി സമ്മാനിച്ചാണ് ബാർസയുടെ ഫൈനൽ പ്രവേശം.
ഏപ്രിൽ 26ന് സെവിയ്യയിൽ നടക്കുന്ന ഫൈനലിൽ റയൽ മഡ്രിഡാണ് ബാർസയുടെ എതിരാളികൾ. റയൽ സോസിദാദിനെ ഇരു പാദങ്ങളിലുമായി 5–4ന് മറികടന്നാണ് റയൽ ഫൈനലിലെത്തിയത്.
ബദ്ധവൈരികളായ റയൽ മഡ്രിഡിന്റെ ഫൈനൽപ്രവേശനത്തിന്റെ എതിർദിശയിലാണ് ബാർസയുടെ ഫൈനൽ പ്രവേശനമെന്ന പ്രത്യേകത കൂടിയുണ്ട്. ആദ്യ പാദ സെമിയിൽ റയൽ സോസിദാദിനെതിരെ അവരുടെ തട്ടകത്തിൽ 1–0ന് ജയിച്ച റയൽ മഡ്രിഡ്, സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ സെമിയിൽ 4–4ന് സമനില പിടിച്ചാണ് ഇരുപാദങ്ങളിലുമായി 5–4ന്റെ ലീഡോടെ ഫൈനലിൽ കടന്നത്. മറുവശത്ത്, സ്വന്തം തട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ പൊരുതിക്കളിച്ച അത്‌ലറ്റിക്കോ മഡ്രിഡിനെ 4–4ന് സമനിലയിൽ തളച്ച ബാർസ, അവരുടെ തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ 1–0ന് ജയിച്ചാണ് ആകെ 5–4ന്റെ ലീഡുമായി ഫൈനലിൽ കടന്നത്.
നേരത്തെ, റയൽ മഡ്രിഡിന്റെ സ്വന്തം തട്ടകമായ സാന്തിയാഗോ ബെർണബ്യൂവിൽ നടന്ന രണ്ടാം പാദത്തിൽ നിശ്ചിത സമയത്ത് സോസിദാദ് 4–3ന് മുന്നിലായിരുന്നു. ഇരുപാദങ്ങളിലുമായി സ്കോർ 4–4 സമനിലയിലായതോട മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നു. എക്സ്ട്രാ ടൈമിന്റെ അവസാന പകുതിയിൽ അന്റോണിയോ റൂഡിഗറാണ് മഡ്രിഡിന്റെ സമനില ഗോൾ നേടിയത്. എൻഡ്രിക് (30–ാം മിനിറ്റ്), ജൂഡ് ബെലിങ്ങാം (82), ഔറെലിയാൻ ചുവമെനി (86) എന്നിവരും റയലിനായി ലക്ഷ്യം കണ്ടു.
