ആർബിഐ അവലോകനത്തെ ഇപ്പോൾ വേലികെട്ടി തിരിക്കണോ? റീപോ നിരക്ക് കുറയുമോ?

Mail This Article
ഇന്ത്യൻ സമ്പദ് വ്യവസ്ഥ മറ്റു രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകളോട് ആശ്രയിച്ചു നില്‍ക്കേണ്ടതില്ല എന്ന ആത്മവിശ്വാസമാണ് കഴിഞ്ഞ വർഷങ്ങളിൽ റിസർവ് ബാങ്ക് മോണിറ്ററി പോളിസി തീരുമാനങ്ങളിലൂടെ കൈക്കൊണ്ടത്. ആ നിലപാട് ഒട്ടൊക്കെ ശരിയായിരുന്നു എന്ന് വിലക്കയറ്റ നിയന്ത്രണത്തിലൂടെയും പണലഭ്യതയിലൂടെയും കാണാൻ കഴിയുകയും ചെയ്തു.
എന്നാൽ അമേരിക്കയിൽ പുതിയ പ്രസിഡന്റിന്റെ തീരുമാനങ്ങൾ വിശേഷിച്ച്, രാജ്യാന്തര കച്ചവടത്തിലെ തീരുവ സംബന്ധിയായ തീരുമാനങ്ങൾ, ആഗോളാടിസ്ഥാനത്തിൽ ചലനങ്ങൾ സൃഷ്ടിക്കുകയാണ്. അത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയേയും നേരിട്ട് ബാധിക്കും. ഇങ്ങനെ മുൻ നിലപാടിൽ ഒരു പുനർ ചിന്ത വേണ്ടിവന്നേക്കാം എന്ന സാമ്പത്തിക രാഷ്ട്രീയ ചുറ്റുപാടിലാണ് ഇത്തവണ ആർബിഐ പണവലോകനയോഗം ഇന്നാരംഭിച്ചത്.
.jpg)
അതിനിടയിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ തീർത്തും വേലി കെട്ടി തിരിച്ച് കൊണ്ടുള്ള ഒരു അവലോകനത്തിന് ഇത്തവണ പ്രസക്തിയില്ല. അതേ സമയം ഫെബ്രുവരിയിൽ നിരക്ക് കുറക്കുവാൻ തീരുമാനമെടുത്ത സമയത്ത് മോണിറ്ററി പോളിസി കമ്മിറ്റിയുടെ റഡാറിൽ ഉണ്ടായിരുന്ന കാരണങ്ങൾക്ക് കുറച്ചൂടെ ശക്തി നൽകുന്ന കണക്കുകളാണിപ്പോൾ ഉള്ളത്.
വിലക്കയറ്റനിരക്ക് താഴെ
വിലക്കയറ്റനിരക്ക് നാല് ശതമാനത്തിൽ താഴെയാണെന്നത് നിരക്ക് കുറയ്ക്കുവാൻ തക്ക കാരണമാണ്. റിസർവ് ബാങ്ക് മുന്നിൽ കാണുന്ന 4.8 ശതമാനത്തിൽ 2024 - 25 നാലാം പാദത്തിൽ വിലക്കയറ്റം ക്ലോസ് ചെയ്യുവാൻ കഴിയും എന്ന് ഏറെക്കുറെ ഉറപ്പാണ്. ഇത് നിരക്ക് കുറക്കുവാൻ കമ്മിറ്റിയെ സഹായിക്കും.
പണലഭ്യത ലക്ഷ്യം വച്ചു കൊണ്ട് കേന്ദ്ര ബാങ്ക് ഒന്നിലധികം തവണ ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻ (OMO)വഴി വിപണിയിൽ നേരിട്ട് ഇടപെടുകയും ചെയ്തു. ഫെബ്രുവരിയിൽ നിരക്ക് 25 ബേസിസ് പോയിന്റുകൾ കുറച്ചതിന് ശേഷവും ഈ സപ്പോർട്ട് തുടരുകയാണ്. ഏപ്രിൽ മാസത്തിൽ മാത്രം 80,000 കോടി രൂപ നാല് ഘട്ടങ്ങളിലായി വിപണിയിൽ എത്തും. എന്നിട്ടും ബാങ്ക് വായ്പയുടെ വളർച്ച മന്ദഗതിയിലാണ്.
