മാന്ദ്യഭീതിയിൽ തകർന്നടിഞ്ഞ് ഏഷ്യൻ വിപണികൾ, ഇന്ത്യ വിക്സ് മുന്നേറിയത് 60%വരെ

Mail This Article
ഇന്ത്യയുടെ പരിഭ്രാന്തി സൂചികയായ ഇന്ത്യ വിക്സ് ഇന്ന് മാത്രം 68% വരെ മുന്നേറി 13ൽ നിന്നും 23ൽ എത്തിയതോടെ ഇന്ത്യൻ വിപണി ഇന്ന് അഞ്ച് ശതമാനത്തിൽ കൂടുതൽ നഷ്ടം നേരിട്ടു. ട്രംപിന്റെ പകരചുങ്കത്തിന് ചൈന പ്രതികാരതീരുവയുമായി വന്നതോടെ ഇന്ന് ചൈനീസ് വിപണിയും തകർന്നു പോയി. ചൈന 10% വരെ വീണപ്പോൾ ഹോങ്കോങ്ങിന്റെ ഹാൻസെങ് സൂചിക 12% നഷ്ടം നേരിട്ടു. ജപ്പാന്റെ നിക്കായി സൂചിക 7.68 %വും, കൊറിയയുടെ കോസ്‌പി സൂചിക 5.57%വും നഷ്ടം കുറിച്ചു.
യൂറോപ്യൻ വിപണികളും അമേരിക്കൻ ഫ്യൂച്ചറുകളും നഷ്ടത്തിൽ നിന്നും കരകയറുന്നത് പ്രതീക്ഷയാണ്. അമേരിക്കൻ വിപണിക്ക് തിരിച്ചു വരവ് നടത്താനായാൽ മാത്രമേ മറ്റ് വിപണികൾക്കും നാളെ തിരിച്ചു വരവ് സാധ്യമാകൂ.

നിഫ്റ്റി 21743 പോയിന്റ് വരെ വീണ ശേഷം തിരിച്ചു കയറി 742 പോയിന്റ് നഷ്ടത്തിൽ 22161 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 2226 പോയിന്റ് നഷ്ടത്തിൽ 73137 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
ഇന്ത്യൻ വിപണിയിലെ മറ്റെല്ലാ സെക്ടറുകളും ഇന്ന് 3%ൽ കൂടുതൽ നഷ്ടം കുറിച്ചപ്പോൾ നിഫ്റ്റി ഐടിയും, ഫാർമയും, എനർജിയും മാത്രമാണ് നഷ്ടം 3%ൽ താഴെ ഒതുക്കിയത്. മെറ്റൽ സൂചിക 6.8%വും, നിഫ്റ്റി റിയൽറ്റി 5.7%വും നഷ്ടമാണ് ഇന്ന് കുറിച്ചത്.
ഐഎംഎഫ്, ഡബ്ല്യുടിഒ
അമേരിക്കയുടെ ഉയർന്ന നിരക്കിലുള്ള തീരുവകൾ ചൈനയും യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരയുദ്ധത്തിനും തുടർന്ന് ആഗോള വ്യാപാര വീഴ്ചക്കും വഴിവയ്ക്കുമെന്ന് രാജ്യാന്തര നാണ്യനിധിയും, ലോക വ്യാപാര സംഘടനയും അഭിപ്രായപ്പെട്ടത് ലോകവിപണിക്ക് ക്ഷീണമായി.
വ്യാപാര യുദ്ധ സാഹചര്യത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചയിൽ 30 ബേസിസ് പോയിന്റ് കുറവാണ് ഗോൾഡ്മാൻ സാക്‌സ് അനുമാനിക്കുന്നത്.
