ADVERTISEMENT

ഒരൊറ്റ മോഡല്‍ കൊണ്ട് വൈദ്യുത സ്‌കൂട്ടര്‍ വിപണിയില്‍ അത്ഭുതം തീര്‍ക്കുകയാണ് ബജാജ് ചേതക്. മാര്‍ച്ചിലെ കണക്കു പുറത്തുവന്നതോടെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ അവസാനപാദ വില്‍പനയിലാണ് ബജാജ് ചേതക് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ഇക്കാലയളവില്‍ ഇന്ത്യന്‍ വൈദ്യുത ഇരുചക്രവാഹന വിപണിയില്‍ 29 ശതമാനവും ബജാജ് ചേതക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുത ഇരുചക്ര വാഹന വിപണിയായ മഹാരാഷ്ട്രയിലെ വില്‍പനയില്‍ 50 ശതമാനം നേടാനും ബജാജ് ചേതക്കിന് സാധിച്ചു. ഇവി, സിഎന്‍ജി വാഹന വില്‍പനയിലൂടെയാണ് വരുമാനത്തിന്റെ 40 ശതമാനം നേടിയതെന്നതും ബജാജിന് അഭിമാനമായി. 

മാര്‍ച്ചിലെ വില്‍പനയിലും ബജാജ് ചേതക് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ 34,863 ചേതക് ഇവികളാണ് ബജാജ് വിറ്റത്. ടിവിഎസ്, ഒല, ഏഥര്‍, ഹീറോ എന്നിങ്ങനെയുള്ള മുന്‍നിര കമ്പനികളെ പിന്നിലാക്കിയാണ് ബജാജിന്റെ ചേതക് ഇവിയുടെ കുതിപ്പ്. വ്യത്യസ്ത വകഭേദങ്ങളുണ്ടെങ്കിലും ചേതക് ഇവി എന്ന ഒരൊറ്റ മോഡല്‍ മാത്രമാണ് ബജാജ് വൈദ്യുത സ്‌കൂട്ടറായി പുറത്തിറക്കുന്നത്. ഇതേ മാതൃക പിന്തുടരുന്ന ടിവിഎസ് മാര്‍ച്ചിലെ വില്‍പനയില്‍ രണ്ടാമതും ഹീറോ മോട്ടോ കോര്‍പ് അഞ്ചാം സ്ഥാനത്തുമുണ്ട്. അതേസമയം ഏഥര്‍, ഒല തുടങ്ങിയ കമ്പനികള്‍ ഒന്നിലേറെ മോഡലുകള്‍ വിപണിയിലെത്തിക്കുന്നുണ്ട്. 

'ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കാനായതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഐസിഇയില്‍ നിന്നും വൈദ്യുതിയിലേക്കു മാറിയപ്പോഴും ഉപഭോക്താക്കളുടെ പ്രിയകമ്പനിയായി ചേതക് തുടരുകയാണ്. ഇരുചക്രവാഹന വിപണിയില്‍ മാത്രമല്ല മുച്ചക്ര വിപണിയിലും ബജാജ് ഓട്ടോ ഇവി വിപ്ലവത്തിന്റെ മുന്നിലുണ്ട്'  ബജാജ് ഓട്ടോ ലിമിറ്റഡ് അര്‍ബനൈറ്റ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് എറിക് വാസ് പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം രണ്ടു ലക്ഷം വൈദ്യുത സ്‌കൂട്ടറുകള്‍ വില്‍ക്കാന്‍ ബജാജിന് സാധിച്ചിരുന്നു. 29 സീരീസും 35 സീരീസുമാണ് ബജാജ് വില്‍പനക്കെത്തിക്കുന്ന ചേതക് ഇവി മോഡലുകള്‍ രാജ്യമൊട്ടാകെയുള്ള 3,800 സെയില്‍സ് ആന്റ് സര്‍വീസ് ഔട്ട്‌ലെറ്റുകളും ബജാജിന്റെ നേട്ടത്തിന് സഹായകരമായിട്ടുണ്ട്. ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച ചേതക് എന്ന വിശേഷണത്തോടെയാണ് ചേതക് 35 സീരീസ് ഇവിയെ ബജാജ് പുറത്തിറക്കിയത്. 1.22 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില. 3.5 കിലോവാട്ട് ബാറ്ററിയുള്ള ഈ ചേതക് ഇവിക്ക് 153 കിലോമീറ്ററാണ് റേഞ്ച്. ചേതക് 29 സീരീസിന്റെ വില 99,998 രൂപ മുതലാണ് ആരംഭിക്കുന്നത്. റേഞ്ച് 123 കിലോമീറ്ററും പരമാവധി വേഗത മണിക്കൂറില്‍ 63 കിലോമീറ്ററും. 2.88 കിലോവാട്ട് ലിത്തിയം അയേണ്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ നാലര മണിക്കൂര്‍ മതിയാവും.

മാര്‍ച്ചില്‍ 34,863 യൂണിറ്റ് വില്‍പനയുമായി ബജാജ് ഒന്നാമതെത്തിയപ്പോള്‍ ടിവിഎസ് മോട്ടോര്‍ 30,453 യൂണിറ്റുകള്‍ വിറ്റ് രണ്ടാം സ്ഥാനം നേടി. മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങള്‍ യഥാക്രമം ഒല ഇലക്ട്രിക്(23,430), ഏഥര്‍ എനര്‍ജി(15,446), ഹീറോ മോട്ടോ കോര്‍പ്(7,977) എന്നീ കമ്പനികളും സ്വന്തമാക്കി.

English Summary:

Single Model, Massive Success: Bajaj Chetak's Electric Domination

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com