ഈടില്ലാത്ത വ്യക്തിഗത വായ്പകളിലും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള വായ്പകളുടെ കാര്യത്തിലും മറ്റും റിസർവ് ബാങ്ക് മാറ്റം കൊണ്ടുവന്നിട്ടില്ല എന്നതുൾപ്പടെയുള്ള കാര്യങ്ങൾ ബാങ്ക് വായ്പയുടെ അളവിൽ കുറവ് വരുത്തുവാൻ ഇടയാക്കിയിട്ടുണ്ട് എന്നത് ശരിയാണ്. എങ്കിലും ബാങ്കുകളുടെ കൈയിൽ കൂടുതൽ തുക എത്തുന്നത് നിരക്കുകൾ കുറക്കുവാനും, വായ്പ കൂട്ടുവാനും സഹായിക്കും.

കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന പുതിയ വികസന പദ്ധതികളിലേക്ക് കൂടുതൽ ബാങ്ക് വായ്പകൾ എത്തേണ്ടതുണ്ട് എന്ന് ധനമന്ത്രി ഈയിടെ ബാങ്കുകളെ ഓർമ്മിപ്പിച്ചിട്ടുണ്ട്. 2026 ലെ ആഭ്യന്തര വളർച്ച 2025 നേക്കാൾ കുറവായിരിക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അതിനാൽ വളർച്ചയെ ത്വരിതപ്പെടുത്തുവാൻ വേണ്ട മോനിറ്ററി പോളിസി തീരുമാനങ്ങള്‍ സർക്കാരിനൊപ്പം വിപണിയും ആഗ്രഹിക്കുന്നു.
ട്രംപും പവലും
ട്രംപിന്റെ തീരുവ തീരുമാനങ്ങൾ അവിടെ വിലക്കയറ്റത്തിന് ആക്കം കൂട്ടുമെന്നും സാമ്പത്തിക മാന്ദ്യം കൊണ്ടുവരുമെന്നും ഉറപ്പായിട്ടുണ്ട്. ഫെഡ് ചെയർ ജെറോം പവൽ ഇക്കാര്യം തുറന്ന് പറയുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഫെഡ് റേറ്റ് സ്വീകരിച്ചു പോരുന്ന കീഴ് വഴക്കമനുസരിച്ച് അവിടെ ഉടനെ നിരക്ക് കുറക്കുവാൻ ഇടയില്ല. എന്നാൽ ട്രംപ് നിരക്ക് തീരുമാനത്തിന് ഒരു മുഴം മുമ്പേ എറിഞ്ഞിട്ടുണ്ട്. നിരക്ക് കുറക്കുവാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് എന്നാണ് പ്രസിഡണ്ട്, ജെറോമിനോട് സോഷ്യൽ മീഡിയ വഴി പറഞ്ഞത്.
.jpg)
മാത്രമല്ല, ജെറോം ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് പൊതുവെ വൈകിയാണ് എന്ന കമെന്റും കൂട്ടത്തിൽ ചേർത്തു. പ്രസിഡന്റിന്റെ ഈ അഭിപ്രായത്തോട് ഫെഡ് ചെയർ എങ്ങനെയാണ് പ്രതികരിക്കുക എന്നത് കാത്തിരുന്നു കാണാം. ഇന്ത്യയി പുതിയ ഗവർണർ ഉത്തരവാദിത്തം ഏറ്റെടുത്ത ശേഷം നടന്ന ആദ്യത്തെ കമ്മിറ്റിയിൽ തന്നെ, ചില പ്രതികൂല കാരണങ്ങളുണ്ടായിരുന്നിട്ടും നിരക്ക് കുറക്കുകയാണ് ഉണ്ടായത്. എന്നിരിക്കെ, വിലക്കയറ്റ നിരക്കുകൾ കുറേക്കൂടെ നിയന്ത്രണത്തിൽ എത്തിയിരിക്കുന്ന ഈ ചുറ്റുപാടിൽ മറ്റൊരു നിലപാട് പ്രതീക്ഷിക്കേണ്ടതില്ല.
മോനിറ്ററി പോളിസി കമ്മിറ്റി ഇത്തവണ ഏറ്റവും കുറഞ്ഞത് മറ്റൊരു 25 ബേസിസ് പോയിന്റ് കുറവ് റീപോ നിരക്കിൽ പ്രഖ്യാപിക്കും. നിരക്ക് മാറ്റത്തിലെ ഈ ദിശ പുതിയ സാമ്പത്തിക വർഷവും തുടരുമോ എന്നത് അടുത്ത മാസങ്ങളിൽ ഉരുത്തിരിഞ്ഞു വരുന്ന ആഗോള രാഷ്ട്രീയ – സാമ്പത്തിക സാഹചര്യങ്ങളെ അനുസരിച്ചിരിക്കും.
ലേഖകൻ ഫെഡറൽ ബാങ്കിലെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനുമാണ്. അഭിപ്രായങ്ങൾ വ്യക്തിപരം
kallarakkalbabu@gmail.com