ട്രേഡ് ഡീൽ സാധ്യത
മറ്റാരേക്കാളും വേഗത്തിൽ ഇന്ത്യയുമായി അമേരിക്കക്ക് ട്രേഡ് ഡീലിലെത്താൻ സാധിക്കുമെന്നത് മാത്രമാണ് ഇന്ത്യൻ വിപണിയുടെയും പ്രതീക്ഷ. നിലവിലെ സാഹചര്യത്തിൽ അമേരിക്ക ഇന്ത്യയുമായി വ്യാപാരക്കരാറിലെത്താൻ കൂടുതൽ സാധ്യതയുണ്ടെന്നതും, വ്യാപാരക്കരാർ ചർച്ചകൾ പുരോഗണിക്കുന്നുണ്ടെന്നതും ഇന്ത്യക്കും അമേരിക്കക്കും സാധ്യതയാണ്.
ചൈനയെപ്പോലെ ഇന്ത്യ പ്രതികാരച്ചുങ്കവുമായി മുന്നോട്ട് പോകില്ല, പകരം അമേരിക്കയുമായി ചർച്ചയിലൂടെ പരിഹാരത്തിലെത്താനാണ് ശ്രമിക്കുന്നതെന്ന് സൂചനയും വന്നു കഴിഞ്ഞു.

ആർബിഐ
ഇന്നാരംഭിച്ച ആർബിഐയുടെ പണനയാവലോകന യോഗത്തിന്റെ തീരുമാനങ്ങൾ ബുധനാഴ്ച ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും. മാറിയ സാഹചര്യത്തിൽ ഇന്ത്യയുടെ വ്യാവസായിക മുന്നേറ്റം സാധ്യമാക്കുന്ന പണനയ തീരുമാനങ്ങളുമായി ആർബിഐ മുന്നോട്ട് വരാനുള്ള സാധ്യത കൂടുതലാണ്. അമേരിക്കൻ ഫെഡ് റിസർവ് നയങ്ങളിൽ വന്നേക്കാവുന്ന മാറ്റങ്ങളും രൂപ ഇന്ന് വീണ്ടും വീണതും ആർബിഐ കണക്കിലെടുത്തേക്കും.അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ 85.78/- നിരക്കിലാണ് വ്യാപാരം തുടരുന്നത്.
സിപിഐ, ഫെഡ് മിനുട്സ്
അമേരിക്കയുടെയും ഇന്ത്യയുടേയും സിപിഐ ഡേറ്റകൾ ഈയാഴ്ച വരാനിരിക്കുന്നത് വിപണിക്ക് പ്രധാനമാണ്. വ്യാഴാഴ്ച ചൈനയുടെയും അമേരിക്കയുടെയും സിപിഐ ഡേറ്റ പുറത്ത് വരുന്നു. വെള്ളിയാഴ്ച ഇന്ത്യയുടെ സിപിഐ ഡേറ്റയും പ്രഖ്യാപിക്കുന്നു.
സ്വർണം
ഫെഡ് റിസർവ് ചെയർമാന്റെ വെള്ളിയാഴ്ചത്തെ പ്രസ്താവനകൾ സ്വർണത്തിന്റെ അതിമുന്നേറ്റത്തിന് തടയിട്ടു. എങ്കിലും ഇന്ന് ഏഷ്യൻ വിപണി സമയത്ത് മുന്നേറിയ സ്വർണഅവധി 3050 ഡോളറിലാണ് തുടരുന്നത്.
ക്രൂഡ് ഓയിൽ
ഒരാഴ്ച കൊണ്ട് 12%ൽ കൂടുതൽ വീണ ബ്രെന്റ് ക്രൂഡ് ഓയിൽ 63 ഡോളറിലാണ് വ്യാപാരം തുടരുന്നത്. മാന്ദ്യ ഭീഷണിയും, ചൈനയുടെ പ്രതികാരച്ചുങ്കവും ക്രൂഡ് ഓയിലിന് തുടർവീഴ്ച നൽകിയേക്കും. നാച്ചുറൽ ഗ്യാസ് ഒരാഴ്ച കൊണ്ട് 10% വീണു.
മാന്ദ്യഭീതിയിൽ തകർന്ന് മെറ്റൽ
രാജ്യാന്തര വിപണിയിൽ ബേസ് മെറ്റലുകൾ വീഴ്ച തുടരുകയാണ്. കോപ്പർ കഴിഞ്ഞ ആഴ്ചയിൽ 13% നഷ്ടം കുറിച്ചപ്പോൾ അലുമിനിയം 7% വീണു. മറ്റെല്ലാ ലോഹങ്ങളും 8% വരെ നഷ്ടമാണ് കഴിഞ്ഞ ആഴ്ചയിൽ കുറിച്ചത്.
ഇന്ത്യൻ മെറ്റൽ ഓഹരികളും തകർച്ച തുടരുകയാണ്. ഇന്ന് മാത്രം 6.8% നഷ്ടം കുറിച്ച നിഫ്റ്റി മെറ്റൽ സൂചിക കഴിഞ്ഞ ഒരാഴ്ചയിൽ 13%ൽ കൂടുതൽ നഷ്ടമാണ് കുറിച്ചത്. സ്റ്റീൽ ഓഹരികളെല്ലാം ഇന്ന് 7%ൽ കൂടുതൽ നഷ്ടം കുറിച്ചപ്പോൾ നാഷണൽ അലുമിനിയം 8%വും, ഹിൻഡാൽകോയും വേദാന്തയും 6%ൽ കൂടുതലും വീണു.
ഐടി റിസൾട്ടുകൾ മുന്നിൽ
ഏപ്രിൽ പത്തിന് വരുന്ന ടിസിഎസിന്റെ റിസൽട്ടോടെ ഐടി വീണ്ടും ശ്രദ്ധകേന്ദ്രമാകും. അമേരിക്കൻ സാമ്പത്തിക മാന്ദ്യഭീഷണി ഇന്ത്യൻ ഐടി സെക്ടറിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്നു എന്ന ധാരണ ഐടി ഓഹരികളെ വീണ്ടും ആകർഷകമായ നിരക്കുകളിൽ എത്തിച്ചു കഴിഞ്ഞു. നാസ്ഡാക്ക് ഇന്നും വീണാൽ ഇന്ത്യൻ ഐടി വീണ്ടും ഡിസ്‌കൗണ്ട് നിരക്കുകളിൽ വരുന്നത് അവസരമാണ്. എന്നാൽ ഇന്ത്യൻ ഐടിയിൽ നിന്നും തത്കാലം വിട്ട് നിൽക്കാനാണ് ജെപി മോർഗന്റെ ഉപദേശം.
ഓട്ടോ വീഴ്ച്ച
ടാറ്റ മോട്ടോഴ്സിന്റെ നേതൃത്വത്തിൽ വൻ തകർച്ച നേരിട്ട ഓട്ടോ സെക്ടർ വിപണിയുടെ അവസാന ഘട്ടത്തിലെ വാങ്ങലിന്റെ പിൻബലത്തിൽ നഷ്ടവ്യാപ്തി കുറച്ചു. നിഫ്റ്റി ഓട്ടോ സൂചിക 3.78% നഷ്ടത്തിൽ 19815 പോയിന്റിലാണ് ചെയ്തത്.
ടാറ്റയുടെ ജെഎൽആറിന് അവരുടെ ഏറ്റവും പ്രധാന വിപണിയായ അമേരിക്കയിൽ ഉല്പാദനകേന്ദ്രം ഇല്ലെന്നത് ടാറ്റ മോട്ടോഴ്സിന് തകർച്ചയിൽ നിർണായകമായി.
സീമെൻസ് വിഭജനം
സീമെൻസ് എനർജി ലിമിറ്റഡ് ഓഹരി വിഭജനത്തിന് ശേഷം സീമെൻസ് ഓഹരി ഇന്ന് 20% അപ്പർ സർക്യൂട്ട് നേടിയിരുന്നു. സീമെൻസ് ലിമിറ്റഡ് 2812 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സീമെൻസ് എനർജി ലിമിറ്റഡ് കൂടി ഇനി ലിസ്റ്റ് ചെയ്യപ്പെടും.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക